Sunday, March 6, 2011

'അമ്മ'യുടെ മെഗാഷോ ടി.വി യില്‍ വന്നാല്‍ കരിദിനം ആചരിക്കും: ഫിലിം ചേംബര്‍


ചലച്ചിത്രതാരങ്ങളുടെ സംഘടന 'അമ്മ'യുടെ താരനിശ വിഷുദിവസം ടി.വിയില്‍ സംപ്രേഷണം ചെയ്താല്‍ അന്ന് കേരളത്തിലെ ചലച്ചിത്രനിര്‍മാണവും വിതരണവും പ്രദര്‍ശനവും നിര്‍ത്തിവെച്ച്  കരിദിനം ആചരിക്കുമെന്ന് ഫിലിം ചേംബര്‍.  'അമ്മ'യുടെ നിയന്ത്രണത്തില്‍നിന്ന് മലയാള സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ ചേംബര്‍ നടത്തുന്ന ശ്രമങ്ങളുടെ ആരംഭമായിരിക്കും കരിദിന ആചരണമെന്നും പ്രസിഡന്റ് സിയാദ് കോക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

'അമ്മ'ക്ക് ഷോ നടത്താന്‍ ഉപാധികളോടെയാണ് അനുമതി കൊടുത്തത്. വിഷുദിനത്തില്‍ ഷോ ടി.വിയില്‍ സംപ്രേഷണം ചെയ്യരുതെന്ന ചേംബറിന്റെ ആവശ്യം 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചിരുന്നു. ഇപ്പോള്‍ അത് ലംഘിച്ചാണ് സ്വകാര്യ ചാനലില്‍ വിഷുവിന് സംപ്രേഷണം ചെയ്യുമെന്ന് പറയുന്നത്. സംപ്രേഷണം നടന്നാല്‍ തുടര്‍നടപടിയെക്കുറിച്ച് ചേംബറില്‍ അഫിലിയേറ്റ്  ചെയ്ത സംഘടനകളുടെ യോഗം വിളിച്ച് ആലോചിക്കും. അതനുസരിച്ച് കടുത്ത അച്ചടക്കനടപടികളിലേക്കും കടക്കുമെന്ന് സിയാദ് കോക്കര്‍ വ്യക്തമാക്കി.

 ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സംയുക്തയോഗത്തിലാണ് കരിദിനാചരണം സംബന്ധിച്ച് തീരുമാനിച്ചത്. ചേംബര്‍ ജനറല്‍ സെക്രട്ടറി എം.എ. ജോര്‍ജ്, ട്രഷറര്‍ കെ.എം. അബ്ദുല്‍ അസീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിനിമാതാരങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ ടി.വിയില്‍ കാണിച്ചാല്‍ ഇത് തീയറ്ററുകളില്‍ വിഷു റിലീസ് ചിത്രങ്ങള്‍ അടക്കമുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നേരത്തെ തന്നെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെ തീയറ്ററുടമകളുടെയും സംഘടനകള്‍ ഇതിനെതിരായിരുന്നു.

amma mega show, film crisis, film chamber, siyad kokker

1 comments:

Anonymous said...

siyad koker vicharichal oru chukkum nadakkilla

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.