Tuesday, April 26, 2011

Ponnar Shankar Review: പൊന്നര്‍ ശങ്കര്‍ ചരിത്ര നാടകം


കലൈഞ്ജര്‍ കരുണാനിധി രചിച്ച ചരിത്രനോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ത്യാഗരാജന്‍ സംവിധാനം ചെയ്ത തമിഴ്ചിത്രം 'പൊന്നര്‍ ശങ്കര്‍'. മകന്‍ പ്രശാന്തിന് തിരിച്ചുവരവിന് വഴിയൊരുക്കാന്‍ ത്യാഗരാജന്‍ തന്നെ നിര്‍മിച്ചു സംവിധാനം ചെയ്ത ചിത്രം പറയുന്നത് ചരിത്രത്തില്‍ എവിടെയോ രേഖപ്പെടുത്തിയിട്ടുള്ള പൊന്നര്‍ -ശങ്കര്‍ എന്നീ ഇരട്ട പോരാളികളുടെ കഥയാണ്. 

കലാസംവിധാനത്തിലും ഗാനങ്ങളിലും ഗ്രാഫിക്സിലുമൊക്കെ മികവ് പുലര്‍ത്തുന്ന ചിത്രത്തിന്റെ ആഖ്യാന ശൈലി പക്ഷേ 1960 കളിലേതാണെന്നാണ് പോരായ്മ. 

സ്വന്തം നാട്ടുരാജ്യം സംരക്ഷിക്കാനും ഗുരുവിനു നല്‍കിയ വാക്ക് പാലിക്കാനും പോരാടിയ ഇരട്ട സഹോദരമാരായ പൊന്നറും ശങ്കറുമായി എത്തുന്നത് പ്രശാന്ത് തന്നെയാണ്. 

പെരിയമലൈ ഗൌഡറുടെ (വിജയകുമാര്‍) മകള്‍ താമര (ഖുശ്ബു)വിന്റെ വിവാഹ ചടങ്ങുകളില്‍ ചിത്രം ആരംഭിക്കുന്നു. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച അയല്‍നാട്ടുരാജാവ് മാണ്ടിയപ്പനു (പ്രകാശ്രാജ്)മായുള്ള വിവാഹത്തിന് സമ്മതിക്കാതെ അവള്‍ കാമുകനായ നെല്ലിയംകൊണ്ടാന്റെ (ജയറാം) കൂടെ പോകുന്നു. ഇതു കണ്ട് ഗൌഡറുടെ ഭാര്യ കുഴഞ്ഞുവീണ് മരിക്കുന്നു. അപമാനിതനായ ഗൌഡറും മകന്‍ ചിന്നമലൈകൊഴൂന്തും താമരയെയും ഭര്‍ത്താവിനെയും നാട്ടില്‍ നിന്ന് ഓടിക്കുന്നു. 

തനിക്ക് പിറക്കുന്ന സിംഹക്കുട്ടികളായ ആണ്‍മക്കള്‍ക്ക് വിവാഹം കഴിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ചിന്നമലൈ തന്റെയടുക്കല്‍ വരുന്ന കാലം വരുമെന്ന് ശപഥം ചെയ്തശേഷമാണ് താമര അവിടം വിടുന്നത്. 

കാലങ്ങള്‍ പോയ് മറഞ്ഞു, മായവര്‍ (നാസര്‍) എന്ന സന്യാസിവര്യനായ ഗ്രാമത്തലവന്‍ ചുറുചുറുക്കുള്ള രണ്ടു യുവ യോദ്ധാക്കളെ കണ്ടുമുട്ടുന്നു. രാക്കി ആശാന്റെ (രാജ്കിരണ്‍) കീഴില്‍ എല്ലാ അടവുകളും പഠിച്ച ഈ ഇരട്ടകള്‍-പൊന്നറും ശങ്കറും നാട്ടുകാര്‍ക്കായി എല്ലാ പോരാട്ടങ്ങള്‍ക്കും മുന്നിലുണ്ട്. ഇവര്‍ രാക്കി ആശാന്റെ മക്കളാണെന്നാണ് ലോകം കരുതിയിരുന്നതെങ്കിലും  താമരയുടെയും നെല്ലിയംകൊണ്ടാന്റെയും നഷ്ടപ്പെട്ട മക്കളാണെന്ന് മായവര്‍ മനസിലാക്കുന്നു. 

പിന്നീടൊരുനാള്‍ ചിന്നമലൈ കൊഴുന്തിന്റെ മക്കളായ മുത്തായി (പൂജാ ചോപ്ര)യെയും പവിഴായി(ദിവ്യ പരമേശ്വരന്‍) പൊന്നറും ശങ്കറും ഒരു അപകടഘട്ടത്തില്‍ രക്ഷിക്കുന്നു. ഇതറിഞ്ഞ കൊഴുന്ത് മക്കളെ അവര്‍ക്ക് വിവാഹം ചെയ്ത് നല്‍കാമെന്നറിയിക്കുന്നു. 

ഇതിനിടെ കൊഴുന്തും കുടുംബവും സഹോദരി താമരയെയും ഭര്‍ത്താവിനെയും കണ്ടുമുട്ടുന്നു. കൂടിചേരലില്‍ പൊന്നറും ശങ്കറും ഇവരുടെ മക്കളാണെന്ന് മായവനില്‍ നിന്ന് എവരും മനസിലാക്കുകയും ചെയ്യുന്നു. 

