Friday, April 15, 2011

Doubles Review: പഴകിത്തുരുമ്പിച്ച 'ഡബിള്‍സ്'


സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഡബിള്‍സ്' പറയുന്നത് ഗിരി, ഗൌരി എന്നീ ഇരട്ടകളുടെ ആത്മബന്ധവും അതിലുണ്ടാകുന്ന പ്രശ്നങ്ങളുടേയും കഥയാണ്. മമ്മൂട്ടിയും നാദിയാ മൊയ്തുവും ഇരട്ടകളാകുന്ന ചിത്രത്തിന് പക്ഷേ, പറയാനുദ്ദേശിച്ച കാര്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ അച്ചടക്കത്തോടെ പറയാനായില്ല എന്നതാണ് പാളിച്ച. 

ചെറുപ്പത്തില്‍ അപകടത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഇരട്ടകളാണ് ഗിരിയും ഗൌരിയും. അപകടമുണ്ടായ സമയത്ത് ആരും സഹായിക്കാന്‍ കൂട്ടാക്കാത്തതാണ് തങ്ങള്‍ അനാഥരാകാന്‍ കാരണമെന്ന തിരിച്ചറിവില്‍ മുതിര്‍ന്ന് കഴിഞ്ഞപ്പോള്‍ ഇരുവരും ചേര്‍ന്ന് പോണ്ടിച്ചേരിയില്‍ ആക്സിഡന്റ് റെസ്ക്യൂ സര്‍വീസ് നടത്തുകയാണ്. 

ചെറുപ്പത്തില്‍ തങ്ങളെ എടുത്തുവളര്‍ത്തി വലുതാക്കിയ പിയറി സായിപ്പിനടുത്ത് തന്നെയാണ് താമസവും. 
സഹോദരങ്ങള്‍ തമ്മില്‍ പിരിയാനുളള വിഷമം കാരണം ഇരുവരും ഇപ്പോഴും അവിവാഹിതരാണ്. പിയറി സായിപ്പിന്റെ മകന്‍ മിഷേലിനെ ഇഷ്ടപ്പെട്ടിരുന്നു ഗൌരി. എന്നാല്‍ ചില കേസുകളില്‍ അകപ്പെട്ട ഇയാളുമായുള്ള വിവാഹത്തിന് ഗിരി എതിരായായതും ഗൌരി അവിവാഹിതയായി തുടരാന്‍ ഒരു കാരണമാണ്. 

ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന സൈറാ ബാനു (താപ്സി പന്നു)വിനെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ ഗിരിയും ഗൌരിയും നിര്‍ബന്ധിതരാകുന്നു. ഇതിനിടെ സൈറയുടെ ചില പെരുമാറ്റങ്ങളും ഗിരിയുടെ നീക്കങ്ങളും ഗിരി-ഗൌരി സഹോദരങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. തുടര്‍ന്ന് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ വില്ലന്‍മാരും പഴയ ശത്രുക്കളും അവരുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവുമാണ് ബാക്കി കഥ.

പറഞ്ഞുപഴകിയ കഥയാണ് 'ഡബിള്‍സി'നായി തിരക്കഥാകൃത്തുക്കളായ സച്ചി-സേതു തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്ലൈമാക്സ് പ്രവചിക്കാവുന്നതുമാണ്. ചോക്ളേറ്റിലോ റോബിന്‍ഹുഡിലോ, എന്തിന് മേക്കപ്പ്മാനിലോ കണ്ട ഈ തിരക്കഥാകൃത്തുകളുടെ നിഴല്‍ പോലും 'ഡബിള്‍സി'ല്‍ കാണാനാവില്ലെന്ന് പറയേണ്ടിവരും. യാതൊരു അച്ചടക്കവും ഗൌരവവുമില്ലാതെ കൈകാര്യം ചെയ്ത തിരക്കഥയെ കണ്ടിരിക്കാവുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ പുതിയ സംവിധായകനുമായില്ല. നാടകീയമായി തോന്നുന്ന പല രംഗങ്ങളും ഡബ്ബിംഗ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും. ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍ തുടങ്ങിയവരുടെ കോമഡി ട്രാക്കാകട്ടെ അസഹ്യവുമാണ്. 

മികച്ച കലാകാരായ മമ്മൂട്ടിയെയും നാദിയയെയും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനാകാത്തതിനാല്‍ ഈ കെമിസ്ട്രി ശ്രദ്ധിക്കപ്പെടുന്നുമില്ല. 
താപ്സിയെ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിച്ചെങ്കിലും സ്ക്രീന്‍ സ്പേസും ഡയലോഗുകളും തീരെ നല്‍കിയിട്ടില്ല. വില്ലന്‍മാരുടെ കാര്യവും പറയാതിരിക്കുന്നതാണ് ഭേദം. 

സുബ്രഹ്മണ്യപുരത്തിലും പശങ്കയിലുമൊക്കെ ശ്രദ്ധേയഗാനങ്ങള്‍ നല്‍കിയ ജെയിംസ് വസന്തനും മലയാളം അരങ്ങേറ്റത്തില്‍ പരാജയമായി. കിരണിന്റെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടെയുള്ള ഗാനചിത്രീകരണവും പ്രേക്ഷകരെ പരമാവധി ബോറടിപ്പിക്കാനേ ഉപകരിക്കൂ. 

ചുരുക്കത്തില്‍ മമ്മൂട്ടിയുടേയോ നാദിയയുടേയോ സച്ചി സേതുവിന്റേയോ കരിയറില്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത  ചിത്രമായിരിക്കും 'ഡബിള്‍സ്'. 

-Review by Aashish

doubles review, mammootty, nadia moidu, sohan seenulal, sachi sethu, tapsee, james vasanthan, malayalam film doubles

3 comments:

Rahul said...

kashtam thanne inganathe padangal

Smitha said...

ഇപ്പോള്‍ എവിടെങ്കിലും ഉണ്ടോ ഇത്?

Sarath said...

bhagyam, kanendivannilla

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.