Saturday, April 2, 2011

Urumi Review: സുന്ദരം ഈ പൊന്നുറുമി



ചരിത്രകഥയെന്ന അവകാശവാദമില്ലാതെ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന 'ഉറുമി' അക്ഷരാര്‍ഥത്തില്‍ സന്തോഷ് ശിവന്‍ ഒരുക്കിയ ദൃശ്യവിസ്മയമാണ്. 
നാടോടിക്കഥകളിലേതുപോലെ അധികം ആഴമില്ലാത്ത, എന്നാല്‍ പണ്ട് നടന്നെന്ന് തോന്നിപ്പിക്കുന്ന ഒരു കഥാതന്തുവിനെയും സാങ്കല്‍പിക കഥാപാത്രങ്ങളെയും പാകപ്പെടുത്തി കണ്ണിനും കാതിനും എല്ലാതരത്തിലും ആസ്വാദ്യമായൊരു അനുഭവമാക്കിയിരിക്കുകയാണീ ചിത്രത്തില്‍. 20 കോടിയോളം മുടക്കിയെടുത്ത 'ഉറുമി' വാസ്കോ ഡ ഗാമയുടെ കേരളയാത്രയില്‍ നടത്തിയ കൊടുംക്രൂരതകളില്‍ പിതാവിനെ നഷ്ടപ്പെട്ട ഒരു ബാലന്റെ പ്രതികാരമാണ് ചര്‍ച്ച ചെയ്യുന്നത്.

കഥ തുടങ്ങുന്നത് ഇന്നിലാണ്. കൃഷ്ണദാസും (പൃഥ്വിരാജ്) ടാര്‍സനും (പ്രഭുദേവ) ഇന്നത്തെ യുവത്വത്തിന്റെ പ്രതീകങ്ങളാണ്. ഒന്നിനോടും പ്രത്യേക ബാധ്യതകളില്ലാതെ ജീവിതം ആഘോഷമാക്കുന്ന യുവത്വം. കൃഷ്ണദാസിന്റെ പൈതൃകസ്വത്തായി കേരളത്തിലുള്ള ഭൂമിയില്‍ കണ്ണുവെച്ച് ഇവരെ രാജ്യത്തെ വന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ സമീപിക്കുന്നു. താന്‍ പോലുമറിയാതെ കിടന്ന സ്വത്ത് വിറ്റ് കിട്ടുന്ന പണത്തിനായി നാട്ടിലെത്തുന്ന കൃഷ്ണദാസിന് അവിടെ തണ്ടച്ചനെന്ന വ്യക്തിയില്‍ നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ചയിലൂടെ കഥ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നു. 

ഹജ്ജ് കഴിഞ്ഞു നാട്ടിലേക്ക് വന്ന നിരവധി വിശ്വാസികളടങ്ങിയ കപ്പല്‍ വാസ്കോഡ ഗാമയുടെ സംഘം ആക്രമിക്കുമ്പോള്‍ ഒറ്റക്ക് നേരിടാന്‍ ചങ്കൂറ്റം കാണിക്കുന്ന ചിറയ്ക്കല്‍ കൊത്തുവാള്‍ (ആര്യ). എന്നാല്‍ പോരാടി രക്തസാക്ഷിയാകുന്ന അയാളുടെ മകന്‍ എട്ടുവയസുകാരന്‍ കേളു മാത്രം രക്ഷപെടുന്നു. കപ്പലില്‍ നിന്ന് ഏതോ കരക്കടിഞ്ഞ അവന് ഒരു കൂട്ടുകാരനുണ്ടാകുന്നു- വവ്വാലി. വവ്വാലിയുടേയുംഉമ്മയുടേയും സംരക്ഷണയില്‍ വളര്‍ന്ന കേളു (പൃഥ്വിരാജ്)വാസ്കോയോട് പകരം ചോദിക്കാന്‍ ഒരു പൊന്നുറുമി പണിത് സൂക്ഷിക്കുന്നു. 

തന്റെ പിതാവിന്റെ മരണത്തിന് ഇരുപത്തിരണ്ട് വര്‍ഷത്തിന് ശേഷം വാസ്കോ വീണ്ടും കേരളത്തില്‍ ഒരു ശിക്ഷ നടപ്പാക്കാന്‍ വരുന്നതറിഞ്ഞ് കേളു പ്രതികാരത്തിനെത്തുന്നെങ്കിലും കൈയില്‍ കിട്ടുന്നത് മകന്‍ എസ്താവിയോയെ ആണ്. എസ്താവിയോയെ നേരിടുന്നതിനിടെയാണ് അവന്‍ ആദ്യമായി ആയിഷയെ കാണുന്നത്. അറയ്ക്കല്‍ ആയിഷ (ജെനീലിയ). ആണിന്റെ വീര്യം കണ്ണികളിലൊളിപ്പിച്ച പോരാളി. തന്നെപ്പോലെ പോര്‍ട്ടുഗീസുകാര്‍ക്കെതിരെ പോരാടാനുറച്ചവള്‍. 

