Saturday, February 19, 2011

Payyans Review: രസമില്ലാത്ത പയ്യന്‍സ്


'പച്ചമരത്തണലില്‍' എന്ന ചിത്രത്തിനുശേഷം ലിയോ തഥേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് 'പയ്യന്‍സ്'. എന്നാല്‍ ആദ്യ ചിത്രത്തില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ അപ്പാടെ തകര്‍ക്കുന്ന വിധം ബാലിശമായൊരു സൃഷ്ടിയായി അദ്ദേഹത്തിന്റെ 'പയ്യന്‍സ്'.

എന്‍ജിനീയറിംഗ് കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അരിയര്‍ പേപ്പറുകള്‍ തീരാതെ യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാതെ അടിച്ചു പൊളിച്ചു നടക്കുന്ന ജോസി (ജയസൂര്യ)യെ ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമായാണ് അവതരിപ്പിക്കുന്നത്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ച ജോസി വളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ കഷ്ടപ്പെടുന്നത് അമ്മ പത്മ (രോഹിണി) തന്റെ തുച്ഛ വരുമാനത്തിലൂടെയാണ്. 

പക്ഷേ, കടത്തില്‍ മേല്‍ കടം കയറി അമ്മ കുടുംബം നടത്തുമ്പോഴും കുടുംബകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കറങ്ങിനടക്കാനാണ് ജോസിക്ക് താല്‍പര്യം. മകനോടുള സ്നേഹം കാരണം അവനെ കൃത്യമായി ശാസിച്ച് നിലക്ക് നിര്‍ത്താന്‍ മാതാവിന് കഴിയുന്നുമില്ല. 

ഇടവേളാനന്തരം വരുന്ന വഴിത്തിരിവ് ജോസിയുടെ മരിച്ചെന്ന് കരുതിയ പിതാവ് ജോണ്‍ വര്‍ഗീസ് മടങ്ങിവരുന്നതാണ്. ആദ്യപകുതിയില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധം പറഞ്ഞാണ് കഥ നീക്കിയതെങ്കില്‍ അവസാനപകുതി അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ്. മകനെ നന്നാക്കാനുള്ള അച്ഛന്റെ ശ്രമങ്ങള്‍...


മേല്‍പ്പറഞ്ഞ കഥാസാരത്തിലുള്ളതല്ലാതെ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തിരക്കഥയോ അതുപോലെ എന്തെങ്കിലുമോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ കൈയിലുള്ളതായി തോന്നുന്ന ഒരു രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്നിടത്താണ് 'പയ്യന്‍സ്' പ്രേക്ഷകരെ വെറുപ്പിക്കുന്നത്. ക്ലീഷേ അമ്മ- മകന്‍ സ്നേഹവും സെന്റിമെന്റ്സും അച്ഛന്‍ -മകന്‍ സ്നേഹവുമെല്ലാം പറഞ്ഞു പഴകിയതിനേക്കാള്‍ മോശം ദൃശ്യഭാഷയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ലിയോയുടെ 'പച്ചമരത്തണലില്‍' ഉദാത്ത ചിത്രമൊന്നുമല്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താനും ഒരു പരിധി വരെയെങ്കിലും സ്ത്രീകളെയും കുടുംബപ്രേക്ഷകരുടെയും മനസിനെ പിടിച്ചുലക്കാനും കഴിയുന്ന ചിത്രമായിരുന്നു. ഒരു സംവിധായകന്റെ ആദ്യ ചിത്രമെന്ന നിലക്ക് നല്ലതെന്ന് റേറ്റിംഗും നല്‍കാമായിരുന്നു. എന്നാല്‍ ആ പേര് അദ്ദേഹം 'പയ്യന്‍സി'ലൂടെ പൂര്‍ണമായും കളഞ്ഞുകുളിച്ചു. 

കഥാപാത്രങ്ങള്‍ക്ക് ചേരുന്ന അഭിനേതാക്കളായിരുന്നു എല്ലാവരും. തലതെറിച്ച പയ്യനായി ജയസൂര്യയും, അമ്മയായി രോഹിണിയും അച്ഛനായി ലാലും ഒക്കെ തികച്ചും യോഗ്യര്‍ തന്നെ. എന്നാല്‍ ഇവരെ ഈ കഥാപാത്രങ്ങളാക്കി മാറ്റാന്‍ മേക്കപ്പ്മാനു മാത്രമല്ല തിരക്കഥക്കും സംവിധായകനും അധ്വാനം ചെയ്യേണ്ടിവരുമെന്നും അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. 

ലാലാണ് ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവ്. ജയസൂര്യ തന്റെ പങ്ക് ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നായിക സീമയായെത്തുന്ന അങ്ങാടിത്തെരു ഫെയിം അഞ്ജലിക്ക് കാര്യമായൊന്നും ചെയ്യാനില്ല. സുരാജ് വെഞ്ഞാറമൂടും വളിപ്പുകളായി ചിത്രത്തിലുണ്ട്. ചിലവ പ്രേക്ഷകരെ ചിരിപ്പിക്കും. 

ഗാനങ്ങളാണ് മറ്റൊരു പോരായ്മ. എല്ലാം അരോചകം തന്നെ, ഇവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാകട്ടെ  പ്രേക്ഷകരുടെ രസംകൊല്ലുന്ന സന്ദര്‍ഭങ്ങളിലും. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗിനും അല്‍പം കൂടി വേഗമാകാമായിരുന്നു.

പ്രവചനാത്മകമാണ് കഥയും സന്ദര്‍ഭങ്ങളുമെന്നതിനുപുറമേ ഒരവസരത്തിലും പ്രേക്ഷകര്‍ക്ക് ആകാംഷതോന്നുന്ന രംഗം ഒരുക്കാന്‍ ആയിട്ടുമില്ല.  ചുരുക്കത്തില്‍, 'പയ്യന്‍സ്' പറഞ്ഞുപഴകിയ കഥയുടെ ഗുണപാഠ കഥയുടെ ബോറന്‍ തനിയാവര്‍ത്തനമാണ്. മലയാളസിനിമക്ക് ഒരു മേഖലയിലും ഗുണപരമായ സംഭാവന നല്‍കാതെ കടന്നുപോകുന്ന ശരാശരിയില്‍ താഴെയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഒരെണ്ണം കൂടി എന്നതാണ് ഏക പ്രത്യേകത. 

- Review by Aashish

malayalam movie payyans, payyans, jayasurya, payyans review, payyans gallery, rohini, anjali, actress anjali gallery, malayalam film payyans review, cinemajalakam

3 comments:

review reader said...

enthe malayala cinema ingane?

Manoj T said...

vere paniyonnum illayrnno?

ഒരു കൊച്ചു കിനാവ്‌ said...

ithavanathe aattukal ponkaal orikkalum marakkilla. varthakalude lokath ninnu purathirangiyappol samayam 1.30 am. appozhanu arinjath 2.00 am ne thampaaaanoorinu sameepathe. sreevishakil.payyansinte pradarshanam...valare parayasa pettu ticketumayi akathu kayari.....neend 2.30 manikoorolam kazhiyumbol aduthirunnavarokke koorkam valikkan thudangiyurunnu.....njaaaaaaaaaan onnnu aaanjonnu kooookkki....nishabdada....pinne oru koookkaaaaal perumazhayayirunnu.......enik smaadhaaaaaaaaanamyi.....pls


leyo thadevus vere pani onnum illeeeeeee

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.