Monday, February 7, 2011

khadhama review: മരുഭൂമിയിലെ പൊള്ളിച്ചകളുമായി ഗദ്ദാമ


അറബിനാട്ടില്‍ വീട്ടുവേലക്കെത്തി ദുരിതജീവിതം നയിക്കേണ്ടിവന്ന മലയാളി പെണ്‍കുട്ടിയുടെ കഥയാണ് 'ഗദ്ദാമ'യിലൂടെ സംവിധായകന്‍ കമല്‍ പറയുന്നത്. അടുത്തകാലത്ത് പുറത്തിറങ്ങിയ കമല്‍ ചിത്രങ്ങളേക്കാള്‍ എല്ലാവിധത്തിലും ഏറെ മുന്നിലാണ് 'ഗദ്ദാമ'. കമലിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം. അതിലുപരി ഇതൊരു കാവ്യാ മാധവന്‍ ചിത്രമാണ്. പ്രവാസത്തിനിടെ അനുഭവിച്ചു കൂട്ടേണ്ടിവന്ന ജീവിതദുരിതങ്ങള്‍ ഭാവതലത്തിലെത്തിക്കുന്നതില്‍ മികവ് കാട്ടിയ കാവ്യയുടെ ഗംഭീര പ്രകടനം ചിത്രത്തിന്റെ മേന്‍മയാണ്.

പാലക്കാടന്‍ ഗ്രാമത്തിലെ പ്രാരാബ്ധമുള്ള കുടുംബത്തില്‍ നിന്ന് അച്ചാര്‍ കമ്പനിയില്‍ ജോലിക്ക് പോയി കുടുംബം പുലര്‍ത്തിയിരുന്ന നാടന്‍ പെണ്‍കുട്ടിയായിരുന്ന അശ്വതി (കാവ്യ) നാട്ടിലെ ടിപ്പര്‍ ഡ്രൈവറെ (ബിജു മേനോന്‍) വിവാഹം കഴിക്കുകയാണ്. തികച്ചുമൊരു അറേഞ്ച്ഡ് മാര്യേജ്. വിവാഹത്തെത്തുടര്‍ന്ന് അയാളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നു. കള്ളുകുടിയും തല്ലുകൂടലുമൊക്കെ ഉപേക്ഷിച്ച് നല്ലൊരു കുടുംബനാഥനാകാന്‍ അയാള്‍ ശ്രമിക്കുന്നതിനിടെയാണ് മരണത്തിന്റെ ആഴക്കയങ്ങള്‍ അയാളെ തട്ടിയെടുക്കുന്നത്. തന്റെയും ഭര്‍ത്താവിന്റെയും കുടുംബദുരിതങ്ങള്‍ക്ക് പരിഹാരം തേടിയാണ് അങ്ങനെ അശ്വതി സൌദിയിലേക്ക് ഗദ്ദാമയായി (വീട്ടുവേലക്കാരി) പോകുന്നത്. 

ജീവിച്ചുപഴകിയ നാട്ടനുഭവങ്ങളുമായി തീര്‍ത്തും ബന്ധമില്ലാത്ത സാഹചര്യങ്ങളാണ് അവള്‍ക്കവിടെ നേരിടേണ്ടിവരുന്നത്. ഒരുപാട് വിചിത്രമനുഷ്യരുള്ള ഒരു അറബി കുടുംബത്തിലാണ് അവള്‍ പണിക്കെത്തുന്നത്. തന്നെ ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഉസ്മാന്‍ (സുരാജ് വെഞ്ഞാറമൂട്) അതേ വീട്ടിലെ ഡ്രൈവറാണ്. ഇയാളും ആ വീട്ടിലെ മറ്റൊരു ഗദ്ദാമയായ ഇന്തോനേഷ്യക്കാരി ഫാത്തിമയുമാണ് അശ്വതിക്ക് കഠിനജോലികള്‍ക്കിടെ കൂട്ടും ആശ്വാസവും. 

ഇതിനിടെ ഡ്രൈവറും ഇന്തോനേഷ്യക്കാരിയും തമ്മിലുള്ള അവിഹിതം വീട്ടില്‍ കണ്ടുപിടിക്കപ്പെടുകയും ഇവരെ ശിക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇന്തോനേഷ്യക്കാരി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നതോടെ അശ്വതിക്കാ വീട്ടിലെ ദുരിതപര്‍വം ആരംഭിക്കുന്നു. 

പിന്നീട് അശ്വതിക്കും ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ ആ വീട്ടില്‍ നിന്ന് ചാടിപോകേണ്ട അവസ്ഥ വന്നതോടെ അവളുടെ പ്രവാസ ജീവിതത്തിലെ മറ്റൊരു പരീക്ഷണ ഘട്ടം ആരംഭിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ രണ്ടാം ഘട്ടമാണ് കൂടുതല്‍ ഭീകരാനുഭവങ്ങള്‍ അവള്‍ക്ക് സമ്മാനിക്കുന്നത്. അറബിയുടെ വീട്ടില്‍ നിന്ന് കാണാതാവുന്ന അശ്വതിയെ തേടി സാമൂഹികപ്രവര്‍ത്തകനായ റസാഖ് (ശ്രീനിവാസന്‍) നടത്തുന്ന അന്വേഷണം രണ്ടാം പകുതി.

