Monday, May 23, 2011

Janapriyan Review: ജനപ്രിയന്‍ ബോറടിപ്പിക്കില്ല
 ഒരു ജയസൂര്യ ചിത്രത്തില്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എന്തൊക്കെയാണോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് ലളിതമായൊരു പ്രണയ കഥ ഒരുക്കാനാണ് നവാഗതനായ ബോബന്‍ സാമുവല്‍ 'ജനപ്രിയ'നിലൂടെ ശ്രമിച്ചത്. സന്ദര്‍ഭങ്ങളും വഴിത്തിരിവുകളുമെല്ലാം പലവട്ടം കണ്ടവയാണെങ്കിലും ജയസൂര്യ ചിത്രം എന്ന ലേബല്‍ കണ്ട് കാണാന്‍ കയറുന്നവരെ ഒരു പരിധിവരെ കൃഷ്ണ പൂജപ്പുരയുടെ രചനയും തൃപ്തിപ്പെടുത്തും എന്നത് ആശ്വാസമാണ്.
തൊടുപുഴക്കടുത്തെ തോനക്കാട് എന്ന ഗ്രാമത്തിലെ പ്രിയന്‍ എന്ന പ്രിയദര്‍ശന്‍ (ജയസൂര്യ) എന്തു ജോലിയും ചെയ്യാന്‍ മടിയില്ലാത്തവനാണ്, അഥവാ എല്ലാത്തരം ജോലിയും ഒരുമിച്ച് ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന തനി ഗ്രാമീണന്‍. ഇയാള്‍ക്ക് താലൂക്ക് ഓഫീസില്‍ താല്‍ക്കാലിക ഒഴിവില്‍ ക്ലര്‍ക്ക് ആയി ജോലി ലഭിച്ച് നഗരത്തില്‍ എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്.
അവിടെ ക്ലര്‍ക്കായിരുന്ന വൈശാഖന്‍ (മനോജ് കെ. ജയന്‍) സിനിമാ ഭ്രമം മൂത്ത് സംവിധായകനാകാന്‍ നിര്‍മാതാവിനേയും തേടി ലീവെടുത്ത ഒഴിവിലാണ് പ്രിയന്‍ എത്തുന്നത്. 


പണി കൃത്യമായി ചെയ്യാതെ കറങ്ങിനടന്ന വൈശാഖനു പകരം എല്ലാ വെടിപ്പായി ചെയ്യുന്ന ശുദ്ധനായ പ്രിയന്റെ വരവ് തഹസില്‍ദാര്‍ ചന്ദ്രസേനന്‍ (ലാലു അലക്സ്) ഉള്‍പ്പെടെ ഓഫീസിലെ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. 


ഇതിനിടെ താമസിക്കുന്ന ലോഡ്ജിന്റെ അടുത്ത വലിയവീട്ടിലെ മീര (ഭാമ)യെ അവിടുത്തെ ജോലിക്കാരി ആണെന്ന് കരുതി പ്രിയന്‍ പ്രണയിക്കുന്നു.


കുറച്ചുനാളുകള്‍ക്കു ശേഷം ലീവ് പിന്‍വലിച്ച് വൈശാഖന്‍ തിരികെയെത്താന്‍ ശ്രമിക്കുന്നതോടെ പ്രിയന്റെ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാവുന്നു. പിന്നങ്ങോട്ട് വൈശാഖന്റെ സിനിമാ മോഹം പൂവണിയിപ്പിക്കാനും തന്റെ ജോലി നിലനിര്‍ത്താനുമുള്ള പ്രിയന്റെ ശ്രമങ്ങളാണ് സ്ക്രീനില്‍...
സീരിയല്‍ രംഗത്തുനിന്ന് നിന്ന് സിനിമയില്‍ കാലെടുത്തുവെച്ച ബോബന്‍ സാമുവല്‍ പുതുതായൊന്നും മലയാള സിനിമക്ക് നല്‍കുന്നില്ല. എങ്കിലും പ്രേക്ഷകരെ അപ്പാടെ വെറുപ്പിക്കാതെ പിടിച്ചിരുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. ഇത്തരമൊരു ചിത്രത്തില്‍ പ്രതീക്ഷിക്കുന്ന ലളിത മുഹൂര്‍ത്തങ്ങളൊക്കെ തട്ടിക്കൂട്ടിയിട്ടുണ്ട്. എങ്കിലും പ്രേക്ഷകനെ പലവട്ടം കണ്ടുമറന്ന കഥാപരിസരവും സന്ദര്‍ഭങ്ങളും വിട്ടുള്ള കളിക്ക് ബോബന്‍ തയാറായിട്ടുമില്ല. 


