Tuesday, May 31, 2011

Dheera Review: ധീര ദൃശ്യവിസ്മയം



പീരിഡ് സിനിമകള്‍ക്കും പുനര്‍ജന്മ കഥകള്‍ക്കും  പഞ്ഞമില്ലാത്ത ഇന്ത്യന്‍ സിനിമയില്‍ സാങ്കേതിക മികവാലും ജനപ്രിയ ചേരുവകളുടെ കൃത്യമായ സങ്കലനത്താലും എക്കാലത്തെയും മികച്ച പണംവാരിപ്പടമായി മാറിയ 'മഗധീര'യുടെ മലയാളം പതിപ്പും പ്രേക്ഷകരെ രസിപ്പിക്കും. മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാനാവാത്ത സാങ്കേതിക മികവ് നല്‍കുന്ന ദൃശ്യഭംഗിയാകും താരതമ്യേന പുതുമുഖമായ രാം ചരണ്‍ തേജ നായകനാകുന്ന ഈ ചിത്രത്തെ കേരളത്തിലും ആകര്‍ഷകമാക്കുന്നത്. 

400 വര്‍ഷം മുമ്പ് സഫലമാകാതെപോയ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി പുനര്‍ജനിക്കുന്ന നായകനും നായികയും പ്രതിനായകനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍. 

ഉദയഗിരി സാമ്രാജ്യത്തിലെ സൈന്യാധിപനാണ് കാല ഭൈരവന്‍ (രാം ചരണ്‍). അവിടുത്തെ രാജകുമാരി മിത്ര (കാജല്‍ അഗര്‍വാള്‍) ഭൈരവനെ പ്രണയിക്കുന്നു. അതേസമയം തന്നെ അവളുടെ മുറച്ചെറുക്കന്‍ രണദേവ ബില്ലയും (ദേവ് ഗില്‍) അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഷേര്‍ ഖാന്‍ എന്ന ചക്രവര്‍ത്തി രാജ്യം ആക്രമിക്കാനൊരുങ്ങുന്നു. 

ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവ പരമ്പരകള്‍ക്കൊടുവില്‍ നായകനും നായികക്കും പ്രതിനായകനും ജീവന്‍ നഷ്ടപ്പെടുകയും അവരുടെ പ്രണയം സഫലമാവാതെ പോവുകയും ചെയ്യുന്നു. 400 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നത്തെ കാലത്ത് ഇവര്‍ പുനര്‍ജനിക്കുന്നു. ഹര്‍ഷ എന്ന ബൈക്ക് റേസറാണ് നായകന്റെ പുനര്‍ജന്മം. ഇന്ദു നായികയുടേയും രഘുവരന്‍ വില്ലന്റെ പുതിയ അവതാരങ്ങളാകുന്നു. മനസ്സിലെ അടങ്ങാത്ത സ്നേഹവും പകയും യൌവനത്തില്‍ ഇവരില്‍ ആളിക്കത്തുന്നതോടെ കഥ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.

പറഞ്ഞു തുടങ്ങേണ്ടത് സംവിധായകന്‍ എസ്.എസ് രാജമൌലിയെ കുറിച്ചാണ്. വിശാലമായ കാന്‍വാസില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ സാങ്കേതിക പാളിച്ചകള്‍ കാര്യമായൊന്നും ഇല്ലാതെ ഒരുക്കാനായാതാണ് സംവിധായകന്റെ വിജയം. രണ്ടു കാലങ്ങളും കഥാപാത്രങ്ങളും ഒട്ടും വിരസമാക്കാതെ കോര്‍ത്തിണക്കുന്നതിനൊപ്പം ഗാനങ്ങള്‍, സംഘട്ടനങ്ങള്‍, സംഘര്‍ഷങ്ങള്‍, ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ എല്ലാ ചേര്‍ക്കേണ്ടിടത്തു തന്നെ ചേര്‍ത്തിട്ടുമുണ്ട്. 400 വര്‍ഷം മുന്‍പുള്ള കഥ പറയുമ്പോഴുള്ള സെറ്റുകളും വിഷ്വല്‍ ഇഫക്ട്സ് മികവും വസ്ത്രാലങ്കാരവും എടുത്തു പറയേണ്ടതാണ്. ഒട്ടും പുതുമയില്ലാത്ത രംഗങ്ങള്‍ വിശ്വസനീയവും ആസ്വാദ്യമാക്കാനാവും വിധമാണ് രാജമൌലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

മണല്‍ചതുപ്പില്‍ നിന്ന് നായകന്‍ രക്ഷപ്പെടുന്നതും 'ധീര ധീര' ഗാനവും കാലഭൈരവന്റെയും രാജകുമാരിയുടെയും അന്ത്യരംഗങ്ങളും ഷേര്‍ഖാന്റെ സൈനികരെ ഭൈരവന്‍ ഒറ്റക്ക് നേരിടുന്നതും ചിത്രത്തില്‍ ഏറെ കൈയടി നേടുന്ന രംഗങ്ങളാണ്. 

