Thursday, March 24, 2011

August 15 Review- ആഗസ്റ്റ് 15: ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം


മുഖ്യമന്ത്രിക്ക് നേരെ വധശ്രമവും അതിനുള്ള ഗൂഡാലോചനയും തന്ത്രപരമായി നേരിട്ട 'ആഗസ്റ്റ് ഒന്നിലെ' പെരുമാള്‍ പൊലീസിനെ മലയാളി പ്രേക്ഷകര്‍ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. ആ സ്മരണകളുടെ ബലത്തിലാണ് ഷാജി കൈലാസ് എസ്.എന്‍ സ്വാമിയെക്കൊണ്ട് എഴുതിപ്പിച്ച് മമ്മൂട്ടിയെ നായകനാക്കി 'ആഗസ്റ്റ് പതിനഞ്ചു'മായി വീണ്ടും വരുന്നത്. എന്നാല്‍ എസ്.എന്‍ സ്വാമിയുടെ അവസാനത്തെ അഞ്ചു പടങ്ങളെങ്കിലും കണ്ട ഷാജി അദ്ദേഹത്തെവെച്ച് കഥ, തിരക്കഥയും തയാറാക്കാനുള്ള ധൈര്യം കാണിച്ചപ്പോള്‍ തന്നെ ഊഹിക്കണമായിരുന്നു ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന്. അതേ, സ്വാമിയുടെ സമീപകാല തിരക്കഥകളുടെ അവസ്ഥ തന്നെയാണ് ആഗസ്റ്റ് 15നും. ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമല്ല, ഇന്നത്തെ സാഹചര്യത്തിലേക്ക് പറിച്ചുനട്ട വികലമായ അനുകരണമാണ് ആഗസ്റ്റ് 15.

ഗുരുതരാവസ്ഥയില്‍ മുഖ്യമന്ത്രി (നെടുമുടി വേണു) ആശുപത്രിയില്‍ കിടക്കുന്നിടത്ത് കഥ തുടങ്ങുന്നു. ഭാഗ്യം, വമ്പന്‍ ഹൃദയാഘാതത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുന്നു. എന്നാല്‍ കൂടുതല്‍ പരിശോധയിലാണ് ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത് വെറുമൊരു ഹൃദയാഘാതമല്ല, വിഷം ഉള്ളില്‍ ചെന്നുണ്ടായ ഹൃദയാഘാതമാണതെന്ന്. ആരാണ് മുഖ്യനെ കൊല്ലാന്‍ ശ്രമിക്കുന്നത്? തുടര്‍ന്നങ്ങോട്ട് ഉന്നത പൊലീസ് അധികാരികളും ഡോക്ടര്‍മാരും മാത്രമറിയുന്ന വിധത്തില്‍ മുഖ്യമന്ത്രി വധശ്രമം അന്വേഷണം ആരംഭിക്കുന്നു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം കേസ് ഏറ്റെടുക്കാന്‍ ഡി.വൈ.എസ്.പി പെരുമാള്‍ (മമ്മൂട്ടി) എത്തുന്നു. 

ഇതേ സമയം തന്നെ അജ്ഞാതനായ കൊലയാളി (സിദ്ദിഖ്) ആദ്യശ്രമം പരാജയപ്പെട്ടതിനാല്‍ അടുത്ത ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അയാളെ ഈ കൃത്യത്തിന് ചുമതലപ്പെടുത്തിയതാകട്ടെ, നാട്ടിലുള്ള സര്‍വ അഴിമതി മാഫിയകളുടെയും നേതാക്കളും ചേര്‍ന്നാണ്. (ലോട്ടറി, മണല്‍, കള്ളത്തടി വെട്ട്, അബ്കാരി മാഫിയകള്‍ ഇതില്‍പ്പെടും). ഇത്തരക്കാരോടുളള മുഖ്യന്‍ സഖാവിന്റെ കര്‍ക്കശ നിലപാടാണത്രേ ഈ കടുംകൈക്ക് ഇവരെ പ്രേരിപ്പിച്ചത്. (ഇപ്പറഞ്ഞത് സസ്പെന്‍സ് ഒന്നുമല്ല, ആദ്യമേ തന്നെ വ്യക്തമാക്കപ്പെടുന്ന കാര്യമാണ്).

