തിരുവനന്തപുരം നഗരത്തിലെ കലാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട സിനിമാശാല ശ്രീ പത്മനാഭക്കിനി പുതിയമുഖം. മോടി കൂട്ടി സുന്ദരനായ പത്മനാഭയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇരിപ്പിടങ്ങളും ആകര്‍ഷകമായ ഇന്റീരിയറും കണ്ണിന് കുളിര്‍മയേകുന്ന എല്‍.ഇ.ഡി ലൈറ്റിംഗ് പാറ്റേണുമാണ് സിനിമ ആസ്വദിക്കാനെത്തുന്നവരെ വരവേല്‍ക്കുക. ഈവാരം പൃഥ്വിരാജ് നായകനാകുന്ന 'ഉറുമി'യോടെ മാര്‍ച്ച് 31മുതല്‍ നവീകരണം പൂര്‍ത്തിയായ സിനിമാശാല പ്രേക്ഷകര്‍ക്കായി തുറന്നുകൊടുക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളില്‍ സൌകര്യപ്രദമായ സിനിമാസ്വാദനം സാധ്യമാക്കുന്ന മള്‍ട്ടിപ്ലെക്സുകളും നിലവാരമുള്ള സിനി കോംപ്ലക്സുകളും വരുന്നതു കണ്ട് അസൂയയോടെ എന്തേ നമ്മുടെ നഗരത്തില്‍ ഇത്തരമൊന്നില്ല എന്ന് ആശങ്കപ്പെട്ടിരുന്നവര്‍ക്കുള്ള മറുപടിയാണ് നവീകരിച്ച പത്മനാഭ. ബാല്‍ക്കണിയിലേതു മുതല്‍ മുന്‍നിരയിലേതു വരെയുള്ള എല്ലാ പഴയ സീറ്റും മാറ്റി പുത്തന്‍ പുഷ് ബാക്ക് ഹൈ ക്വാളിറ്റി സീറ്റുകളാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യം ബാല്‍ക്കണി മാത്രമാണ് ഇത്തരത്തിലെ സീറ്റുകളാക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് തീയറ്ററുടമയായ ഗിരീഷ് ചന്ദ്രന്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ചറിഞ്ഞ പ്രേക്ഷകരുടേയും അഭ്യുദയകാംക്ഷികളുടേയും മെയിലുകളും നിര്‍ദേശങ്ങളുമൊക്കെ മൊത്തത്തിലുള്ള നവീകരണത്തിന് ഊര്‍ജം പകര്‍ന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഏസ്തെറ്റിക് ആര്‍കിടെക്ചേഴ്സിലെ ആര്‍.പത്മകുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണം നടന്നത്.
ഹാളിനുള്ളിലെ പടിക്കെട്ടുകള്‍ കയറിവരുമ്പോള്‍ തന്നെ കാണാനും സീറ്റുകള്‍ പെട്ടെന്ന് കണ്ടെത്താനും സീറ്റ് നമ്പറുകള്‍ ഉള്‍പ്പെടെ സ്റ്റെപ്പ്/സീറ്റ് ലൈറ്റുകളും ബാല്‍ക്കണിയിലും ഫസ്റ്റ് ക്ലാസിലും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ഹാളിനുള്ളിലെയും പടികളിലേയും നീല എല്‍.ഇ.ഡിയുടെയും സി.എഫ്.എല്ലുകളുടെയും പ്രകാശം പുതിയൊരു അഴകാണ് പത്മനാഭക്ക് പകര്‍ന്നുനല്‍കുന്നത്. സീറ്റുകളിലെ പതിവ് റെക്സിന്‍ കവറും സാധാരണ കുഷ്യനും പകരം കൂടിയ ക്ലോത്ത് മെറ്റീരിയലും സൌകര്യപ്രദമായ കുഷ്യനുമാണ് ഇപ്പോഴുള്ളത്. ഓരോ സീറ്റിലെയും ഹെഡ് റെസ്റ്റില്‍ പ്രത്യേക കവറുമുണ്ട്.
പുത്തന്‍ സീറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ കൂടുതല്‍ സൌകര്യമൊരുക്കാന്‍ വരികള്‍ക്കിടയിലെ ലെഗ് സ്പെയ്സും വാക്കിംഗ് സ്പെയ്സും കൂട്ടിയിട്ടുണ്ട്. ഇതുമൂലം 350 ഓളം സീറ്റുകള്‍ ഉണ്ടായിരുന്ന ബാല്‍ക്കണിയില്‍ ഇപ്പോള്‍ 317 ഉം 743 സീറ്റുകള്‍ ഉണ്ടായിരുന്ന ഫസ്റ്റ് ക്ലാസില്‍ ഇപ്പോള്‍ 642 സീറ്റുകളുമായി ചുരുക്കിയിട്ടുണ്ട്.