അച്ഛന്‍ ചിരഞ്ജീവിയുടെ പേര് പേരിനു കളങ്കമുണ്ടാക്കാത്ത പ്രകടനമാണ് നായകന്‍  റാം ചരണിന്റേത്. ഡാന്‍സിലും പാട്ടിലും ആക്ഷന്‍ രംഗങ്ങളിലും ആയോധന പ്രകടനങ്ങളിലും പ്രകടിപ്പിക്കുന്ന അപാരമായ ടൈമിംഗാണ് രാം ചരണിന്റെ മേന്‍മകള്‍. 

നായികയായ ഇന്ദുവും മിത്രയുമായി കാജല്‍ അഗര്‍വാളും തിളങ്ങി. അഭിനയ പ്രാധാന്യമുള്ള വേഷമാണെങ്കിലും നായികയുടെ ജ്വലിക്കുന്ന സൌന്ദര്യമാകും ഏറെ ശ്രദ്ധിക്കപ്പെടുക. രണദേവായും രഘുവരനായും ദേവ്ഗില്ലും ഷേര്‍ഖാനായി ശ്രീഹരിയും ഉചിതമായ തിരഞ്ഞെടുപ്പായി. അതിഥി വേഷത്തിലെത്തി ചിരഞ്ജീവിയും ആരാധകരുടെ കൈയടി നേടുന്നുണ്ട്. 

എം.എം കീരവാണിയുടെ ഗാനങ്ങള്‍ ശരാശരിക്കുമേല്‍ നിലവാരമുള്ളവയാണെങ്കിലും ചിത്രീകരണ മികവില്‍ അവ കൂടുതല്‍ ഭംഗിയുള്ളതായി. ശെന്തിലിന്റെ ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നിന്റേയും രാം ലക്ഷ്മണിന്റേയും സംഘട്ടന സംവിധാനവും മികവാര്‍ന്നതാണ്. 

മലയാളം പതിപ്പിന്റെ നിര്‍മാണവും നിലവാരം പുലര്‍ത്തി. അരോചകമല്ലാത്ത ഡബിംഗാണ് പ്രധാന മേന്‍മ. ഗാനങ്ങളുടെ മലയാളം പതിപ്പും ഒറിജിനലിനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. തെലുങ്ക് പതിപ്പ് റിലീസ് ചെയ്തപ്പോള്‍ തന്റെ കണ്ടിരുന്നിട്ടും മലയാള മൊഴിമാറ്റം മോശമായി തോന്നിയില്ല. മലയാളത്തിലെത്തിയപ്പോള്‍ ചില രംഗങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. രഘുവരന്റെ കൊട്ടാരത്തില്‍ നിന്ന് ഇന്ദുവിനെ നായകന്‍ രക്ഷിക്കുമ്പോള്‍ സോളമന്‍ സഹായിക്കുന്നതും ഘോരയുടെ മരണവുമൊന്നും ഒഴിവാക്കരുതായിരുന്നു. 

എല്ലാ സിനിമാ ചേരുവകളും ആസ്വാദ്യമായി ചേര്‍ന്നതും യുവത്വത്തിന്റെ പ്രസരിപ്പും സാങ്കേതിക വൈദഗ്ധ്യവുമാണ് 'ധീര'യെ ധീരമായ മുന്നേറ്റമാക്കുന്നത്. 

പതിവ് തെലുങ്ക് പടമായിരിക്കും ഇതെന്ന ധാരണയില്‍ കേരളത്തില്‍  തീയറ്ററില്‍ കയറുന്ന യുവാക്കള്‍ പോലും വിസ്മയത്തോടെ തീയറ്റര്‍ വിട്ടിറങ്ങുന്നതും മികച്ച അഭിപ്രായം പറയുന്നതും അതുകൊണ്ടുതന്നെയാണ്. (തെലുങ്ക് സിനിമയിലെ ക്ലീഷേ 'കത്തി'കള്‍ ഈ സിനിമയിലും ഉണ്ടെന്നത് മറന്നല്ല ഇത് പറയുന്നത്).

അടുത്ത തീയറ്ററുകളില്‍ ഊര്‍ജം നശിച്ച മലയാള സിനിമാ കോപ്രായങ്ങള്‍ കണ്ടു മടുത്തതും പ്രേക്ഷകര്‍ ഇത്തരം ചിത്രങ്ങളെ സ്വീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ടാകാം. ഉദാത്തമൊന്നുമല്ലെങ്കിലും എങ്ങനെ നല്ല എന്റര്‍ടെയ്നര്‍ എടുക്കാം എന്നതിന് മലയാള സിനിമ കണ്ടുപഠിക്കണം ഇത്തരം ചിത്രങ്ങളെ. 

- Review by Aashish

dheera trailor (video)




dheera review, magadheera in malayalam, ram charan teja, s s rajamouli, m m keeravani, kajal agarwal, kajal agarwal stills, chiranjeevi, dheera review in malayalam, maaveeran, cinemajalakam review

2 comments:

misha said...

watched telgu version.that was good.

Anonymous said...

yea thelugu version was goood

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.