Sunday, February 13, 2011

Race review: ത്രില്ല് കുറഞ്ഞ റേസ്


കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'റേസ്' വ്യത്യസ്ത സ്ഥലങ്ങളില്‍ ബന്ധിയാക്കപ്പെടുന്ന ദമ്പതികളുടെയും അവരുടെ മകളുടെയും കഥയാണ്. വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടാണ് ഇവര്‍ ബന്ധിയാക്കപ്പെടുന്നതെങ്കിലും ഇതിനു പിന്നിലുള്ള വ്യക്തിക്ക് മറ്റെന്തോ ഇവരോട് സംവദിക്കാനുണ്ട്. കഥാതന്തു പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ എവിടെയോ കേട്ടതുപോലെ തോന്നുന്നു, അല്ലേ? ഹോളിവുഡിലെ 'ട്രാപ്പ്ഡോ' 'ബട്ടര്‍ഫ്ളൈ ഓണ്‍ വീല്‍സോ' അല്ലെങ്കില്‍ മലയാളത്തില്‍ 'കോക്ക് ടെയില്‍' എങ്കിലും കണ്ടവര്‍ രണ്ടാമതൊന്ന് ആലോചിക്കണ്ട. അതേ കഥ തന്നെ ഇത്തവണയും പറയുന്നു. പശ്ചാത്തലത്തില്‍ ചെറിയ മാറ്റത്തോടെ.

നഗരത്തിലെ യുവ കാര്‍ഡിയോളജിസ്റ്റ് എബി ജോണ്‍ എബ്രഹാമിന്റെ (കുഞ്ചാക്കോ ബോബന്‍) കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങളും ഇത് 24 മണിക്കൂര്‍ ആ കുടുംബത്തെ മള്‍മുനയില്‍ നിര്‍ത്തുന്നതുമാണ് കഥ. ബംഗളൂരുവില്‍ ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ ഡോ. എബിയെ ശ്വേത (ഗൌരീ മുഞ്ചാല്‍) എന്ന പെണ്‍കുട്ടി തോക്കിന്‍മുനയില്‍ നിര്‍ത്തി ഹോട്ടല്‍മുറിയില്‍ ബന്ധിയാക്കുന്നു. അതേസമയം തന്നെ എബിയുടെ വീട്ടില്‍ ഭാര്യ നിയയെ (മംമ്ത മോഹന്‍ദാസ്) നിരഞ്ജന്‍ (ഇന്ദ്രജിത്ത്)എന്ന യുവാവ് ബന്ധിയാക്കുന്നു. വീട്ടില്‍ നിന്ന് മകള്‍ അച്ചു (ബേബി അനിഘ) തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്യുന്നു.

തുടര്‍ന്ന് മകളെ വിട്ടുകൊടുക്കാന്‍ ഒരു കോടി രൂപയാണ് എബിയോടും നിയയോടും നിരഞ്ജന്‍ ആവശ്യപ്പെടുന്നത്.  ഇടയ്ക്ക് തുക രണ്ടുകോടിയായി ഉയര്‍ത്തുന്നുമുണ്ട്. ബന്ധലക്കപ്പെട്ട എബി നിരഞ്ജന്റെയും ശ്വേതയുടെയും നിര്‍ദേശത്തെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് മകളുടെ ജീവന്‍ രക്ഷിക്കാന്‍ പണം ലഭ്യമാക്കാന്‍ ഫോണിലൂടെ പലരോടും ശ്രമിക്കുന്നു. വന്‍തുക 24 മണിക്കൂറില്‍ ഒപ്പിക്കാനാകാതെ നാട്ടിലും ബംഗളൂരിലുമായി സമ്മര്‍ദ്ദത്തിലാകുന്ന ദമ്പതികളുടെ മനഃസംഘര്‍ഷമാണ് ചിത്രത്തെ നയിക്കുന്നത്.

