Thursday, March 3, 2011

ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍: സ്ത്രീപക്ഷ സിനിമകളുടെ പുതുവഴി


'ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍' എന്നു കേള്‍ക്കുമ്പോള്‍, അത്തരമൊരു ആശയത്തിനുതന്നെ പ്രസക്തിയുണ്ടോ എന്നത് സ്വാഭാവികമായ സംശയമാണ്. 
ഫെബ്രുവരി 25 മുതല്‍ 28 വരെ തിരുവനന്തപുരം കലാഭവന്‍ തീയറ്ററില്‍ നടന്ന 'ഫീമെയില്‍ ഫിലിം ഫെസ്റ്റി'ന്റെ ഓപണ്‍ സെഷനില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നതുതന്നെ ഇത്തരത്തില്‍ വ്യാപകമായ ചോദ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്. 

സിനിമയെ നല്ലത് ചീത്ത എന്നിങ്ങനെയല്ലാതെ മറ്റു തരത്തില്‍ വര്‍ഗീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. പക്ഷേ, പുരുഷമേധാവിത്യ സമൂഹത്തില്‍ സ്ത്രീയുടെ അസ്വാതന്ത്യ്രം ഒരു പച്ച പരമാര്‍ഥമായതിനാല്‍ 'ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍' എന്ന തരംതിരിവിനെയും നമുക്ക് വകവെച്ചുകൊടുക്കാം! കേരളാ സ്ത്രീ പഠനകേന്ദ്രം, സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഇമേജസ് 2011' എന്ന പേരില്‍ ഫീമെയില്‍ ഫിലിം ഫെസ്റ്റ് ഒരുക്കിയത്.

മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളിലൊന്ന് ശ്രീബാല കെ.മേനോന്‍ സംവിധാനം ചെയ്ത 'പന്തിഭോജനമാണ്'. ഈ ചെറുസിനിമ തുടങ്ങുന്നത് 'ജാതി പറയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്' എന്ന വാചകത്തോടെയാണ്. അതുപോലെ അസ്വാതന്ത്യ്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീത്വത്തിന്റെ വിങ്ങലുകളും വിഹ്വലതകളും നെഞ്ചിലെ തീയുമാണ് പല സിനിമകളും പ്രസരിപ്പിച്ചതെന്നതും ഈ സ്ത്രീപക്ഷ ചലച്ചിത്രമേളയെ അര്‍ഥപൂര്‍ണമാക്കുന്നു.

1985ല്‍ പുറത്തിറങ്ങിയ സിനിമയാണ് കേതന്‍ മേത്ത സംവിധാനം ചെയ്ത 'മിര്‍ച്ച് മസാല'. ഗുജറാത്തിലെ ഒരു സാധാരണ ഗ്രാമത്തിന്റെ കഥയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് നികുതിപിരിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും കൂട്ടാളികളും നടത്തുന്ന തേര്‍വാഴ്ചയാണ് പ്രമേയം. നികുതി യഥാസമയം അടച്ചില്ലെങ്കില്‍ മര്‍ദനം മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെയടക്കം അവര്‍ പിടിച്ചുകൊണ്ടുപോകും. ചിലപ്പോള്‍ പെണ്ണുങ്ങളെയും. ഇത്തരത്തില്‍ ഉദ്യോഗസ്ഥന്‍ (നസറുദ്ദീന്‍ ഷാ) പിടിച്ചുകൊണ്ടുപോകുന്ന ഒരു പെണ്ണ് (സ്മിതാ പാട്ടീല്‍) മാനം രക്ഷിക്കാന്‍ നടത്തുന്ന പോരാട്ടം, പക്ഷേ ഗ്രാമത്തിലെ പുരുഷന്‍മാര്‍ ഉദ്യോഗസ്ഥനൊപ്പമാണ്. മുളകുപൊടിയുണ്ടാക്കുന്ന ഫാക്ടറിയില്‍ അഭയം തേടുന്ന അവളെ രക്ഷിക്കുന്നത് സംഘടിതമായ സ്ത്രീ ശക്തിയാണ്. ഒടുവില്‍ അക്രമിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വീഴ്ത്തി സ്ത്രീത്വം വിജയമാഘോഷിക്കുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ അടിസ്ഥാനമാക്കി സത്യജിത്ത് റേ സംവിധാനം ചെയ്ത 'ചാരുലത' ചിത്രീകരിക്കുന്നത് സുഖസൌകര്യങ്ങള്‍ക്കുള്ളിലും വേവുന്ന സ്ത്രീയുടെ മനസാണ്. സ്നേഹരാഹിത്യം വീട്ടമ്മയെ ഭര്‍ത്താവിന്റെ അനുജനുമായുള്ള ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന സ്നേഹ ബന്ധത്തിലേക്ക് നയിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു വിഷയം ചര്‍ച്ചയായതും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ മികച്ച സൃഷ്ടിയില്‍ ഒന്നായി ഇത് പ്രതിഷ്ഠിക്കപ്പെട്ടതിലും അല്‍ഭുതമില്ല.