ചിറയ്ക്കല്‍ രാജാവിന്റെ (അമോല്‍ ഗുപ്ത) കൊട്ടാരത്തില്‍ പിടിയിലായ എസ്താവിയോയെ കേളു എത്തിച്ച് അവിടെ തടവിലാക്കുന്നെങ്കിലും അവിടുത്തെ കാര്യക്കാരന്‍ ചേനിച്ചേരി കുറുപ്പും (ജഗതി ശ്രീകുമാര്‍) ഇളമുറ രാജാവ് ഭാനുവിക്രമനും എതിര്‍ചേരിയിലാവുന്നു. ഇതിനിടെ കേളുവിന്റെ ചങ്ങാതി വവ്വാലി (പ്രഭുദേവ) ചിറയ്ക്കല്‍ രാജകുമാരി ബാല (നിത്യാ മേനോന്‍) യുമായി ഇഷ്ടത്തിലാവുന്നുമുണ്ട്. 

ഇതിനിടെ നിരവധി സംഭവവികാസങ്ങള്‍ക്കൊടുവില്‍ കേളു നായനാരും വവ്വാലിയും ആയിഷയും ബാലയും ഒരുവശത്ത് ഗ്രാമീണഗോത്രജനതയുടെ പിന്തുണയോടെ വാസ്കോക്കും സംഘത്തിനുമെതിരെ പടപ്പുറപ്പാട് നടത്തുന്നു. ആ പടപ്പുറപ്പാട് ഏതറ്റം വരെ പോകും? കേളുവിന്റെ പൊന്നുറുമിക്ക് വാസ്കോയുടെ ചോര രുചിക്കാനാവുമോ? ഈ ചരിത്രം ഇന്നത്തെ കാലത്തുള്ള കൃഷ്ണദാസിനെ എങ്ങനെ ബാധിക്കുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രണ്ടാം പകുതിയില്‍ ചര്‍ച്ചയാകുന്നു. 

മുമ്പുകാണാത്ത രൂപത്തിലുള്ള ആദ്യ സ്റ്റില്‍ പുറത്തുവന്നതു മുതല്‍ പ്രേക്ഷകര്‍ കാത്തിരുന്നത് ഇത്തരമൊരു ചരിത്രപശ്ചാത്തലമുള്ള കഥാപാത്രത്തെ പൃഥ്വിരാജ് എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാനാണ്. എന്തായാലും സംഗതി മോശമാക്കാതെ കേളു നായനാരായി രൂപത്തിലും ഭാവത്തിലും പൃഥ്വി മികവുകാട്ടി. നായകന് ഒരുപാട് സംഭാഷണങ്ങളില്ലെങ്കിലും ഉള്ള ചിലത് ശ്രദ്ധേയമാണ്, ചിലവ ദൈര്‍ഘ്യമേറിയതിനാല്‍ പഞ്ച് നഷ്ടപ്പെട്ടതായും തോന്നി. ഗ്ലാഡിയേറ്ററിനും ബ്രേവ് ഹാര്‍ട്ടിനുമൊപ്പമൊന്നും ഉപമിക്കാനില്ലെങ്കിലും മലയാളത്തിന്റെ വെള്ളിത്തിരയില്‍ കേളു നായനാര്‍ മികച്ച കഥാപാത്രം തന്നെയാണ്. 

നായകന്റെ സന്തത സഹചാരിയായ വവ്വാലിയായി പ്രഭുദേവ കൈയടി നേടുന്നുണ്ട്. നായകന്‍ ഗൌരവക്കാരനായതിന്റെ കുറവ് നികത്താനെന്ന പോലെ ലളിതഭാഷണത്തിലൂടെ വവ്വാലി നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

കിലുക്കാംപെട്ടി പോലുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ സുന്ദരി ജെനീലിയയുടെ ഇതുവരെ കാണാത്ത ഭാവമായിരുന്നു ആയിഷ എന്ന കഥാപാത്രത്തിന്. ആയിഷ ആവശ്യപ്പെടുന്ന ഭാവം കണ്ണുകളിലൂടെയും ശരീരത്തിലൂടെയും ജെനീലിയ പ്രകടിപ്പിക്കുന്നുണ്ട്, ആയോധന അഭ്യാസങ്ങളും മികച്ചതായി. എന്നാല്‍ ഇത്രയും പോരാട്ടത്തിനൊക്കെ പോന്നതാണോ നിഷ്കളങ്കത വിട്ടുമാറാത്ത ഈ കൊച്ചുപെണ്‍കുട്ടി എന്ന്  ചിലപ്പോഴെങ്കിലും പ്രേക്ഷകര്‍ക്ക് സംശയം തോന്നും.