പെരുമാള്‍ തന്റേതായ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നു. കൊലയാളി തന്റെ പദ്ധതികളും. എങ്ങനെ ഇരുവരും കൂട്ടിമുട്ടും? തുടര്‍ന്നെങ്ങനെ കൊലയാളിയുടെ ശ്രമങ്ങള്‍ക്ക് തടയിടും? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് രണ്ടാം പകുതിയില്‍ സിനിമ മറുപടി നല്‍കുന്നത്.

കഥ ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ഈ ചിത്രം 'ആഗസ്റ്റ് 1' പറഞ്ഞുവെച്ച വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ പശ്ചാത്തലത്തില്‍ റീമേക്ക് ചെയ്യപ്പെട്ട 'ആഗസ്റ്റ് 1' ആണിതെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത്. മുഖ്യമന്ത്രിക്ക് ഇന്നത്തെ മുഖ്യമന്ത്രി സഖാവിന്റെ ഒരു ഛായ നല്‍കാനും അവരുടെ പാര്‍ട്ടിയിലെ സെക്രട്ടറിയുമായി സാദൃശ്യമുള്ള കഥാപാത്രത്തെ ഉള്‍പ്പെടുത്താനും ശ്രമിച്ച് കാലസംബന്ധിയായ അപ്ഡേഷന്‍ മാത്രമാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതുമ. 

ഷാജി കൈലാസിന്റെ സംവിധാന ശൈലിയില്‍ പ്രകടമായ മാറ്റം അനുഭവപ്പെടുന്നതും ശ്രദ്ധേയമാണ്. ക്യാമറാ ഗിമ്മിക്കുകളുടെ തമ്പുരാനായിരുന്ന അദ്ദേഹം പൊതുവേ ശാന്തമായ ക്യാമറാ ചലനങ്ങളേ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളൂ. മോശം തിരക്കഥയിലും ചടുലത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഷാജിക്ക് അക്കാര്യത്തില്‍ ഇത്തവണ പിഴച്ചിട്ടുമുണ്ട്. 

ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ക്കായാലും ഗുണദോഷങ്ങള്‍ക്കായാലും ചൂണ്ടിക്കാട്ടാന്‍ ഒരു പേര് മാത്രമേ ഓര്‍മയില്‍ വരുന്നുള്ളൂ- എസ്.എന്‍ സ്വാമി. പണ്ടു കുറേ ഹിറ്റുകള്‍ എഴുതിയെന്ന് കരുതി എന്നെഴുതിയാലും അങ്ങനെ സംഭവിക്കുമെന്ന് കരുതുന്ന അദ്ദേഹത്തെ വിശ്വസിക്കുന്ന സംവിധായനെയും നിര്‍മാതാവിനെയുമാണ് ആദ്യം പഴിക്കാന്‍. 

പെരുമാള്‍ എന്ന കഥാപാത്രത്തെ പുനരവതരിപ്പിക്കുമ്പോള്‍  മരുന്നിനെങ്കിലും എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ സ്വാമിക്ക് ശ്രമിക്കാമായിരുന്നു. അല്ലെങ്കില്‍ തിരക്കഥയില്‍ കാര്യമായ എന്തെങ്കിലും വഴിത്തിരിവ് ഉള്‍പ്പെടുത്താമായിരുന്നു. ഇതില്‍ പറഞ്ഞു പഴകിയ ശൈലിയില്‍ ഒരു അന്വേഷണവും 
അവസാനം ഞെട്ടിക്കാന്‍ 'ആരും പ്രതീക്ഷിക്കാത്ത' ഒരു വില്ലനും മാത്രം മതിയെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ച പോലെയുണ്ട്. 

പെരുമാളായി മമ്മൂട്ടി മോശമാക്കിയില്ല, ബൈക്കില്‍ വരുന്ന ഇന്‍ട്രൊഡക്ഷനും ഇടക്കിടക്കുള്ള ബൈക്ക് സഞ്ചാരവും മനോഹരമാക്കി. എന്നാല്‍ കാര്യമായി അദ്ദേഹത്തിന്റെ അഭിനയശേഷിയെ പ്രയോജനപ്പെടുത്തിയ വേഷമേയല്ല അഭിനവ പെരുമാള്‍. 

