Friday, March 18, 2011

Christian Brothers Review: വീണ്ടുമൊരു താരോല്‍സവംട്വന്റി 20ക്കു ശേഷം ജോഷി തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ- സിബി കെ. തോമസ് ടീമിനൊപ്പം മള്‍ട്ടി സ്റ്റാര്‍ കോമ്പിനേഷനുമായി ഒന്നിച്ചപ്പോള്‍ മറ്റൊരു താരോല്‍സവം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയില്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ് താരാഘോഷം തന്നെയാണ്, ആഘോഷം മാത്രം.

പാലമറ്റം മേജര്‍ വര്‍ഗീസ് മാപ്പിളയുടേയും (സായ്കുമാര്‍) നാലു മക്കളുടെയും കഥയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളും ജീവിതത്തിലേക്ക് കടന്നുവരുന്നവരുമാണ് കഥാഗതി നിയന്ത്രിക്കുന്നത്. മൂത്ത മകന്‍ ക്രിസ്റ്റി വര്‍ഗീസ് (മോഹന്‍ലാല്‍), പിന്നെ ജെസി വര്‍ഗീസ് (ലക്ഷ്മി ഗോപാലസ്വാമി), ജോജി വര്‍ഗീസ് (ദിലീപ്), സ്റ്റെല്ലാ വര്‍ഗീസ് (കനിഹ).

കുന്നേല്‍ കുമാരന്‍ തമ്പി(വിജയരാഘവന്‍)യും മൂന്നു മക്കളമാണ് കഥയിലെ വില്ലന്‍മാര്‍. സിനിമ തുടങ്ങുമ്പോള്‍തന്നെ അവരുടെ ദുഷ്ടതകള്‍ സ്ഥാപിച്ചെടുക്കുന്നുമുണ്ട്. 

ഒരു അനധികൃത പ്രമാണ ഇടപാടിന് കൂട്ടുനില്‍ക്കാത്ത പാലമുറ്റത്തെ വര്‍ഗീസ് മാപ്പിളയുടെ അനുജന്‍ കൊച്ചുതോമാ തഹസില്‍ദാറെ (ജഗതി ശ്രീകുമാര്‍) തമ്പിയും മക്കളും കൊന്ന് ആരുമറിയാതെ ശവം മറവുചെയ്യുന്നിടത്താണ് പാലമറ്റത്തുകാരുമായി തമ്പി കുടുംബത്തിന്റെ ശത്രുത തുടങ്ങുന്നത്. കൊച്ചുതോമ ജ്യേഷ്ഠന്റെ കൈയില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച റവന്യൂ രേഖകള്‍ കൈക്കലാക്കാന്‍ തമ്പിയും മക്കളും ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. തമ്പിയുടെ ഇളയ മകന്‍ കമീഷണര്‍ ഹരിഹരന്‍ തമ്പി (ബിജു മേനോന്‍) ആണ് കൂട്ടത്തില്‍ ഭയങ്കരന്‍. 

ഇതിനിടെ ഇറ്റലിയില്‍ വൈദിക പഠനത്തിന് പോയ മാപ്പിളയുടെ ഇളയ മകന്‍ ജോജി പഠനമുപേക്ഷിച്ച് ലണ്ടനിലെത്തി മലയാളി പെണ്‍കുട്ടിയും ആഭ്യന്തര മന്ത്രി സുധാകരന്റെ മകളുമായ മീനാക്ഷി (കാവ്യാ മാധവന്‍) യുമായി പ്രണയത്തിലാവുന്നു. ഇതറിഞ്ഞ് മീനാക്ഷിയെ മന്ത്രിയും ബന്ധുക്കളും നാട്ടിലെത്തിക്കുന്നു. നാട്ടിലെത്തിയയുടന്‍ അവളെ ആരോ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നു.

 ഇവിടെയാണ് നായകനായ ക്രിസ്റ്റി കടന്നുവരുന്നത്. മുംബൈ അധോലോകങ്ങളുമായി ബന്ധമുള്ളവനും പൊലീസിന്റെ ഇന്‍ഫോര്‍മര്‍മറുമായ അയാളെയാണ് മന്ത്രിയും കൂട്ടരും മീനാക്ഷിയെ രക്ഷിക്കാന്‍ നിയോഗിക്കുന്നത്. ക്രിസ്റ്റിയും പിള്ളാരും കൊച്ചിയിലെത്തുന്നതോടെ ഈ മൂന്നു കുടുംബങ്ങളിലുമുണ്ടാകുന്ന സംഭവങ്ങള്‍ പരസ്പരം ബന്ധിക്കപ്പെടുന്നതും പുത്തന്‍ സംഭവങ്ങളും വഴിത്തിരിവുകളും ഉണ്ടാകുന്നിടത്തും കഥ വികസിക്കുന്നു. ഇതിനിടക്ക് അന്വേഷണ ഉദ്യോഗസ്ഥനായി ജോസഫ് വടക്കന്‍ (സുരേഷ് ഗോപി)യും കടന്നുവരുന്നു.