ചിറയ്ക്കല്‍ ബാലയായി നിത്യാ മേനോനും നിറഞ്ഞുനിന്നു. 'ചിമ്മി ചിമ്മി' എന്ന ഗാനത്തിലും നല്ല പ്രകടനമാണ്. 
ചിറയ്ക്കല്‍ കൊത്തുവാളയും തണ്ടച്ചനായും ആര്യയും സാന്നിധ്യമറിയിച്ചു. എന്നാല്‍ കൊത്തുവാള്‍ എന്ന കഥാപാത്രത്തിന് പൃഥ്വിയുടെ ശബ്ദം നല്‍കിയത് അരോചകമായി തോന്നി. 

എടുത്തു പറയേണ്ട പ്രകടനം ജഗതി ശ്രീകുമാറിന്റെ കുറുപ്പാണ്. സ്ത്രൈണതയും ചതിയും പകയും നിറഞ്ഞ കഥാപാത്രമായി അദ്ദേഹം നിറഞ്ഞാടി. ചിറയ്ക്കല്‍ തമ്പുരാനായി അമോല്‍ ഗുപ്തയും വാസ്കോ ആയി റോബിന്‍ ബ്രാറ്റും കഥാപാത്രത്തിന് ചേരുന്ന പ്രകടനം കാഴ്ചവെച്ചു. മാക്കന്തറയിലെ മാക്കമായും ഭൂമിയെന്ന പ്രകൃതി സ്നേഹിയായും വിദ്യാ ബാലനും മലയാളത്തില്‍ സാന്നിധ്യമറിയിച്ചു. 

സന്തോഷ് ശിവന്റെ സംവിധാനത്തിനേക്കാള്‍ എറെ പറയാനുണ്ടാവുക ഛായാഗ്രഹണത്തെക്കുറിച്ചാവും. ദൃശ്യങ്ങള്‍ ഗംഭീരം തന്നെ. രണ്ടാം യുനിറ്റ് ക്യാമറ കൈകാര്യം ചെയ്ത അഞ്ജലി ശുക്ളയും സന്തോഷ് ശിവന്റെ നിലവാരത്തിനൊപ്പം നിന്നു. മാല്‍ഷേജ് ഘട്ടിലെ വന്യസൌന്ദര്യം ചിത്രത്തിന് നല്‍കുന്ന ഭംഗി ചെറുതൊന്നുമല്ല. 

എന്നാല്‍ സംവിധാനത്തില്‍ കൂടുതല്‍ കൈതഴക്കം സന്തോഷ് ശിവന്‍ ഇനിയും നേടിയെടുക്കാനുണ്ടെന്ന് പലപ്പോഴും തോന്നിപ്പോകും. ശങ്കര്‍ രാമകൃഷ്ണനെന്ന താരതമ്യേന കന്നിക്കാരനായ തിരക്കഥാകൃത്ത് നന്നായി അധ്വാനിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ തിരക്കഥ ദുര്‍ബലമാകുന്നത് വ്യക്തമായി അനുഭവപ്പെടും. മൂന്നു മണിക്കൂറോളമുള്ള ചിത്രത്തില്‍ അനാവശ്യരംഗങ്ങള്‍ ചിലതെങ്കിലുമുണ്ട്. 

സംവിധായനും തിരക്കഥാകൃത്തിനും ഇതൊരു യുവാവിന്റെ വെറും പ്രതികാരമാണോ അതോ അയാളുടെ ദേശസ്നേഹം നിറഞ്ഞ പോരാട്ടമാണോ എന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. സാമൂതിരിയും പറങ്കിപടയും പറങ്കികളുടെ വശത്തുള്ളവരും കപ്പംകൊടുക്കുന്നവരുമൊക്കെ കഥയില്‍ വരുന്നുണ്ടെങ്കിലും വാസ്കോക്കെതിരെയുള്ള കേളു നായനാരുടെ പോരാട്ടം കൂടുതലും പിതാവിനെ കൊന്നയാളോടുള്ള പക മാത്രമായി പലപ്പോഴും തോന്നുന്നുണ്ട്. 