എടുത്തു പറയാവുന്ന കഥാപാത്രം സിദ്ദിഖിന്റെ വില്ലനാണ്. പതിവുപോലെ അദ്ദേഹം ഇടക്ക് ചില ഫാന്‍സി ഡ്രസുകളൊക്കെ ഉണ്ടെങ്കിലും ആ വേഷം ഗംഭീരമാക്കി. മുഖ്യമന്ത്രിയായി നെടുമുടിയും പാര്‍ട്ടി സെക്രട്ടറിയായി സായികുമാറും രൂപം കൊണ്ടു ശ്രദ്ധനേടും. പക്ഷേ, ചെയ്യാനൊന്നുമില്ലാത്ത കഥാപാത്രങ്ങളായി പോയി. 

ഇനിയുമുണ്ട് ഒരുപാട് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍. തലൈവാസല്‍ വിജയ് അവതരിപ്പിച്ച ഡി.ജി.പി, മധുവിന്റെ ഡോക്ടര്‍, ജഗതിയുടെ അരവിന്ദാക്ഷന്‍, അനില്‍ പപ്പന്റെ എ.ഡി.ജി.പി, വില്ലന്‍മാരുടെ സംഘത്തെ അവതരിപ്പിച്ച രഞ്ജിത്ത്, കുണ്ടറ ജോണി, ചാലി പാല, കിരണ്‍ രാജ് തുടങ്ങി കാര്യമായി അഭിനയപ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളാണേറെ. ഏറെ വെറുപ്പിച്ച കഥാപാത്രം ലാലു അലക്സ് അവതരിപ്പിച്ച എ.ഡി.ജി.പി പീറ്റര്‍ സ്കറിയയാണ്. 

യക്ഷി ഫെയിം മേഘന രാജിന്റെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥ ലക്ഷ്മിയും ശ്വേതാ മേനോന്റെ ഡോക്ടറുമാണ് പ്രധാന യുവ സ്ത്രീ കഥാപാത്രങ്ങള്‍. 

ഇടതുപക്ഷ രാഷ്ട്രീയത്തിന് തലോടലുണ്ട് സിനിമയിലുടനീളം. മുഖ്യനെയും പാര്‍ട്ടി സെക്രട്ടറിയേയും പുകഴ്ത്താന്‍ കിട്ടിയ സമയമൊക്കെ സ്വാമിയും ഷാജിയും വിനിയോഗിച്ചിട്ടുണ്ട്.

നായകനെ കാണിക്കുമ്പോഴുള്ള രാജാമണിയുടെ പശ്ചാത്തല സംഗീതം ആകര്‍ഷകമാണ്. ബാക്കി സമയമൊക്കെ ശരാശരി. 

ചുരുക്കത്തില്‍, കാര്യമായ കഥയും പുതുമയും ഒന്നുമില്ലെങ്കിലും ചടുലതയാര്‍ന്ന തിരക്കഥയും സംവിധാനവും കൊണ്ട് നന്നാക്കാമായിരുന്ന ഒരു ശരാശരി ചിത്രം. നിര്‍ഭാഗ്യവശാല്‍ ഷാജിക്കും സ്വാമിക്കുമതിന് കഴിയാതെ പോയി. ആവേശം കുറഞ്ഞ പെരുമാളിന്റെ ശരാശരി അന്വേഷണം കണ്ടാല്‍ മതിയെന്നുള്ളവരെ  തൃപ്തിപ്പെടുത്താന്‍ 'ആഗസ്റ്റ് 15'ന് കഴിഞ്ഞേക്കും. 

-Review by Aashish

(image courtesy : 3dxmedia)

august 15 review, august 15 photos, mammootty, s.n swami, shaji kailas, m.mani, meghana raj, thalaivasal vijay, sidhique, august 15, august 15 malayalam film

5 comments:

SNMC memories said...

മലയാള, സിനിമ പഴയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങലെടുത്ത് കാലം കഴിക്കും , നമ്മുടെ വിധി

ഒരു കൊച്ചു കിനാവ്‌ said...

August 15 Review- ആഗസ്റ്റ് 15: ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം |@ aaavarthikkapedunna charithramalla.....DURANTHAM....

sani said...

swamiye kondu ezhuthippikkan ippozhum aalundallo, kastam thenne

ß є N™ J♥HηZ™ said...

NANNAYI !!! CASH POKATHE RAKSHAPETTU :)

arjun said...

koottam aai varunna padangalekal kollam, ottakkulla prakadanam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.