Thursday, May 26, 2011

Melvilasom Review: പുതുവഴിയുടെ മേല്‍വിലാസം


പ്രമുഖ ഹിന്ദി നാടകകൃത്ത് സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയ മാധവ് രാംദാസിന്റെ 'മേല്‍വിലാസം' മലയാള സിനിമയില്‍ പരീക്ഷണത്തിന്റെ പുതിയ മുഖമാണ്. ഒരൊറ്റ ലൊക്കേഷനില്‍, സ്ത്രീ കഥാപാത്രങ്ങളില്ലാതെ ഒരുക്കിയിട്ടും ചിത്രം പറയേണ്ടതു പറയുന്നുണ്ട്, കാട്ടേണ്ടത് കാട്ടിത്തരുന്നുമുണ്ട്. 

മേലുദ്യോഗസ്ഥനായ ക്യാപ്റ്റന്‍ വര്‍മയെ വെടിവെച്ചു കൊല്ലുകയും മറ്റൊരു മേലുദ്യോഗസ്ഥന്‍ ബി.ഡി  കപൂറിനെ (കൃഷ്ണകുമാര്‍) വെടിവെച്ച് മാരക പരിക്കേല്‍പ്പിക്കുകയും ചെയ്ത രാമചന്ദ്രന്‍ (പാര്‍ഥിപന്‍) എന്ന ജവാന്റെ കോര്‍ട്ട് മാര്‍ഷല്‍ നടപടികളാണ് ചിത്രം പറയുന്നത്. കോര്‍ട്ട് മാര്‍ഷല്‍ ആയതു കൊണ്ട് തന്നെ പട്ടാളക്കോടതി മുറിയുടെ നാലു ചുമരുകള്‍ക്കപ്പുറം ക്യാമറ നീങ്ങുന്നില്ല. കഥ പറഞ്ഞറിയിക്കാന്‍ ഫ്ലാഷ് ബാക്കുമില്ല. രാമചന്ദ്രനു വേണ്ടി വാദിക്കാന്‍ ഡിഫന്‍സ് കൌണ്‍സലായി ക്യാപ്റ്റന്‍ വികാസ് റായ് (സുരേഷ് ഗോപി) ആണ് രംഗത്തുള്ളത്. ക്യാപ്റ്റന്‍ അജയ് സൂരി (കക്ക രവി)യാണ് വാദിഭാഗം പ്രോസിക്യൂട്ടര്‍. പ്രിസൈഡിംഗ് ഓഫീസറായ കേണല്‍ സൂരജ് സിംഗിന്റെ (തലൈവാസല്‍ വിജയ്) മേല്‍നോട്ടത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍. 

ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ഇതിനിടെയുള്ള കഥാപാത്രങ്ങളുടെ വൈകാരിക പ്രതികരണങ്ങളിലൂടെയും സംഭവിച്ചതെന്ത് എന്ന് അനാവരണം ചെയ്യാനാണ് ക്യാപ്റ്റന്‍ വികാസ് റായ് ശ്രമിക്കുന്നത്. ഇന്ത്യന്‍ സേനയിലെ ചീഞ്ഞളിഞ്ഞ ജാതി വ്യവസ്ഥയാണ് ഈയൊരു കോര്‍ട്ട് മാര്‍ഷലിലൂടെ നാടകകാരനായ സ്വദേശ് ദീപക് തുറന്നുകാട്ടുന്നത്. 

ഒറ്റ ലൊക്കേഷനുള്ള കോര്‍ട്ട് മാര്‍ഷല്‍ നാടകത്തില്‍ നിന്ന് വെള്ളിത്തിരയില്‍ എത്തുമ്പോള്‍ നേരിടാവുന്ന പരിമിതികളും പ്രതിസന്ധികളും ഒരു പരിധി വരെ മറികടന്ന് ഒരു റിയല്‍ടൈം ത്രില്ലര്‍ വിഭാഗത്തില്‍ 'മേല്‍വിലാസ'ത്തെ എത്തിക്കാനായി എന്നതാണ് സംവിധായകന്‍ മാധവ് രാംദാസിന്റെ വിജയം. ഇതേ പേരില്‍ സൂര്യാ കൃഷ്ണമൂര്‍ത്തി വര്‍ഷങ്ങളായി അവതരിപ്പിച്ചു വരുന്ന നാടകമാണ് മാധവിന് ഇക്കഥ സിനിമയാക്കാന്‍ പ്രചോദനമായത്. അതു കൊണ്ടുതന്നെ സ്വദേശ് ദീപക്കിന്റെ 'കോര്‍ട്ട് മാര്‍ഷല്‍' കുറച്ച് മാറ്റങ്ങളോടെ മലയാളീകരിച്ച സൂര്യാ കൃഷ്ണമൂര്‍ത്തിയെക്കൊണ്ട് തന്നെ അദ്ദേഹം തിരക്കഥ തയാറാക്കിച്ചതും. 