പുത്തന്‍ സീറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ കൂടുതല്‍ സൌകര്യമൊരുക്കാന്‍ വരികള്‍ക്കിടയിലെ ലെഗ് സ്പെയ്സും വാക്കിംഗ് സ്പെയ്സും കൂട്ടിയിട്ടുണ്ട്. ഇതുമൂലം 350 ഓളം സീറ്റുകള്‍ ഉണ്ടായിരുന്ന ബാല്‍ക്കണിയില്‍ ഇപ്പോള്‍ 317 ഉം 743 സീറ്റുകള്‍ ഉണ്ടായിരുന്ന ഫസ്റ്റ് ക്ലാസില്‍ ഇപ്പോള്‍ 642 സീറ്റുകളുമായി ചുരുക്കിയിട്ടുണ്ട്.
നവീകരണത്തിന് മുന്നോടിയായി അടുത്തിടെ കോറിഡോറും റെസ്റ്റോറന്റും ടോയ്ലറ്റുകളുമൊക്കെ നവീകരിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ഒരു വേദിയായിരുന്ന ഇവിടെയെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ഇതിന് നല്ല പ്രതികരണമുണ്ടായിരുന്നു.
![]() |
theatre owner girish chandran |
സിനിമ മാത്രമല്ല വിനോദത്തിന് ജനങ്ങള്‍ക്കുള്ളത്. അതുകൊണ്ട് തന്നെ സിനിമ കാണാന്‍ പ്രേക്ഷകരെ ആകര്‍ഷിക്കേണ്ടത് പ്രധാനഘടകമാണ്. മെച്ചപ്പെട്ട സൌകര്യങ്ങള്‍ അവര്‍ക്കു നല്‍കിയാലേ വ്യാജ സീഡി മുതല്‍ ഒറിജിനല്‍ സീഡി വരെയും ഹോം തീയറ്റര്‍ സൌകര്യം വരെയും വ്യാപകവുമായ ഇന്നത്തെ കാലത്ത് സാധിക്കൂ. നല്ല ചിത്രങ്ങള്‍ വന്നാലും തീയറ്റര്‍ അന്തരീക്ഷം വൃത്തിയുള്ളതും സൌഹൃദപ്രദവുമല്ലെങ്കില്‍ കുടുംബങ്ങളെത്തില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകരുമായി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ സൌഹൃദാന്തരീക്ഷത്തിലായിരിക്കണമെന്നത് 'പത്മനാഭ'യില്‍ നിര്‍ബന്ധമുള്ള കാര്യമാണ്. പ്രേക്ഷകരുമായി നിരന്തര ബന്ധത്തിനും അഭിപ്രായ സമാഹരണത്തിനുമായി ഇ.മെയില്‍ വിലാസവും തീയറ്ററിനായി തയാറാക്കി ഹാളിന്റെ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പുറമേ സിനിമാ പ്രദര്‍ശനത്തിന്റെ ശബ്ദ ദൃശ്യ ഭംഗിയും വ്യക്തയും ഉറപ്പുവരുത്തുന്നതിലും പത്മനാഭ എപ്പോഴും മുന്‍നിരയിലാണ്. അത്യന്താധുനിക ഡോള്‍ബി ഡിജിറ്റല്‍, ഡി.ടി.എസ് സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. അതാകട്ടെ അന്താരാഷ്ട്ര പ്രശസ്തമായ ജെ.ബി.എല്‍ സ്പീക്കറുകളിലൂടെയും. 1997ല്‍ സഞ്ജയ് ദത്തിന്‍െ 'ദൌഡ്' മുതല്‍ സ്ഥാപിച്ച ഡി.ടി.എസ് സംവിധാനം കാലികമായി പരിഷ്കരിക്കാറുമുണ്ട്. ഈവാരം 'ഉറുമി'യുടെ റിലീസിന് മുന്നോടിയായും ശബ്ദ സംവിധാനം പുന ക്രമീകരിച്ചിട്ടുണ്ട്.
പുത്തന്‍ സാങ്കേതിക വിദ്യകളെ എന്നും ആദ്യം സ്വീകരിക്കാറുണ്ട് ശ്രീപത്മനാഭ. ആധുനിക ത്രീ ഡി സംവിധാനം വന്നപ്പോള്‍ 2009ല്‍ 'അവതാര്‍' എന്ന ഹോളിവുഡ് ചിത്രത്തിനായി ക്രിസ്റ്റി ടു കെ പ്രൊജക്ടര്‍ സ്ഥാപിച്ചു. നഗരത്തില്‍ ആദ്യ സംരംഭമായിരുന്നിത്. അതുകൊണ്ട് തന്നെ നൂറുദിവസത്തിലേറെ അവതാര്‍ പത്മനാഭയില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കാനുമായി.