ട്വന്റി 20യില്‍ ജോഷിയും സിബി-ഉദയന്‍ ടീമും ഉപയോഗിച്ച് വിജയിച്ച അച്ചില്‍ തന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സും വാര്‍ത്തെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ താരബാഹുല്യമുണ്ടെങ്കിലും അര്‍ഹമായ പ്രാതിനിധ്യം എല്ലാവര്‍ക്കും നല്‍കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. 

ആള്‍ക്കുട്ടത്തെ നിയന്ത്രിച്ച് നയിക്കുന്നതില്‍ ജോഷിയുടെ പാടവം ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുമ്പോള്‍ തന്നെ പുതുതായി ഒന്നും നല്‍കാനാവാതെ പഴയ വീഞ്ഞ് തന്നെ പഴയ കുപ്പിയില്‍ അടപ്പുമാത്രം മാറ്റി നല്‍കുന്ന പതിവ് സിബിയും ഉദയനും ഇവിടെയും തുടരുന്നുണ്ട്. ഇടവേളക്കുശേഷം വരുന്ന വഴിത്തിരിവുകള്‍ പലതും പ്രവചിക്കാനാവുന്നതാണ്. കൂടാതെ ഇടവേളാനന്തരം കഥയുടെ മൊത്തത്തിലുള്ള കെട്ടുറപ്പിലും പ്രശ്നങ്ങളുണ്ട്. 

കുടുംബത്തില്‍ അച്ഛന്‍ തെറ്റിദ്ധരിച്ചതുമൂലം നാടുവിട്ട് മനസ്സില്‍ സത്യം തെളിയിക്കണമെന്ന മോഹവുമായി നടക്കുന്ന മകന്‍ കഥാപാത്രം അടുത്തിടെ മമ്മൂട്ടി ചിത്രങ്ങളിലെ കുത്തകയായിരുന്നെങ്കില്‍ ഇത്തവണ ആ വേഷത്തില്‍ മോഹന്‍ലാലുമെത്തിയിട്ടുണ്ട്. 

സിബി ഉദയന്‍ ചിത്രങ്ങളിലെ നായകന്‍മാരെ അവതരിപ്പിക്കുമ്പോള്‍ അവര്‍ രണ്ടുതവണയെങ്കിലും കരണംമറിഞ്ഞ് വേണം സ്ക്രീനിലെത്താന്‍ എന്ന് സെന്‍സര്‍ ബോര്‍ഡ് നിയമം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയില്ല, കാര്യസ്ഥനില്‍ ദിലീപാണ് കരണം മറിഞ്ഞ് അവതരിച്ചതെങ്കില്‍ ഇതില്‍ മോഹന്‍ലാലാണ് അങ്ങനെയെത്തുന്നത്. ഇടവേളക്ക് മുമ്പുള്ള സംഘട്ടനത്തില്‍ ശരത്കുമാറും ഈ അഭ്യാസം പരീക്ഷിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ താരപ്രഭാവം ഒരു ഘട്ടത്തിലും കുറയാതിരിക്കാന്‍ തിരക്കഥയില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. തന്റെ വേഷം ഭംഗിയായി അദ്ദേഹം കൈകാര്യം ചെയ്തിട്ടുമുണ്ട്. പൊലീസിനെ ക്രിസ്റ്റി വെല്ലുവിളിക്കുന്ന ഡയലോഗുകള്‍ക്ക് കൈയടി ലഭിക്കുന്നുമുണ്ട്. സുരേഷ് ഗോപിക്ക് ട്വന്റി 20യിലെ പൊലീസ് വേഷത്തിന് സമാനമായ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ്. 

ദിലീപ് ആദ്യ പകുതിയില്‍ ഒരുപാടൊന്നുമില്ലെങ്കിലും പിന്നീടെത്തി സ്ഥിരം ശൈലിയിലെ നര്‍മഭാഷണത്തിലൂടെ കൈയടിനേടി. അച്ഛന്‍ വേഷങ്ങളില്‍ സായ്കുമാറും വിജയരാഘവനും ശ്രദ്ധിക്കപ്പെട്ടു. ഒരുപാടൊന്നുമില്ലെങ്കിലും ശരത്കുമാറും നിര്‍ണായക ഘട്ടങ്ങളില്‍ എത്തി കഥയില്‍ വഴിത്തിരിവാകുന്നുണ്ട്. ഒരാവശ്യവുമില്ലാത്ത പാചകക്കാരന്റെ വേഷത്തിലെത്തിയ സുരാജ് വെഞ്ഞാറമൂട് പരമാവധി ബോറാക്കിയിട്ടുണ്ട്. 

