Friday, April 15, 2011

China Town Review: ചൈനാ ടൌണില്‍ താരപ്പൊലിമ മാത്രം


നര്‍മചിത്രങ്ങളില്‍ കൈത്തഴക്കം നേടിയ സംവിധായക ജോഡി റാഫി മെക്കാര്‍ട്ടിന്‍, മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നര്‍മം നന്നായി വഴങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ കൂട്ടുകെട്ട്- റിലീസിന് മുമ്പേ 'ചൈനാ ടൌണ്‍' പ്രേക്ഷകരുടെ പ്രതീക്ഷയുണര്‍ത്തിയതില്‍ അല്‍ഭുതം ഒട്ടുമില്ല. എന്നാല്‍ കാമ്പുള്ള നര്‍മത്തില്‍ നിന്നകന്ന അവിയല്‍ ചിത്രമാകാനേ ഈ അവധിക്കാലത്ത് തിയറ്ററുകളിലെത്തിയ 'ചൈനാ ടൌണി'നാകുന്നുള്ളൂ. പുതുമകളില്ലെങ്കിലും കുറേയേറെ ആസ്വദിക്കാവുന്ന ആദ്യപകുതി കഴിഞ്ഞ് കാട്ടിക്കൂട്ട് രണ്ടാം പകുതിയും എന്തോ പോലൊരു ക്ലൈമാക്സുമാണ് ചിത്രത്തിന്. 
ചിത്രത്തിന്റെ കഥ തുടങ്ങുന്നത് 1986ലാണ്. ഗോവയില്‍ കാസിനോ നടത്തുന്ന നാലു സുഹൃത്തുക്കള്‍- സേവ്യര്‍, ഡേവിഡ്, ജയകൃഷ്ണന്‍, ഗോമസ്. ഇവര്‍ ശത്രു ഗൌഡ (പ്രദീപ് റാവത്ത്) യാല്‍ ആക്രമിക്കപ്പെടുന്നു. രക്തരൂഷിതമായ ഏറ്റുമുട്ടലിനൊടുവില്‍ ഗോമസ് മാത്രം നാലുപേരുടേയും മക്കളുമായി രക്ഷപ്പെടുന്നു. മറ്റു മൂന്നു സുഹൃത്തുക്കളും കൊല്ലപ്പെടുന്നു. 

കഥ പിന്നെയെത്തിനില്‍ക്കുന്നത് ഇന്നത്തെ കാലത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തിയ വില്‍സന്‍ ഗോമസ് (ക്യാപ്റ്റന്‍ രാജു) തന്റെ പഴയ സുഹൃത്തുക്കളുടെ മക്കളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് തേടിപ്പിടിച്ച് ഗോവയിലെത്തിക്കുന്നു. തന്റെ കാസിനോ സേവ്യറുടെ മകന്‍ മാത്തുക്കുട്ടി (മോഹന്‍ലാല്‍), ഡേവിഡിന്റെ മകന്‍ സക്കറിയ (ജയറാം), ജയകൃഷ്ണന്റെ മകന്‍ ബിനോയ് (ദിലീപ്) എന്നിവര്‍ക്ക് നല്‍കുകയും പഴയ ശത്രുവിനോട് പകരം ചോദിക്കുകയുമാണ് ലക്ഷ്യം. 

വ്യത്യസ്ത സ്വഭാവക്കാരായ എത്തിയ മൂവരും. ഗുണ്ടയായിരുന്നു മാത്തുക്കുട്ടി, പെണ്‍കുട്ടികളെന്ന് കേട്ടാല്‍ പ്രേമവുമായി പിന്നാലേ പോകുന്നവനായിരുന്നു ബിനോയ്, പൈസ നേടിയെടുക്കാന്‍ എന്ത് തട്ടിപ്പിനും തയാറാകുന്നവന്‍. 

ഇവരെ ഒരുമിപ്പിച്ച് കാസിനോ നടത്തിക്കാന്‍ ഗോമസും മകള്‍ എമിലിയും (പൂനം ബജ് വ) ശ്രമിക്കുന്നതിനിടെ ആകസ്മികമായി ഇവരുടെ ജീവിതത്തിലെ പഴയവില്ലനും ഇപ്പോള്‍ ഗോവയിലെ കിരീടം വെക്കാത്ത അധോലോക രാജാവുമായ ഗൌഡ തിരിച്ചറിയുന്നു. തുടര്‍ന്ന് അയാള്‍ ഇവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും മാത്തുക്കുട്ടിയുടേയും സംഘത്തിന്റേയും തിരിച്ചടിയുമാണ് ബാക്കിഭാഗം. 

