Saturday, February 12, 2011

Makeup man Review: ശരാശരിക്കാരന്‍ മേക്കപ്പ്മാന്‍


ഷാഫിയുടെ 'മേക്കപ്പ്മാന്' പറയാനുള്ളത് യാദൃശ്ചികമായി സിനിമാനടിയാകേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടേയും അവള്‍ക്കൊപ്പം മേക്കപ്പ്മാനായി കൂടേണ്ടിവന്ന ഭര്‍ത്താവിന്റെയും കഥയാണ്. നിരവധി നര്‍മചിത്രങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അറിയാമെന്ന് തെളിയിച്ച ഷാഫിക്ക് പക്ഷേ, മേക്കപ്പ്മാനില്‍ എവിടൊക്കെയോ പിഴയ്ക്കുന്നതായി അനുഭവപ്പെടും.

ബാലു (ജയറാം) ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തി കടക്കെണിയിലായ യുവാവാണ്. നിരവധി പ്രശ്നങ്ങളുമായി കടക്കാരില്‍ നിന്ന് മുങ്ങി നടക്കുന്നതിനിടെ തന്നെ കാമുകി സൂര്യ (ഷീലാ കൌര്‍) അയാള്‍ക്ക് വിവാഹം ചെയ്യേണ്ടിവന്നു. കയ്യില്‍ നയാപൈസയില്ലാതെ അലയവേ ഇവര്‍ പഴയ സുഹൃത്തും സിനിമാ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായ കിച്ചു മാഞ്ഞാലിയുടെ (സുരാജ് വെഞ്ഞാറമൂട്) സഹായം തേടുന്നു. 
ഷൂട്ടിംഗ് സെറ്റിലെ പ്രമുഖര്‍ക്കായി വാടകയ്ക്കെടുത്ത ഹോട്ടല്‍മുറിയില്‍ ബാലുവിനും  സൂര്യക്കും ആദ്യരാത്രി താമസിക്കാന്‍ ഇയാള്‍ അവസരമൊരുക്കുന്നു. ആ ഹോട്ടലില്‍ വെച്ച് പുതുമുഖ നായികയെ തേടി നടന്ന സിനിമാ സംവിധായകന്‍ സിദ്ധാര്‍ഥിന്റെയും (സിദ്ദിഖ്) നിര്‍മാതാവിന്റെയും (ജനാര്‍ദ്ദനന്‍) മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറയുന്ന കള്ളങ്ങള്‍ സൂര്യയെ സിനിമാനടിയാക്കുന്നു. തന്റെ ഭര്‍ത്താവാണ് ബാലുവെന്ന സത്യം പറയാതെ തന്നെ ഒപ്പം നിര്‍ത്താനായി അയാളെ മേക്കപ്പ്മാനുമാക്കുന്നതോടെ സിനിമ രസകരമാവുന്നു. ആദ്യ പകുതി ഈ കഥാതന്തു സാമാന്യം ഭേദപ്പെട്ട രീതിയില്‍ അവതിരിപ്പിക്കാനായ തിരക്കഥാകൃത്തുക്കള്‍ സച്ചിക്കും സേതുവിനും രണ്ടാം പകുതിയില്‍ അതു നിലനിര്‍ത്താനാവാത്തിടത്ത് രസച്ചരട് പൊട്ടുന്നു. 

നായികയായി അനാമികയെന്ന പുതിയ പേര് സ്വീകരിച്ച സൂര്യക്കുണ്ടാകുന്ന മാറ്റങ്ങളും ഇത് ബാലുവുമായുള്ള ബന്ധത്തില്‍ വരുത്തുന്ന പ്രശ്നങ്ങളും സങ്കീര്‍ണമാവുകയാണ് രണ്ടാം പകുതിയില്‍. ഈ സങ്കീര്‍ണതകള്‍ രസകരമായും വിശ്വാസയോഗ്യമായും വെള്ളിത്തിരയില്‍ എത്തിക്കാന്‍ സംവിധായകനുമായില്ല. അവസാനം ചിത്രത്തില്‍ പ്രശ്നങ്ങളുടെ കുരുക്കഴിക്കാന്‍ എങ്ങനെയൊക്കെയോ പാടുപെടുകയാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും. ക്ലൈമാക്സും കോടതി രംഗങ്ങളും ബാലിശമായാണ് അവതരിപ്പിച്ചിരിക്കുന്നതും.