നായികമാര്‍ ഒരുപാടുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാനില്ല. ലാലിന്റെ ജോഡിയായി ലക്ഷ്മി റായി എത്തി രണ്ടു ഗാനങ്ങളില്‍ ആടിപാടി എങ്ങോ പോയ് മറയും.
സിബി കെ തോമസ്- ഉദയ്കൃഷ്ണ ടീമിന്റെ ക്ലീഷേ തിരക്കഥ ട്വന്റി 20യുടെ അച്ചില്‍ വീണ്ടും അവതരിപ്പിക്കുകയാണ് ഇവിടെ. അതുകൊണ്ടുതന്നെ മാസ് പ്രേക്ഷകരെ കൈയടിപ്പിക്കാന്‍ ചിത്രത്തിനു കഴിയുന്നുണ്ട്. എന്നാല്‍ ട്വന്റി 20യിലെ തിരക്കഥാ പാളിച്ചകള്‍ എന്തെങ്കിലും ഇതില്‍ തീര്‍ത്തിട്ടുണ്ടാകും എന്നു കരുതിയാല്‍ തെറ്റും. 

മറ്റു വിഭാഗങ്ങളില്‍ അനില്‍ നായര്‍ ക്യാമറ മോശമാക്കിയില്ല. ദീപക് ദേവിന്റെ സംഗീതത്തിലെ ഗാനങ്ങളും ചിത്രീകരണവും ശരാശരിയാണ്.

മൊത്തത്തില്‍, താരങ്ങളുടെ സംഗമവും ആഘോഷവും മാത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്. ആഘോഷം കാണാനും കൈയടിക്കാനും കാത്തിരുന്നവരെ നിരാശരാക്കാത്ത ചിത്രം. ഒരു പുതുമയും അവകാശപ്പെടാനില്ലെങ്കിലും ട്വന്റി 20ക്കും പോക്കിരി രാജക്കും കാര്യസ്ഥനുമൊക്കെ ശേഷം സിബിയുടെ ഉദയന്റെയും ഹിറ്റുകളുടെ ലിസ്റ്റില്‍ ഒരെണ്ണം കൂടി ഈ ചിത്രം എഴുതിച്ചേര്‍ക്കും എന്നതില്‍ സംശയമില്ല. 

-Review by Aashish

christian brothers review, malayalam movie christian brothers, joshi, joshiy, mohanlal, dileep, suresh gopi, kaniha, lakshmi rai, lakshmi gopalaswami, malayalam film review

11 comments:

ajith said...

mohan lal 's performance super

ajith said...

super film. hattzoff joshi

Anonymous said...

good review ini cinema kaanunnilla

karthi said...

അ്രേൊകാലത്തിറങ്ങിയ സൂപര്‍ പടം. ഇത് ജാട റിവ്യു

saumya said...

as a multistarrer this film will click in box office

saumya said...

actually suresh gopi is the show stealer

sargu said...

മോഹന്‍ലാലിനു ആശ്വാസ ജയം എന്ന് പറയാന്‍ പറ്റില്ല. കൂട്ടത്തില്‍ പാടി കൈയടി നേടാന്‍ കഴിഞ്ഞു എന്ന് മാത്രം

More Facts said...

lattan kasari
superb dialogues
songs superb
dileep,suresh did a good job
hats off to joshy team again
a pakka mass entertainer
mega hit of this year
lalettan fabulous
hareharo hara

raj said...

mohanlal thanne ennum star

shibu said...

aviyal padam

Emmanuel said...

സാധാരണ പ്രേക്ഷകരെ രണ്ടരയോ മൂന്നോ മണിക്കൂര്‍ രസിപ്പിക്കുക എന്നത് മാത്രം ആണ് ഇത്തരം ചിത്രങ്ങളുടെ ലക്‌ഷ്യം. അതില്‍ ഇത് വിജയിക്കുന്നും ഉണ്ട്. കൂടുതല്‍ അരുത് മുറിക്കാന്‍ പോകുന്നവര്‍ ആണ് മണ്ടന്മാര്‍. എന്തായാലും മോഹന്‍ലാല്‍ , സുരേഷ് ഗോപി, സരത് ഒക്കെ കലക്കി

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.