റാഫി മെക്കാര്‍ട്ടിന്‍ തന്റെയും സമാനശൈലിയിലെ ചിത്രങ്ങളൊരുക്കുന്നവരുടേയും പഴയ സൃഷ്ടികളുടെ ചേരുവകള്‍ നര്‍മത്തില്‍ ചാലിച്ച് മേല്‍പ്പറഞ്ഞ കഥയുപയോഗിച്ച് പുനരാവിഷ്കരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കഥാസാരം വ്യക്തമാക്കാന്‍ മുകളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ചിത്രത്തിലെ തിരക്കഥയിലും ഉള്ളതായി തോന്നുന്നില്ല. തെങ്കാശിപ്പട്ടണത്തിനും ഹലോക്കുമൊന്നും അടുത്തുനില്‍ക്കാവുന്ന തമാശരംഗങ്ങളില്ലെങ്കിലും ആദ്യ പകുതിയില്‍ സാധാരണപ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന കുറേയേറെ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. 
'ഹലോ'യിലേതുപോലെ മദ്യപാന സംബന്ധ തമാശകളുമേറെയുണ്ട്. 

എന്നാല്‍ രണ്ടാംപകുതിയില്‍ ഹോളിവുഡ് ചിത്രമായ 'ദി ഹാംഗ് ഓവറി'ന്റെ കഥാതന്തു കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചത് വേണ്ടവിധം പ്രേക്ഷകരിലെത്തുന്നില്ല. മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഓര്‍മ നഷ്ടപ്പെട്ട് ചെയ്ത കാര്യങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കുന്നതാണീ രംഗങ്ങള്‍. പോരാഞ്ഞ് എളുപ്പത്തില്‍ തിര്‍ത്തുവെക്കുന്ന ക്ലൈമാക്സും പ്രേക്ഷകരുടെ രസംകൊല്ലും. 

ആഭ്യന്തര മന്ത്രിയുടെ മകളെ ഉപനായകന്‍ പ്രേമിക്കുന്നത് അടുത്തിടെയിറങ്ങിയ ചിത്രങ്ങളില്‍ നിര്‍ബന്ധമുള്ള ഘടകമാണെന്ന് തോന്നുന്നു. പോക്കിരിരാജയില്‍ പൃഥ്വിരാജും ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ ദിലീപും ചെയ്തപോലെ ഈ ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രവും പ്രേമിക്കാന്‍ തിരഞ്ഞെടുത്തത് ആഭ്യന്തര മന്ത്രിയുടെ മകളെത്തന്നെയാണ്. 

മോഹന്‍ലാല്‍-ജയറാം-ദിലീപ് ത്രയത്തിന്റെ രസതന്ത്രം പ്രേക്ഷകര്‍ക്കിഷ്ടപ്പെടും. ഇവര്‍ ചേര്‍ന്നുള്ള ചില നമ്പരുകള്‍ തിയറ്ററുകളില്‍ ഏല്‍ക്കുന്നുമുണ്ട്. കൂട്ടിന് തല്ലുവാങ്ങിക്കൂട്ടുന്ന ഗുണ്ടയായി സുരാജ് വെഞ്ഞാറമൂടും നല്ല പിന്തുണ നല്‍കുന്നുണ്ട്. 

തടി കൂടിയിട്ടും ആക്ഷന്‍ രംഗങ്ങളും നൃത്തരംഗങ്ങളും വഴക്കത്തോടെ ചെയ്യുന്നതില്‍ മോഹന്‍ലാലിന് വിജയമാണ്. ക്രിസ്ററ്യന്‍ ബ്രദേഴ്സില്‍ കണ്ട പോലെ പറന്നു കറങ്ങിയാണ് ഈ ചിത്രത്തിലും ലാല്‍ അവതരിക്കുന്നത്. ജയറാമിന്റെ വേഷവും കുറ്റമൊന്നും പറയാനില്ല. എന്നാല്‍ ചില ഘട്ടത്തില്‍ ദിലീപ് ഓവറാകുന്നുണ്ട്. ക്യാപ്റ്റന്‍ രാജുവും പ്രദീപ് റാവത്തും പക്വമായ പ്രകടനമായിരുന്നു. 