കഥാഗതിയുമായി സാമ്യമൊന്നുമില്ലെങ്കിലും സിനിമാക്കാരുടെ പ്രശ്നങ്ങളും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലെ ആശയക്കുഴപ്പങ്ങളുമൊക്കെ പറഞ്ഞുപോകുന്നതിനാല്‍ ചിലപ്പോഴെങ്കിലും 'ഉദയനാണ് താരം' ഓര്‍മവരും. കാര്യമായ കഥയൊന്നുമില്ലെങ്കിലും 'മേരിക്കുണ്ടൊരു കുഞ്ഞാട്' പോലൊരു സൂപ്പര്‍ഹിറ്റ് തയാറാക്കിയ ഷാഫിക്ക് 'മേക്കപ്പ്മാനില്‍' ആ ചടുലത നിലനിര്‍ത്താനായില്ല. കൂടാതെ വണ്‍മാന്‍ഷോയിലോ കല്യാണരാമനിലോ മറ്റോ കണ്ടതുപോലെ നിരവധി തമാശരംഗങ്ങള്‍ പ്രതീക്ഷിച്ച് പോകുന്നവര്‍ക്കും തൃപ്തിയാകില്ല. 

ആദ്യപകുതിയിലാണ് സാമാന്യം ഭേദപ്പെട്ട നര്‍മരംഗങ്ങളുള്ളത്. ആ രംഗങ്ങളില്‍ സുരാജ് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. സ്ഥിരം തിരോന്തരം സ്ലാംഗില്‍ കടിച്ചുതൂങ്ങിയുള്ള അഭിനയ ശൈലിയിലും ദ്വയാര്‍ഥ പ്രയോഗങ്ങളും ഒഴിവാക്കി അടുത്തിടെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സുരാജിന് ഗുണം ചെയ്യുന്നുണ്ട്. 

ജയറാമില്‍ നിന്ന് പതിവ് ശൈലിയിലുള്ള അഭിനയം ഇതിലും കാണാനാകും. താന്തോന്നി, മായാബസാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെത്തിയ ഷീലാ കൌര്‍ ഇത്തവണ വെറുപ്പിച്ചിട്ടില്ല. സൂര്യ എന്ന അനാമികയായി മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്കായി.
ആദ്യപകുതിയില്‍ സുരാജ് ശ്രദ്ധിക്കപ്പെടും പോലെ രണ്ടാം പകുതിയിലെ താരം സിദ്ദിഖാണ്. സംവിധായകന്‍ സിദ്ധാര്‍ഥ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു. ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങിയവര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും മോശമാക്കിയില്ല. 

അതിഥി താരങ്ങളായെത്തുന്ന പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കുഞ്ചാക്കോ സിനിമാനടനായെത്തി ഗാനരംഗത്തും ചെറിയ ചില രംഗങ്ങളില്‍ തലകാണിച്ചും മടങ്ങുമ്പോള്‍ പൃഥ്വിയുടെ അതിഥിവേഷത്തിന് കഥയിലും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. 
ഇരുവരും നായികക്കൊപ്പം ആടിപ്പാടുന്ന ഗാനരംഗങ്ങള്‍ നന്നായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
കൈതപ്രത്തിന്റെ വരികള്‍ പുതുമയില്ലാത്തതാണ്. വിദ്യാസാഗറിന്റെ ഈണം ശരാശരിയും. അഴകപ്പന്റെ ക്യാമറ ചിത്രത്തിന്റെ മേന്‍മയാണ്.

ചുരുക്കത്തില്‍ സൂപ്പര്‍ഹിറ്റ് ടീമായ ഷാഫിയുടേയും  സച്ചി സേതുവിന്റെയും ലേബല്‍ കണ്ട് കയറുന്നവരുടെ പ്രതീക്ഷകള്‍ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ 'മേക്കപ്പ്മാനാ'യിട്ടില്ല. എങ്കിലും ഇപ്പോള്‍ വിജയിക്കുന്ന മലയാള കോമഡി ചിത്രങ്ങളുടെ ട്രെന്‍ഡ് പരിശോധിച്ചാല്‍ തീയറ്ററില്‍ ആളുകയറ്റാന്‍ ഒരുപരിധിവരെ ഈ ശരാശരി ചിത്രത്തിനും കഴിഞ്ഞേക്കാം. 

- Review by Aashish

makeup man review, makeup man malayalam movie, makeup man gallery, shafi, jayaram, sachi-sethu, sheela kaur, kamna, jagathy sreekumar, suraj venjaramood, cinemajalakam review

5 comments:

Sarath said...

ഷാഫിക്കു എന്ത് പറ്റി? സ്റ്റോക്ക്‌ തീര്‍ന്നോ?

Ank said...

appo ithum.......

BT said...

malayali prekshakare enthenkilum kanichu kabalippikkamennu shafi vicharikkenda

joycy said...

athra pora allaeeeeeee

Reneesh Abraham said...

this is a good entertainer. cannot agree with reviewer this time

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.