ഇതിനിടെ മാണ്ടിയപ്പന്‍ പുതിയ തന്ത്രങ്ങളുമായി ഈ കുടുംബത്തിനെ ആക്രമിക്കാന്‍ മറ്റൊരു നാട്ടുരാജാവ് കാളി മന്നന്റെ (നെപ്പോളിയന്‍) സഹായുമായി രംഗത്തെത്തുന്നു. 

ഗുരുവായ രാക്കി ആശാന്റെ വാക്ക് പാലിക്കാനും തങ്ങളുടെ മാതാ പിതാക്കളെ ദ്രോഹിച്ചവരെ തകര്‍ക്കാനും ഈ സഖ്യത്തിനെതിരെ പൊന്നറും ശങ്കറും യുദ്ധമുഖത്തെത്തുന്നതാണ് വഴിത്തിരിവ്. ഒടുവില്‍ വിജയം വരിച്ച് ഇവര്‍ മാതാപിതാക്കളോടും ഗുരുവിനോടും ഉള്ള കടമ നിറവേറ്റി വിവാഹിതരായി നാടുവാഴുന്നിടത്ത് കഥക്ക് ശുഭാന്ത്യമാകും.

ചരിത്രത്തിന്റെ പിന്തുണയുണ്ടെങ്കിലും ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന കഥാകന്തുവാണ് ഈ ചിത്രത്തിന്. ഇതില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താവുന്ന വഴിത്തിരിവുകളൊന്നും ഉള്‍പ്പെടുത്താനാവാത്തതിനാല്‍ പതിഞ്ഞ താളത്തിലാണ് കഥ നീങ്ങുന്നത്. കൂടാതെ സംവിധായകന് തിരക്കഥയിലെ മന്ദത മറികടക്കുംവിധം ഉദ്വേഗജനക രംഗങ്ങള്‍ ഉള്‍പ്പെടുത്താമായിട്ടില്ല. 

നായികമാരെ രക്ഷപ്പെടുത്തുന്നതും കൊട്ടാരം കടന്ന് യുദ്ധം ചെയ്യുന്നതുമുള്‍പ്പെടെയുള്ള സാഹസികരംഗങ്ങള്‍ ഉണ്ടെങ്കിലും ഇവക്കൊന്നും പ്രേക്ഷകരില്‍ ഒരുവിധ പ്രഭാവമുണ്ടാക്കാനാവുന്നുമില്ല. പഴയകാല ചരിത്ര ബാലെകളുടെ നിലയിലാണ് പല രംഗങ്ങളും. ഇരട്ട നായകന്‍മാര്‍ക്കും അഭിനയംവഴിയോ രംഗങ്ങള്‍ വഴി ഇത്തരത്തില്‍ കഥയില്‍ ഉയര്‍ന്നുനില്‍ക്കാനാവുന്നില്ലെന്നതും പോരായ്മയാണ്.

 ഖുശ്ബു അവതരിപ്പിക്കുന്ന താമരയാണ് കൂട്ടത്തില്‍ ജീവസുറ്റ കഥാപാത്രം. ജയറാം, ക്യാപ്റ്റന്‍ രാജു, റിയാസ് ഖാന്‍, മുക്ത  നിരവധി മലയാളി താരങ്ങള്‍ സ്ക്രീനില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. 

മറ്റു സാങ്കേതിക വിഭാഗങ്ങളില്‍ നന്നായിമുതല്‍മുടക്കിയതിന്റെ ഗുണം ചിത്രത്തില്‍ കാണാനുണ്ട്. കഥാസംവിധാനം ചിത്രത്തിന്റെ പ്രധാന മികവാണ്. ഇളയരാജയുടെ ശരാശരിക്കുമുകളിലുള്ള ഗാനങ്ങള്‍ക്ക് നല്ല ചിത്രീകരണവും നല്‍കാനായിട്ടുണ്ട്. എന്നാല്‍ പശ്ചാത്തലസംഗീതത്തിന് കാര്യമായ ആവേശമുണര്‍ത്താനാവുന്നില്ല. 

ഇരട്ടകളായി മുഴുവന്‍ സമയവും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന പ്രശാന്തിന്റെ കഥാപാത്രങ്ങള്‍ അപാകതയില്ലാതെ സ്ക്രീനിലെത്തിക്കാന്‍ മികച്ച ഗ്രാഫിക്സിന് കഴിഞ്ഞിട്ടുണ്ട്. ചടുലതയില്ലാതെ പോകുന്ന കഥാഗതി കഴിയുംവിധംവേഗത്തില്‍ ഡോണ്‍മാക്സ് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. 

ചുരുക്കത്തില്‍, കുറേയൊക്കെ സാങ്കേതിക മികവ് അവകാശപ്പെടാമെങ്കിലും ചടുലതയില്ലാത്ത ആഖ്യാനത്തിലൂടെ ശരാശരി നിലവാരം അവകാശപ്പെടാനാവുന്ന പഴഞ്ചന്‍ ശൈലിയിലെ ചരിത്രനാടകമാണ് പൊന്നര്‍ ശങ്കര്‍. 

-Review by Aashish

ponnar shankar review, prashanth, thiagarajan, pooja chopra, divya parameshwaran, jayaram, khushbu, ponnar shankar review cinemajalakam

1 comments:

Reneesh Abraham said...

ithokke ara poyi kanunnatu

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.