Saturday, May 7, 2011

Bhakthajanangalude Sradhakku Review: പ്രസക്തമായ സാമൂഹിക വിമര്‍ശനവുമായി ഭക്തജനങ്ങളുടെ ശ്രദ്ധക്ക്


ഭക്തിയും ആത്മീയ വ്യാപാരവും നാടെങ്ങും തരംഗമായ ഇക്കാലത്ത് ഈ വിഷയത്തിലെ കള്ളനാണയങ്ങളെ ചൂണ്ടിക്കാട്ടുകയാണ് 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ പ്രിയനന്ദനന്‍. സാധാരണ വീട്ടമ്മയായ സുമംഗല ഒരു പ്രത്യേക ഘട്ടത്തില്‍ ദേവിയായി മാറുന്നതും അതവരുടെ ജീവിതത്തിലും കുടുംബത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളും വിവരിച്ചാണ് കേരള സമൂഹത്തിന്റെ വിശ്വാസ അന്ധതയിലേക്ക് സിനിമ വിരല്‍ചൂണ്ടുന്നത്.

വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ് വിശ്വനാഥന്‍ (ഇര്‍ഷാദ്). ഭാര്യ സുമംഗല (കാവ്യാ മാധവന്‍), രണ്ടു മക്കള്‍, അമ്മ (വനിത) എന്നിവരടങ്ങുന്നതാണ് വിശ്വന്റെ കുടുംബം. കുടുംബത്തോട് സ്നേഹവും ജോലിയോട് ആത്മാര്‍ഥതയും ഒക്കെയുണ്ടെങ്കിലും നല്ല കുടിയനാണിയാള്‍. രാത്രി നാലു കാലിലാണ് വീട്ടിലെത്തുന്നത്. 

കുടുംബത്തിലെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാതെ കുടിച്ചു ലക്കുകെട്ട് നടക്കുന്ന വിശ്വന്റെ പെരുമാറ്റത്തിന് അറുതി വരുത്താന്‍ ഒരിക്കല്‍ സുമംഗല ശരീരത്തില്‍ ദേവി കൂടിയതായി അഭിനയിക്കുന്നു. വിശ്വനും നാട്ടുകാരും സുമയില്‍ ദേവീ സാന്നിധ്യമുള്ളതായി വിശ്വസിക്കുന്നു. ഇതോടെ 'ദേവീ നിര്‍ദേശ'പ്രകാരം കുടിനിര്‍ത്തി അയാള്‍ വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നു. 

എന്നാല്‍ ഓഫീസില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ അയാളുടെ ജീവിതത്തെ വീണ്ടും മാറ്റി മറിക്കുന്നു. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തടുക്കാന്‍ നിവൃത്തിയില്ലാതെ സുമംഗല വീണ്ടും ദേവീവേഷം കെട്ടുന്നു. അതു മുതലാക്കാന്‍ അമ്മാവനും (കലാഭവന്‍ മണി) സുഹൃത്തും (ശ്രീരാമന്‍) രംഗത്തെത്തുന്നതോടെ ദേവീവേഷം അഴിക്കാന്‍ നിര്‍വാഹമില്ലാതെ അവള്‍ ആള്‍ ദൈവമാകുന്നു. നാട്ടുകാര്‍ക്കിടയില്‍ വിശ്വാസവും ആശ്രമത്തില്‍ പണവും വര്‍ധിക്കുന്നു. എന്നാല്‍ ഇതോടെ വിശ്വന്‍ മുഴുക്കുടിയനായി മാറുകയും അവരുടെ കുടുംബം തകരുകയുമാണ്. സുമംഗല ഈ പ്രശ്നങ്ങളില്‍ നിന്ന് മോചിതയാവുമോ എന്ന അന്വേഷണമാണ് ചിത്രത്തിന്റെ ബാക്കിഭാഗം. 

തികച്ചും സാമൂഹിക പ്രസക്തവും കാലികവുമാണ് 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്' എന്ന ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. രഞ്ജിത്തിന്റേതാണ് കഥ. ഏറെ സ്വാധീനമുണ്ടായിരുന്ന ഒരു ആള്‍ദൈവം മരിച്ച വാരം തന്നെ ചിത്രം തീയറ്ററില്‍ എത്തി എന്നതും നേട്ടമാണ്. എന്നാല്‍ വിഷയം ഒരു കഥയായി പറയുന്നതല്ലാതെ ആഖ്യാനത്തില്‍ പുതുമ കൊണ്ടുവരാനോ പറഞ്ഞ കഥക്ക് ആവശ്യമുള്ള 'പഞ്ച്' നല്‍കാനോ സംവിധായകന്‍ പ്രിയനന്ദനനോ തിരക്കഥാകൃത്ത് ബി.മനോജിനോ കഴിയാത്തതാണ് പോരായ്മ.

അതായത്, 'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ശ്രീനിവാസനും 'പ്രാഞ്ചിയേട്ടനില്‍' രഞ്ജിത്തും പറഞ്ഞതുപോലെ കുറിക്കുകൊള്ളുന്ന സാമൂഹിക വിമര്‍ശനമൊന്നുമല്ലെന്ന് സാരം. എന്നിരുന്നാലും മടുക്കാതെ എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാമെന്നതും ആര്‍ട്ട്സിനിമാ ജാടകളില്ലെന്നതും മേന്‍മയാണ്. ഭക്തി വ്യവസായത്തിലെ ഉള്ളുകള്ളികളും ജീര്‍ണതകളും സമൂഹത്തെ ഓര്‍മിപ്പിക്കുക എന്ന ലക്ഷ്യം കാര്യമായ കുഴപ്പങ്ങളില്ലാതെ നടപ്പാക്കാനും ചിത്രത്തിനായി. 

കാവ്യയും അതിഭാവുകത്വമൊന്നുമില്ലാതെ സുമംഗലയെ അവതരിപ്പിച്ചു. നായകവേഷത്തില്‍ ഇര്‍ഷാദും അമ്മാവനായി കലാഭവന്‍ മണിയും ശ്രദ്ധേയ പ്രകടനമാണ്. 

ചുരുക്കത്തില്‍, ഇനിയും നന്നാക്കാന്‍ ഏറെയുണ്ടെങ്കിലും പ്രസക്തിയുള്ള വിഷയം മോശമല്ലാതെ അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് 'ഭക്തജനങ്ങളുടെ ശ്രദ്ധക്ക്'. ആചാരങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ഒന്നും ചിന്തിക്കാതെ അടിപ്പെടുന്ന കേരള സമൂഹം ഒരു തവണയെങ്കിലും കണ്ട് ചിന്തിക്കേണ്ട ചിത്രം.

-Review by Aashish 

bhakthajanagalude sradhakku, Bhakthajanangalude sradhakku review, kavya madhavan, priyanandanan, irshad, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.