നായികമാരില്‍ റോസമ്മയായി കാവ്യയും എമിലിയായി പൂനവും ദിലീപിന്റെ ജോഡി ചാന്ദ്നിയായി ദീപാഷായുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്യമായൊന്നും ചെയ്യാനില്ല. 

257 കിലോയുള്ള സുമോ ഗുസ്തിക്കാരന്‍ ഡിസൂസ ലിബോറിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. 

ജാസി ഗിഫ്റ്റൊരുക്കിയ ഗാനങ്ങളില്‍ 'അരികില്‍ നിന്നാലും' നല്ല മെലഡിയാണ്. അദ്ദേഹം തന്നെ സംഗീതം നല്‍കിയ 'സഞ്ജു വെഡ്സ് ഗീത' എന്ന കന്നഡ ചിത്രത്തിലെ 'ഗഗനമേ ബാഗി' എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണിത്. മറ്റു ഗാനങ്ങള്‍ സംഗീതപരമായി ശരാശരിയില്‍ താഴെയാണ്. ഒരെണ്ണമൊഴികെ ബാക്കി ഗാനങ്ങള്‍ കടന്നുവരുന്നതും ആവശ്യമുള്ള ഇടങ്ങളിലല്ല. 

കാര്യമൊന്നുമില്ലെങ്കിലും ആദ്യപകുതിയും ഇടവേളക്ക് തൊട്ടുമുമ്പുള്ള രംഗങ്ങളും ഉണ്ടാക്കുന്ന ആവേശവും ഉദ്വേഗവും അപ്പാടെ തകര്‍ക്കുന്ന രണ്ടാംപകുതിയാണ് ചിത്രത്തിന്റെ പോരായ്മ. ചില ഘട്ടത്തില്‍ പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പവുമുണ്ടാക്കും. തട്ടിക്കൂട്ട് ക്ലൈമാക്സും പ്രശ്നമുണ്ടാക്കുന്നു. 

മള്‍ട്ടിസ്റ്റാര്‍ കോംബിനേഷന്റെ വിപണിമൂല്യം മുതലാക്കി അവധിക്കാലത്ത് കുട്ടികളും കുടുംബങ്ങളുമുള്‍പ്പെടെയുള്ളവരെ തിയറ്ററില്‍ എത്തിക്കാന്‍ പഴകിയ തമാശകളുടെ ആവര്‍ത്തനമാണ് റാഫി മെക്കാര്‍ട്ടിന്‍ 'ചൈനാ ടൌണില്‍' ഒരുക്കുന്നത്. ഈ ഘടകങ്ങള്‍ അവധിക്കാലത്ത് ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഈ ചിത്രവും വിജയിക്കാനും സാധ്യതയേറെ. 

എന്തായാലും ചൈനീസ് കളിപ്പാട്ടം പോലെയാണ് 'ചൈനാടൌണും'. കാണാന്‍ പൊലിമയുണ്ടാകും, പക്ഷേ ഉപയോഗിക്കുമ്പോള്‍ അറിയാം യഥാര്‍ഥ നിലവാരം. 

-Review by Aashish

china town review, china town, china town malayalam movie, mohanlal, jayaram, rafi mecartin, dileep, maxlaab, poonam bajwa, kavya madhavan, suraj venjaramood, captain raju

9 comments:

armagedon said...

good entertainer. dont get confused

sasi said...

agree, agree. boring

Smitha said...

super entertaner thanne. vaccation hit for lalettan and team

Reneesh Abraham said...

stars should rethink

Girish said...

Nothing in the movie.... First half better, second half sucks......

Sarath said...

old jagatheesh-sidhik comedy movies were far better than these

Suresh KK said...

ariyilla lal enthina inganathe padams cheyyunne ennu. kashtamanu

sarjin said...

*^&%(&(* padam

Ramesh said...

ഞാന്‍ ഈ പടം കണ്ടു ശശി ആയി

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.