മലയാളമായാലും തമിഴോ ഹിന്ദിയോ ഇംഗ്ലീഷോ ആയാലും അനേക ദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ നീണ്ട പട്ടിക പത്മനാഭക്ക് നിരത്താനുണ്ട്. നൂറുദിവസത്തിലേറെ കളിച്ച 'ടൈറ്റാനിക്കും' 'തെനാലി'യും 'ടു ഹരിഹര്‍ നഗറും' 'ഗോസ്റ്റ് ഹൌസ് ഇന്നും' 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യുമൊക്കെയായി എല്ലാകാലത്തും ഹിറ്റുകള്‍ നിരവധി.
ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിലും പത്മനാഭക്ക് പ്രത്യേക ശ്രദ്ധയുണ്ട്. വിതരണക്കാരുടെ പരസ്യങ്ങള്‍ക്കൊപ്പം പ്രത്യേക പോസ്റ്ററുകളും നിരവധി സ്വന്തം പത്ര പരസ്യങ്ങളുമായി 'ടൈറ്റാനിക്' പോലെയുള്ള ചിത്രങ്ങള്‍ നഗര ചര്‍ച്ചകളില്‍ സജീവമാക്കിയതൊക്കെ ചെറിയ ഉദാഹരണം മാത്രം. കൂടാതെ ഹിറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നഗരത്തിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക പ്രദര്‍ശനവും ഭക്ഷണവുമൊക്കെ ഒരുക്കുന്ന പതിവുമുണ്ടിവിടെ. ഇത്തരം പ്രത്യേക പ്രദര്‍ശനങ്ങള്‍ക്ക് അതിഥിയായി കമലഹാസനുള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുമുണ്ട്.
1930 കളില്‍ മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവും മെരിലാന്റ് ഉള്‍പ്പെടെയുള്ള സ്റ്റുഡിയോകളുടെ സാരഥിയുമായിരുന്ന പി.സുബ്രഹ്മണ്യം (ഇപ്പോഴത്തെ മേധാവി ഗിരീഷിന്റെ മുത്തച്ഛന്‍) തുടങ്ങിയ തീയറ്ററുകളിലൊന്നാണിത്. പിന്നീട് ഗിരീഷിന്റെ പിതാവ് എസ്.ചന്ദ്രന്‍ സാരഥ്യം ഏറ്റെടുത്തു. ഇപ്പോള്‍ ഗിരീഷും. 1960കളിലും 70 കളിലും രണ്ടു ഘട്ട നവീകരണങ്ങള്‍ക്ക് ശേഷമാണ് തീയറ്ററിന് ഇന്നത്തെ മുഖം ലഭിച്ചത്. തീയറ്ററിനുള്ളിലെ സൌകര്യങ്ങളില്‍ സമൂല അഴിച്ചുപണി അടുത്തുകാലത്തുണ്ടാകുന്നത് ഇപ്പോഴാണ്.
പുത്തന്‍ മുഖം മിനുക്കലിന് വിവിധ വിതരണക്കാരും നിര്‍മാതാക്കളും പൃഥിരാജുള്‍പ്പെടെയുള്ള നടന്‍മാരും അഭിനന്ദനമറിയിച്ചിട്ടുണ്ട്. വന്‍തുക മുടക്കി നവീകരണം നടത്തിയെങ്കിലും ഇതിന്റെ പേരില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടിയിട്ടില്ല. നഗരത്തിലെ എല്ലാ ഹാളുകളിലും കാലികമായി നിരക്ക് വര്‍ധന നടപ്പാക്കുമ്പോള്‍ മാത്രമേ പത്മനാഭയിലുമുണ്ടാകൂ എന്ന് ഗിരീഷ് ചന്ദ്രന്‍ പറയുന്നു.
sree padmanabha theatre photo gallery
(click image to enlarge)
sree padmanabha theatre thiruvananthapuram, renovated padmanabha theatre, p.subrahmaniam, theatre photos, padmanabha theatre interior photos, urumi
4 comments:
Looks like a neat, great theater is making its opening in our city.
Thank you my dear friend for bringing in the news.
Will certainly check it out this week or next.
glad to see a renovated theatre in tvm city after a long time
അടിപൊളി തന്നെ ..ഞാനും പോയിരുന്നു
watched a film from here. good
Post a Comment