Sunday, April 24, 2011

City of God Review: വ്യത്യസ്തത വഴിയില്‍ സിറ്റി ഓഫ് ഗോഡ്


ലിജോ ജോസ് പെല്ലിശേരിയുടെ രണ്ടാമത് ചിത്രമായ 'സിറ്റി ഓഫ് ഗോഡ്' ഒരു നഗരത്തിലെ വ്യത്യസ്ത ജീവിതങ്ങളുടെ സമാന്തരമായ ആഖ്യാനമാണ്. ചവച്ചുതുപ്പിയ കഥകളും അവതരണവും അരങ്ങുവാഴുന്ന മലയാള സിനിമാലോകത്തിന് പുതുമയുടെയും വ്യത്യസ്തതയുടേയും വെളിച്ചമാണ് നോണ്‍ ലീനിയര്‍ ആഖ്യാനശൈലി അവലംബിക്കുന്ന ഈ ചിത്രം.  

ഒരു സുമോ വാന്‍ അപകടത്തില്‍പെടുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അതിന് അനുബന്ധമായി മൂന്നു വാഹനങ്ങളുടെ പാച്ചിലും കാണിക്കുന്നു. സുമോവാന്‍, അതിനെ പിന്തുടരുന്ന മറെറാരു വാന്‍, ഒരു എം 80 സ്കൂട്ടര്‍. ഈ സംഭവങ്ങളുടെ തുടക്കവും അവ സംഭവിക്കാനുണ്ടായ കാരണങ്ങളും വ്യക്തമാക്കി ആദ്യത്തെ രംഗത്തില്‍തന്നെ വന്നുചേരുകയാണ് ചിത്രം അവസാനിക്കുമ്പോള്‍.

കഥ ഏറെക്കുറേ ഇങ്ങനെ പറഞ്ഞുവെക്കാം. സോണി വടയാറ്റില്‍ എന്ന യുവ വ്യവസായി (രാജീവ് ജി പിള്ള)യുടെ സന്തത സഹചാരിയാണ് ജ്യോതിലാല്‍ (പൃഥ്വിരാജ്). ജ്യോതി സോണിയുടെ സുഹൃത്താണ്, ഗുണ്ടയാണ്, അയാള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്. ഒരു വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് സോണിയുടെ അപ്രീതിക്ക് പാത്രമായ പുന്നൂസിനെ (രാജേഷ് ഹെബ്ബാര്‍) ജ്യോതി കൊല്ലുന്നു. തുടര്‍ന്ന് സോണി പുന്നൂസിന്റെ ഭാര്യ വിജി (ശ്വേതാ മേനോന്‍)യില്‍ നിന്ന് അതേ വസ്തു വാങ്ങാന്‍ കരുക്കള്‍ നീക്കുന്നു. എന്നാല്‍ സോണിയോടും ജ്യോതിയോടുമുള്ള പക തീര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് വിജി. 

സോണിയുടെ നഷ്ടപ്രണയിനിയാണ് സിനിമാതാരമായ സൂര്യപ്രഭ (റീമാ കല്ലിംഗല്‍). ഇവരുടെ ഭര്‍ത്താവ് മെഹബൂബ് (കിഷോര്‍ സത്യ) കാര്യസാധ്യത്തിന് ആദ്യകാലങ്ങളില്‍ സോണിക്ക് തന്നെ ഭാര്യയെ കാഴ്ച വെക്കാറുമുണ്ടായിരുന്നു. എങ്കിലും പഴയപ്രണയത്തിന്റെ മായാത്ത സ്മരണകളുമായി തന്നെ പിന്തുടരുന്ന സോണിയെ ഒഴിവാക്കുകയാണ് സൂര്യയിപ്പോള്‍. 

ഇവരുടെ കഥ ഇത്തരത്തില്‍ നീങ്ങുന്നതിനിടെ തന്നെ നഗരത്തിലെ തമിഴ്കുടിയേറ്റ തൊഴിലാളികളുടെ കഥയും നമ്മള്‍ പരിചയപ്പെടുന്നു. സ്വര്‍ണവേലു (ഇന്ദ്രജിത്ത്), ലക്ഷ്മി അക്ക (രോഹിണി), മരതകം (പാര്‍വതി) തുടങ്ങി നിരവധിപേരുടെ ജീവിത ദുഃഖങ്ങളും സന്തോഷങ്ങളും നമ്മള്‍ കണ്ടറിയുന്നു. ഒടുവില്‍ എല്ലാവരുടേയും ജീവിതത്തില്‍ പ്രതികാരത്തിന്റേയും പകയുടേയും ആളിക്കത്തല്‍ ഒരു ദിനത്തിലാകുമ്പോള്‍ അവര്‍ പരസ്പരം അറിയാതെ തന്നെ കൂട്ടിമുട്ടപ്പെടുന്നു. അത്തരമൊരു കൂട്ടിമുട്ടലാണ് ആദ്യം കണ്ട റോഡപകടം.

സ്ഥിരം ക്ളീഷേ രംഗങ്ങളും കഥാപാത്രങ്ങളും മാറ്റിനിര്‍ത്തപ്പെട്ടു എന്നതാണ് 'സിറ്റി ഓഫ് ഗോഡി'ലെ പ്രധാന പ്രത്യേകത. ഈ ചിത്രത്തില്‍ നായകനെ പൊലിപ്പിക്കാന്‍ അവതരണഗാനമോ, താരപ്രഭാവം കാട്ടുന്ന സംഘട്ടനരംഗങ്ങളോയില്ല  അതുപോലെതന്നെ സദ്ഗുണ സമ്പന്നരായ നായീകാ നായകന്‍മാരെയും കാണാനാകില്ല. 