ഋത്വിക് ഘട്ടകിന്റെ 'മേഘ തക്ക തഗയും' ആള്‍ക്കൂട്ടത്തില്‍ ഏകയാകുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. 
ജെയിം മോണ്‍ ജാര്‍ദിം സംവിധാനം ചെയ്ത 'ഓള്‍ഗ' എന്ന ബ്രസീലിയന്‍ ചിത്രവും എടുത്തുപറയേണ്ടതാണ്. ബ്രസീലിലെ പരാജയപ്പെട്ട വിപ്ലവവും അതിലെ നായികയായ ഓള്‍ഗയുമാണ് ഇതില്‍ ചര്‍ച്ചയാകുന്നത്. ഒടുവില്‍ നാസി തടങ്കല്‍ പാളയത്തില്‍ പീഡനങ്ങള്‍ക്കിരയായി മരിക്കുന്ന ഓള്‍ഗ ത്രസിപ്പിക്കുന്ന സ്ത്രീ കഥാപാത്രമായി എന്നെന്നും നിലകൊള്ളും. 

മതപരമായ വിലക്കുകളെ അതിജീവിച്ച് ഇറാനിയന്‍ വനിതാസംവിധായകര്‍ നടത്തുന്ന പരിശ്രമം നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കും മാതൃകയാകട്ടെ. വിലക്കുകളെയും സെന്‍സറിംഗിനെയും കഥയുടെ ശക്തികൊണ്ട് തകര്‍ക്കുന്ന മികച്ച സിനിമകളാണ് ഇറാന്‍ സിനിമാ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ഇറാന്‍ ഭരണകൂടം തടവിലാക്കിയ ഓഫര്‍ പനാഹിയുടെ 'ദി സര്‍ക്കിള്‍', മാര്‍സ്യ മേഷ്കിനിയുടെ 'ദി ഡേ ഐ ബികം എ വുമണ്‍', അബ്ബാസ് കിരസ്തമിയുടെ 'ഷിറിന്‍', തഗ്മിനെ മിലാന്റെ 'ഫിഫ്ത്ത് റിയാക്ഷന്‍', അസ്ഹര്‍ ഫര്‍ഹാദിയുടെ 'എബൌട്ട് എല്ലി', 'ദി വെല്‍' എന്ന ഹ്രസ്വചിത്രം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

മലയാളി സംവിധായകരുടെ സിനികളും പ്രതീക്ഷ നല്‍കുന്നവയാണ്. ശ്രീബാല കെ. മേനോന്റെ 'പന്തി ഭോജനം', ഗീതു മോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ', സംഗീത പത്മനാഭന്റെ 'ചാരുലതയുടെ ബാക്കി', രമ്യ അരവിന്ദിന്റെ 'സൈലന്‍സ്', പ്രീതി പണിക്കരുടെ 'ഹസ്തം' എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയാം. 

ബി.പി മൊയ്തീന്‍ -കാഞ്ചന പ്രണയത്തിന്റെ ആവിഷ്കാരമായ 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്യൂമെന്ററിയും ശ്രദ്ധിക്കപ്പെട്ടു. ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'ദയാബായി'യെക്കുറിച്ചുള്ള 'ഒറ്റയാള്‍' എന്ന ഡോക്യുമെന്ററിയും മികച്ചതായി. മണിലാലിന്റെ 'പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം' , കെ.ജെ സിജുവിന്റെ 'ഇന്‍ഡോര്‍' എന്നീ ചെറുസിനിമകളും സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളെ ആവിഷ്കരിക്കുന്നവയായി. 

ചെറുതെങ്കിലും മുന്‍മേളകളില്‍ നിന്ന് വ്യത്യസ്തമായി ഫ്മെയില്‍ ഫിലിം ഫെസ്റ്റിവലിന് സ്ത്രീ പങ്കാളിത്തം കൂടിവരുന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. അതുപോലെ മലയാളത്തില്‍നിന്നും കൂടുതല്‍ സ്ത്രീ സംവിധായകര്‍ കഴിവുതെളിയിച്ച് മുന്‍നിരയിലേക്ക് വരുന്നതിലും..

-Binish Thomas

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.