'ഇവര്‍ വിവാഹിതരായാലും', 'ഹാപ്പി ഹസ്ബന്റ്സും' സകുടുംബം ശ്യാമള'യുമൊക്കെ പച്ച തൊടീച്ച കൃഷ്ണ പൂജപ്പുരയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ ട്രാക്കില്‍ തന്നെയാണ് ജനപ്രിയനെയും കൃഷ്ണ സഞ്ചരിപ്പിക്കുന്നത്. പക്ഷേ, ശുദ്ധരില്‍ ശുദ്ധനായ നായകനും, പണക്കാരിയെ വേലക്കാരിയെന്ന് കരുതുന്നതും ഒക്കെ എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്തതാണെന്ന് അദ്ദേഹത്തിന് ഓര്‍ക്കാമായിരുന്നു. അരം + അരം = കിന്നാരം, ലൗഡ് സ്പീക്കര്‍, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലെ പല രംഗങ്ങളും തീയറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തും. 


പലഘട്ടത്തിലും ചിത്രത്തില്‍ ഒഴുക്കു നഷ്ടപ്പെടുന്നതായും അനുഭവപ്പെടുന്നുണ്ട്. നായകനും നായികയും കണ്ടു പരിചയപ്പെട്ട ഉടനേ പ്രേമമായി യുഗ്മ ഗാനത്തിലേക്ക് നീങ്ങുന്നത് ഉദാഹരണം. 


ഇടുക്കിക്കാരൊക്കെ ഇത്ര നിഷ്കളങ്കരാണോ? അടുത്തിടെ കണ്ട ചില ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങളായ ഇടുക്കിയിലെ ഗ്രാമീണരെ അവതരിപ്പിക്കുന്നതു കണ്ടാല്‍ അങ്ങനെ തോന്നും. 
ജയസൂര്യയുടെ പ്രിയന്‍ എന്ന കഥാപാത്രം 'ലൌഡ് സ്പീക്കര്‍' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ മൈക്ക് എന്ന തോപ്രാം കുടിക്കാരന്റെ മാനറിസങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.


അഭിനേതാക്കളില്‍ അനായാസ പ്രകടനം കൊണ്ട് കൈയടി കൂടുതല്‍ നേടിയത് മനോജ് കെ. ജയന്റെ വൈശാഖനാണ്. കൂടുതല്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതും ഈ കഥാപാത്രം തന്നെ. 
നായികയായി ഭാമ സജീവ സാന്നിധ്യമായിരുന്നെങ്കിലും അഭിനയിക്കാനൊന്നുമില്ല. ഒപ്പം സരയുവും ഉപനായികയായി കൂടെയുണ്ടായിരുന്നു. മറ്റു കഥാപാത്രങ്ങളില്‍ ലാലു അലക്സിന്റെ തഹസില്‍ദാര്‍ക്ക് മാത്രമാണ് ആത്മാവുള്ളത്. ചെറിയ കഥാപാത്രമാണെങ്കിലും സലീംകുമാറിനെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഗൌതം ഒരുക്കിയ ഗാനങ്ങള്‍ ശരാശരിയെന്ന് പറയാം. പ്രദീപ് നായരുടെ ക്യാമറയും മോശമാക്കിയില്ല.


ഒരു കാര്യം ഉറപ്പാണ്. കോപ്രായ തമാശങ്ങള്‍ അരങ്ങു വാഴുന്ന മലയാളസിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ ലളിത ഹാസ്യം ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രത്തെ തള്ളി കളയാന്‍ ഇടയില്ല. 
ചുരുക്കത്തില്‍, കണ്ടു പഴകിയതാണെങ്കിലും ദ്വയാര്‍ഥങ്ങളില്ലാത്ത ലളിതമായ നര്‍മ മൂഹൂര്‍ത്തങ്ങളുള്ള ഒരു ജയസൂര്യ ചിത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ശരാശരി എന്റര്‍ടെയ്നറാണ് 'ജനപ്രിയന്‍'. 


- Review by Aashish
janapriyan review, janapriyan gallery, janapriyan, jayasurya, bhama, krishna poojappura, boban samuel, jagathy, sarayu, salim kumar, cinemajalakam review

3 comments:

Ramesh said...

average anennu kettu. rakshapedumo?

Meenu said...

ശരിയാണ് . കഥ പറയുന്ന രംഗങ്ങള്‍ ചതിക്കാത്ത ചന്തു തന്നെ. ഈ ജയസൂര്യക്ക് എങ്കിലും ഒന്ന് പറഞ്ഞു കൊടുത്തൂടെ ??

sanu said...

reade some other reviews here
http://bloggersworld.forumotion.in/f23-cinema

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.