ഒരു രംഗം കാണുകയും വീണ്ടും അതേരംഗത്തിലേക്ക് മറ്റൊരു വീക്ഷണത്തിലൂടെ (ഒന്നോ അതിലധികമോ തവണ) കടന്നുചെല്ലുകയും ചെയ്യുന്ന നോണ്‍ ലീനിയര്‍ ആഖ്യാനശൈലിയാണ് സംവിധായകന്‍ കഥ പറയാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വിഖ്യാതമായ ആമോറസ് പെറോസ്, ബാബേല്‍ പോലുള്ള ചിത്രങ്ങളില്‍ പിന്തുടര്‍ന്ന ഈ ശൈലിയുടെ പരീക്ഷണം 'ട്രാഫിക്' പോലെയുള്ള ചിത്രങ്ങളില്‍ മലയാളത്തില്‍ നാം കണ്ടിട്ടുണ്ട്. ഇവിടെയും മറ്റൊരു തരത്തില്‍ സമാന്തരജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് സംവിധായകന്‍ ലിജോയും തിരക്കഥാകൃത്ത് ബാബു ജനാര്‍ദനനും. 

ആഴമില്ലാത്ത കഥാഗതിയാണെങ്കിലും പറയാനുദ്ദേശിച്ച കാര്യങ്ങളിലേക്ക് മുഖവുരയില്ലാതെ പച്ചയായ കടന്നുകയറ്റമാണ് പലയിടത്തും. തിരുകിക്കയറ്റിയ നര്‍മമോ, സംഘട്ടനമോ, പ്രണയമോ ഒന്നും ഇല്ലെന്നത് തന്നെ ആശ്വാസം. എന്നാല്‍ സംഭവങ്ങളുടെ ആധിക്യം ചിലഘട്ടത്തില്‍ പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നത് പറയാതിരിക്കാനാവില്ല. 

സംഭാഷണങ്ങളിലും വ്യത്യസ്തത അനുഭവഭേദ്യമാണ്. വന്നുപോയ രംഗങ്ങളിലേക്ക് പലകുറി പോകേണ്ടിവരുമ്പോള്‍ ബോറടിതോന്നിക്കാതെ അതു നിര്‍വഹിക്കാനും സംവിധായകനായിട്ടുണ്ട്. ആദ്യചിത്രമായ 'നായകനി'ല്‍ നിന്ന് ഏറെ മുന്നേറാനായെന്നതും പുതുമയാര്‍ന്ന ആഖ്യാനശെലി മലയാളസിനിമയില്‍ പിന്തുടരാന്‍ ശ്രമിച്ചതും സംവിധായകന്റെ നേട്ടങ്ങളാണ്.

സുജിത് വാസുദേവിന്റെ ക്യാമറയും മനോജിന്റെ എഡിറ്റിംഗും പ്രശാന്ത് പിള്ളയുടെ സംഗീതവും പക്വവും നിലവാരമുള്ളതുമാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും മൊത്തത്തിലുള്ള മൂഡിന് പിന്തുണയേകുന്നുണ്ട്. 
കഥാപാത്രങ്ങളും രംഗങ്ങളും ഏറെ കടന്നുവരുന്നുണ്ടെങ്കിലും ആരെയും തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. മാത്രമല്ല, കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും പാളിച്ചയില്ല. 

ഇന്ദ്രജിത്ത്, പാര്‍വതി, സുധീര്‍ കരമന തുടങ്ങിയവര്‍ തങ്ങളുടെ മുഴുനീള തമിഴ് കഥാപാത്രങ്ങളെ മനോഹരമാക്കി. പൃഥ്വിരാജിന്റെ ജ്യോതിലാലിന് അധികം സംഭാഷണങ്ങളില്ലെങ്കിലും പ്രേക്ഷകരിലെത്താനാവുന്നുണ്ട്. രാജീവ് പിള്ളയും ശ്രീഹരിയും അനില്‍മുരളിയും റീമയും തങ്ങളുടെ വേഷം മോശമാക്കിയില്ല. 

മൊത്തത്തില്‍, സിറ്റി ഓഫ് ഗോഡ് മലയാളസിനിമയില്‍ അപൂര്‍വമായി കാണുന്ന വ്യത്യസ്തയുടെയും യുവത്വത്തിന്റെയും പ്രതീകമാണ്. സൂക്ഷ്മനിരീക്ഷണത്തില്‍ പറയാന്‍ കുറ്റങ്ങളേറെ ചിലപ്പോള്‍ കാണുമെങ്കിലും അതെല്ലാം മറന്നീ ചിത്രത്തിന് കൈയടിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ഘടകം തന്നെയാണ്. 

പക്ഷേ, മികച്ചൊരു ശ്രമമെന്ന നിലയില്‍ കൈയടിനേടുമ്പോഴും ലിജോ ജോസ് പെല്ലിശേരിയെന്ന യുവസംവിധായകന് സാധാരണ പ്രേക്ഷകരിലേക്ക് കടന്നുചെല്ലാന്‍ 'സിറ്റി ഓഫ് ഗോഡ്' വഴിയൊരുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. 

-Review by Aashish

city of god, city of god review, malayalam movie city of god, lijo jose pelliserry, babu janardanana, prithviraj, indrajith, rohini, parvathi, reema kallingal, swetha menon

3 comments:

Ramesh said...

ലിജോവില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അത് തെറ്റിച്ചില്ല എന്ന് കേള്‍ക്കുന്നതില്‍ സന്തോഷം. ഈ പദത്തിന് എല്ലാ ആശംസകളും

Smitha said...

parayuunathra sugham pora padathinu.

Sarath said...

watched goood movie
but people of kerala will only accept accept other language films.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.