അതുകൊണ്ട് തന്നെ പഴശãിരാജ പോലുള്ള ചിത്രങ്ങള്‍  കാണുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന ദേശസ്നേഹത്തിന്റെ'അഡ്രിനാലിന്‍ റഷ്' ഉറുമി കാണുമ്പോള്‍ അധികമൊന്നും ഉണ്ടാകാനിടയില്ല. നായകനും നായികയും തമ്മിലുള്ള പ്രണയം അവതരിപ്പിക്കുന്നതിലും രസക്കുറവുണ്ട്. കൂടാതെ പഴയകാലവും പുതിയകാലവുമൊക്കെ കൂട്ടിക്കുഴച്ചതിന് അടുത്തിടെ തെന്നിന്ത്യയിലെ എറ്റവും വലിയ ഹിറ്റായ തെലുങ്ക് 'മഗധീര'യും പ്രചോദമായിരിക്കണം. 

സാങ്കേതികതയില്‍ മലയാളത്തിലെ മികച്ച ചിത്രം തന്നെയാണ് 'ഉറുമി'യെന്ന് നിസംശയം പറയാം. മികച്ച ദൃശ്യങ്ങള്‍, അതിഗംഭീര പശ്ചാത്തല സംഗീതം, കോലാഹലമില്ലാത്ത അത്യുഗ്രന്‍ ഡി.ടി.എസ് മിക്സിംഗ്. ഏക ലഖാനിയുടെ  വസ്ത്രാലാങ്കാരവും വ്യത്യസ്തമായി. (കേരളത്തിലെ പഴയകാല നായന്‍മാരും ബീവിമാരും ഇത്തരം വസ്ത്രങ്ങളാണോ ധരിച്ചിരുന്നത് എന്ന് ചോദിച്ച് നെറ്റിചുളിക്കുന്നവരുമുണ്ടാകാം. ഇക്കാര്യത്തില്‍ സംവിധായകന്റെ ഭാവനയെ മാനിക്കാനാണ് എനിക്കിഷ്ടം). 

ദീപക് ദേവിന്റെ ഗാനങ്ങളും മോശമായില്ല. 'ആരാരോ' എന്ന ഗാനവും 'ചിമ്മി ചിമ്മി'യും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. 'ചിമ്മി ചിമ്മി' ചെറുതായെങ്കിലും അനന്തഭദ്രത്തിലെ 'പിണക്കമാണോ' ഓര്‍മിപ്പിക്കും. നായകനും നായികയും ഇഴുകിചേര്‍ന്ന് അഭിനയിച്ചിട്ടുണ്ടെങ്കിലും 'അലകടല്‍ ഒലി' എന്ന ഗാനത്തിന് ഉദ്ദേശിച്ച 'ഫീല്‍' നല്‍കാനാവുന്നില്ല (ദൃശ്യത്തിലല്ല).

ചുരുക്കത്തില്‍, 'ഉറുമി' തീയറ്റുകളില്‍ തന്നെ ആസ്വദിക്കേണ്ട ദൃശ്യ വിസ്മയമാണ്. കഥയുടെ ആഴമൊന്നും കാര്യമല്ലെങ്കില്‍ മികച്ചൊരു ചിത്രം. പതിവു കോമാളിക്കഥകളും കൂട്ടുകച്ചവടവും അധോലോകവും മാത്രമല്ല ഇന്നത്തെ മലയാളസിനിമയെന്ന് അഭിമാനത്തോടെ  പറയാവുന്ന ചിത്രം. അതേസമയം തന്നെ, സന്തോഷ് ശിവനെപ്പോലെ മികച്ചൊരു ടെക്നീഷ്യന്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ ഉദാത്തം എന്നു പേരെടുക്കാമായിരുന്ന സിനിമ കൂടിയായിരുന്നു 'ഉറുമി'. 

-Review by Aashish

urumi review, urumi, urumi malayalam movie, prithviraj, santhosh sivan, prabhu deva, sankar ramakrishnan, genelia, vidya balan, tabu, nitya menon, amol gupta

5 comments:

FASAL.A.A said...

urumi super hit and parithvi ,geniliya,niythya menon ,prabhu deva,vidya balan,,musiuc directopr deepak dev and director santhosh sivan ,camera manall are perfect performance and super super producers

Rani Hari said...

super film..want to watch it again

Sargu said...

നന്നായി. എന്നാല്‍ മികച്ചതെന്നു പറയാനാകില്ല. കാണാന്‍ സുന്ദരം തന്നെ. പ്രിത്വിരാജ് ഭാവം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Sarath said...

പ്രിഥ്വി കുറെ കൂടി അനായാസ അഭിനയം ശ്രദ്ധിക്കണം..ബാക്കി ഒക്കെ അടിപൊളി

savyasachi said...

good review sarath n sargu , such comments about any heros r entertained, allathe chumma theri vilikkunnathu bore aanu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.