പ്രശ്നങ്ങളേറെ ഉണ്ടെങ്കിലും  ആദ്യ പകുതിയില്‍ ഇത് സാമാന്യം ഭേദപ്പെട്ട നിലയില്‍ ഉദ്വേഗജനമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ കുക്കുവും തിരക്കഥയും സംഭാഷണവും എഴുതിയ റോബിന്‍ തിരുമലയും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രവചിക്കാനാവുന്ന ഒരു ക്ലൈമാക്സ് പ്രവചനാതീതം എന്ന് തോന്നിക്കാന്‍ തിരക്കഥയില്‍ വരുത്തിയ കാട്ടിക്കൂട്ടലുകള്‍ ചിത്രത്തെ നശിപ്പിക്കുകയാണ്. കൂടാതെ, ഒരു ത്രില്ലറിന് അത്യന്താപേക്ഷിതമായ ചടുലതയും പലസമയത്തും നിലനിര്‍ത്താന്‍ സംവിധായകനും തിരക്കഥാകൃത്തുമായിട്ടില്ല. സംഭാഷണങ്ങളാണ് ദയനീയമായത്. ഒരു ഘട്ടത്തിലും 'പഞ്ച്' കൊണ്ടുവരാന്‍ ഒരു ഡയലോഗിനും കഴിഞ്ഞിട്ടില്ല. 
രണ്ടാം പകുതിയില്‍ ശ്രീജിത്ത് രവി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥ കഥാപാത്രത്തിന്റെ അന്വേഷണവും ഡയലോഗുകളും തീയറ്ററില്‍ ചിരിയാണുയര്‍ത്തുന്നത്. പ്രമോദ് വര്‍മയുടെ ക്യാമറ പുതുമയൊന്നും നല്‍കില്ല. ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും പതിവ് നിലവാരത്തിലേക്കുയര്‍ന്നില്ല.

പ്രതിനായക വേഷത്തിലെത്തിയ ഇന്ദ്രജിത്താണ് അഭിനയത്തില്‍ തിളങ്ങിയത്. കുഞ്ചാക്കോ ബോബനും മംമ്തയും മോശമാക്കിയില്ല. ഗൌരീ മുഞ്ചാല്‍ ബംഗളൂരുവിലെ തട്ടിക്കൊണ്ടുപോകല്‍ പോലുള്ള രംഗങ്ങളില്‍ ശോഭിച്ചു. എന്നാല്‍ ഫ്ളാഷ് ബാക്കില്‍ പറയുന്ന നാടന്‍ കുടുംബിനിയുടെ വേഷത്തില്‍ ഇവര്‍ തീര്‍ത്തും യോജിക്കാത്ത നായികയായി. എല്ലാ വാചകവും രണ്ടുതവണ വീതം പറയുന്ന ജഗതിയുടെ  എല്‍ദോയും ശ്രദ്ധിക്കപ്പെടും. 

'ബട്ടര്‍ഫ്ലൈ ഓണ്‍ വീല്‍സി'ല്‍ നിന്ന് കടമെടുത്തതാണെങ്കിലും ചടുലതയും ഉദ്വേഗവും നിലനിര്‍ത്താനായി എന്നതായിരുന്നു 'കോക്ക്ടെയില്‍' എന്ന ചിത്രത്തിന്റെ വിജയം. പക്ഷേ, 'കോക്ക്ടെയില്‍' വന്നുപോയ ശേഷം എത്തിയ 'റേസി'ന് ആവര്‍ത്തന വിരസത മറികടക്കാനുമായില്ല, ഉദ്വേഗം നിലനിര്‍ത്താനുമായില്ല എന്നതാണ് പോരായ്മ. അതുകൊണ്ടു തന്നെ 'ബട്ടര്‍ഫ്ലൈയി'ല്‍ നിന്നും 'ട്രാപ്ഡി'ല്‍ നിന്നുമൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാണ് പുനരവതരിപ്പിച്ചിരിക്കുന്നത് എന്നറിയാന്‍ കൌതുകമുള്ളവര്‍ക്ക് 'റേസ്'  ആസ്വദിക്കാനായേക്കും.


- Review by Aashish

malayalam film race, race review, cinemajalakam review, kunchacko boban, indrajith in race, gauri munjal, mamtha mohandas, mamta, kukku surendran, robin thirumala

4 comments:

Sarath said...

ഈ ചിത്രം ആണോ കോക്ക് ടൈല്‍ ആലോചിക്കും മുമ്പ് ആലോചന തുടങ്ങിയത്?

Manoj T said...

y these malayalam directrs r always behind hollywood scripts?

binidh said...

prathibhadaridryam thanne

Unknown said...

kashtam !!!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.