സാധാരണഗതിയില്‍ ഒരു കോടതി രംഗമാണെങ്കില്‍ പോലും കഥ പറയുമ്പോള്‍ പ്രേക്ഷകരിലേക്ക് അത് കൂടുതല്‍ കടന്നെത്താന്‍ ഫ്ലാഷ് ബാക്ക് സങ്കേതമെങ്കിലും ഉപയോഗിച്ചു  കാണാറുണ്ട്. എന്നാല്‍ 'മേല്‍വിലാസത്തി'ല്‍ ഇതൊന്നുമില്ലാതെ പരിമിതമായ വാചകങ്ങളില്‍ നടന്നതു പറഞ്ഞു പ്രേക്ഷകരെ ബോധ്യപ്പെടുത്താനാവുമെന്ന് കാട്ടിത്തരുന്നുണ്ട്. ചിത്രം സജീവമാകുമ്പോള്‍ തിരക്കഥയും സംഭാഷണങ്ങളും അവസരത്തിനൊത്തുയര്‍ന്നെങ്കിലും ആദ്യഭാഗങ്ങളില്‍ സംഭാഷണം കുറേയേറെ നാടകീയമാണ്.

ഒറ്റമുറിക്കുള്ളില്‍ ക്യാമറ ചലിപ്പിക്കുമ്പോഴുള്ള വിരസത പരമാവധി അറിയിക്കാതെ ഛായാഗ്രാഹകന്‍ ആനന്ദ് ബാലകൃഷ്ണന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലും വൈഡ് ഫ്രെയിമുകളില്‍ മുകള്‍ഭാഗം സ്ഥിരമായി ഫോക്കസ് ഔട്ടായി തോന്നി. 
അഭിനേതാക്കളില്‍ പാര്‍ഥിപനാണ് മികച്ചുനിന്നത്. ആദ്യാവസാനം ഒരു കസേര ഒരക്ഷരം ഉരിയാടെ ഇരിക്കുന്ന സവാര്‍ രാമചന്ദ്രനായി പാര്‍ഥിപന്‍ ഉചിതമായ തെരഞ്ഞെടുപ്പായിരുന്നു. ഒരു വാക്കും ഉരിയാടാതെ തന്നെ ആ മുഖത്ത് നിന്ന് കഥാപാത്രത്തിന്റെ മാനസികാവസ്ഥയും വൈകാരിക പ്രകടനങ്ങളും വായിച്ചെടുക്കാനാവും. ക്ലൈമാക്സില്‍ അദ്ദേഹത്തിന്റെ പ്രകടനവും പ്രേക്ഷകരെ പിടിച്ചുലയ്ക്കും. 

വികാസ് റായ് ആയി സുരേഷ് ഗോപിയും ശ്രദ്ധേയ സാന്നിധ്യമായി. ഒരു ഡിഫന്‍സ് കൌണ്‍സലിനു വേണ്ട ചടുലതും വാചലതയും സൂക്ഷ്മതയും പതിവുപോലെ അദ്ദേഹം കൃത്യമായി സ്ക്രീനിലെത്തിച്ചു. എങ്കിലും സ്ഥിരം ആക്ഷന്‍ ചിത്രങ്ങളില്‍ ഡയലോഗ് പറയുമ്പോഴുള്ള വിരല്‍ ചൂണ്ടിയുള്ള പ്രകടനം ഇതില്‍ അല്‍പ്പം കുറയ്ക്കാമായിരുന്നു.

ബി.ഡി കപൂറായി കൃഷ്ണകുമാറാണ് പിന്നീട് തിളങ്ങിയത്. തലൈവാസല്‍ വിജയ്, അശോകന്‍, കക്ക രവി എന്നിവരും കഥാപാത്രത്തിന് ചേരുന്നവരായി. 

എന്‍.ഹരികുമാറിന്റെ ഡി.ടി.എസ് മിക്സിംഗും ഒറ്റമുറിയില്‍ അടച്ചിട്ട കഥ പറച്ചിലിനിടെ പുറംകാഴ്ച ശബ്ദമാക്കി പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. 

ഏതാണ്ട് പൂര്‍ണമായി തന്നെ സ്വദേശ് ദീപക്കിന്റെ നാടകം അവലംബിച്ചാണ് ഒരുക്കിയിരിക്കുന്നതെങ്കിലും 'മേല്‍വിലാസം' മലയാള സിനിമയില്‍ പുതിയൊരു വഴിയാണ്, തന്റേടമാണ്. പുതു പരീക്ഷണങ്ങള്‍ക്ക് മറ്റൊരു പ്രചോദനം. 

-Review by Aashish


melvilasom, melvilasam review, suresh gopi, madhav ramdas, parthipan, thalaivasal vijay, kakka ravi, soorya krishnamoorthy

1 comments:

binish said...

malayala cinemaykku puthiyoru melvilam nalki ee melvilasam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.