ചിത്രത്തില്‍ കാവ്യയിലെ അഭിനേതാവിന് വെല്ലുവിളിയാകുന്ന രംഗങ്ങളും ഇവിടെയാണ്. എന്നാല്‍ അശ്വതിയുടെ ദുരിതങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ കഴിവിന്റെ പരമാവധി മേന്‍മ നല്‍കാന്‍ അവര്‍ക്കായിട്ടുണ്ട്. 

പെരുമഴക്കാലത്തിനുശേഷം സംവിധായകന്റെ കൈമുദ്ര പതിഞ്ഞൊരു ചിത്രമൊരുക്കാന്‍ കമലിനുമായിട്ടുണ്ട്. മണലാരണ്യത്തിലെ ഭീദിതദൃശ്യങ്ങളും കാവ്യയുടെ അഭിനയവും കാണികളെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ കമലും കെ. ഗീരിഷ് കുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥയും ഒരിടത്തും അയഞ്ഞുപോകുന്നില്ല. 

സാമൂഹിക പ്രവര്‍ത്തകനായ റസാഖായി ശ്രീനിവാസനും തിളങ്ങി. ബെന്‍യാമിന്റെ 'ആടുജിവിതത്തി'ലെ കേന്ദ്രകഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന ബഷീറായി ഷൈന്‍ ടോമും അശ്വതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരതനായി മുരളീകൃഷ്ണനും ശ്രദ്ധേയപ്രകടനമാണ് കാഴ്ചവെക്കുന്നത്.

നല്ല ചിത്രമെന്ന തിരിച്ചറിവോടെ തീയറ്റര്‍ വിട്ടിറങ്ങുമ്പോഴും കമലിന് ഒഴിവാക്കാമായിരുന്ന ക്ലീഷേ രംഗങ്ങളുണ്ടെന്നതും മറക്കുന്നില്ല. റസാഖിന്റെ ഉമ്മയുടെ മരണവാര്‍ത്തയും തുടര്‍ന്നുള്ള വൈകാരിക രംഗങ്ങളും, മൃതദേഹം തിരിച്ചറിയാന്‍ എത്തിയയാള്‍ തിരികെ പോകുമ്പോള്‍ ടാക്സിക്കൂലി ചോദിക്കുന്നതുമൊക്കെ ഉദാഹരണങ്ങള്‍. അറബികളെല്ലാം കൊടുംക്രൂരന്‍മാരാണോ എന്നൊരു തോന്നലും  ചിത്രമുയര്‍ത്തുന്നുണ്ട്. 

ഗൌരവമായ വിഷയം പറഞ്ഞുപോകുന്ന ചിത്രമെന്ന നിലയില്‍ ഗാനങ്ങള്‍ ചിത്രത്തില്‍ അത്യന്താപേക്ഷിതമൊന്നുമല്ലായിരുന്നു. എങ്കിലും രണ്ടു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രയും വിജയ് യേശുദാസും പാടിയ 'നാട്ടുവഴിയോരത്തെ' ചാനലുകളില്‍ ഇന്‍സ്റ്റന്റ് ഹിറ്റാണ്. സംവിധായകന്‍ ഉദ്ദേശിച്ചതും അതാണ്. ശ്രേയാ ഘോഷലും ഹരിഹരനും പാടിയ 'വിദുരമീ യാത്ര'യും നല്ല ഗാനമാണ്. ബെന്നറ്റ് വീറ്റ്രാഗിന്റേതാണ് സംഗീതം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് പുതുമയൊന്നും നല്‍കാനായില്ല. എം.ജയചന്ദ്രന്റെ പശ്ചാത്തല സംഗീതവും  ഫ്രെയിമുകളെ മികവുറ്റതാക്കി. 

മൊത്തത്തില്‍ അധികം മോശമൊന്നും പറയാനില്ലാത്ത, പ്രവാസദുരിതങ്ങളില്‍ കുറച്ചെങ്കില്‍ ഓര്‍മിപ്പിക്കുന്ന ഒരു കമല്‍ ചിത്രം. അതാണ് 'ഗദ്ദാമ'.
നല്ല ചിത്രമെന്ന് അഭിപ്രായം വന്നിട്ടുണ്ട്. പക്ഷേ, തീയറ്ററില്‍ കയറി കാണാന്‍ ആളുവരുമോ എന്തോ....

-Review by Bharathanoor Shameer

gadhama review, khadhama review, kavya madhavan film, kavya madhavan gadhama, kamal, bijumenon, suraj venjaramood, cinemajalakam review, gadhama gallery

6 comments:

Sarath said...

ചിത്രം നല്ലത് തന്നെ...എന്നാല്‍ കമലിന് ഈ വിഷയം മനസ്സില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ കൂടുതല്‍ ആഴത്തില്‍ പറയാന്‍ സാധിക്കുമായിരുന്നു..
ആ അവസരം അദ്ദേഹം കളഞ്ഞു

binish said...

kooduthal nallathakkamayirunna chithram pakshe kamalinte painkily treatment gouravam nashtappeduthi

Reneesh Abraham said...

nice to see kamal back with a good film

review reader said...

nalla padam anu. njanum kandatha

Anonymous said...

keralathinte vikasanathe ithrayum sahayicha arab samoohathe ithrayum kroorarum kama veriyarum aayi chithreekarikkendiyirunnilla :(

Anonymous said...

I just watched the movie. the best one. Dont understand why ppl are making noise against this - is it just because Arabs are antagonists? Common, are you still with my religion, my people......slogan.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.