Tuesday, March 1, 2011

നവോദയ അപ്പച്ചന് ജെ.സി ഡാനിയേല്‍ പുരസ്കാരം


മലയാള സിനിമാരംഗത്ത് സമഗ്ര സംഭാവന നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി ഡാനിയേല്‍ പുരസ്കാരം നിര്‍മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന്. ഒരുലക്ഷം രൂപയും ശില്‍പവും ബഹുമതി പത്രവുമാണ് പുരസ്കാരമെന്ന് ജൂറി ചെയര്‍മാന്‍ ടി.വി ചന്ദ്രനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാള ചലച്ചിത്രരംഗത്ത് അരനൂറ്റാണ്ടിലേറെയായി   വിവിധ മേഖലകളില്‍ സ്വാധീനശക്തിയാണ് അപ്പച്ചനെന്ന് ജൂറി  അഭിപ്രായപ്പെട്ടു . 18 വര്‍ഷം പിന്നിടുന്ന പുരസ്കാത്തിനര്‍ഹനാകുന്ന മൂന്നാമത്തെ നിര്‍മാതാവാണ് അപ്പച്ചന്‍. ആദ്യം ഈ പുരസ്കാരം ലഭിച്ചത് നിര്‍മാതാവ് ടി. വാസുദേവനായിരുന്നു. 
നവോദയ അപ്പച്ചന്‍ എന്നറിയപ്പെടുന്ന ആലപ്പുഴ പുളിങ്കുന്നം മാളിയം പുരക്കല്‍ ചാക്കോ പുന്നൂസ് ഉദയ സ്റ്റുഡിയോ സ്ഥാപകനായ സഹോദരന്‍ കുഞ്ചാക്കോക്കൊപ്പമാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. സംവിധായകനായും നിര്‍മാതാവും പ്രവര്‍ത്തിച്ച അപ്പച്ചന്‍ പിന്നീട് നവോദയ സ്റ്റുഡിയോ സ്ഥാപിച്ചു. 

മലയാളസിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പല സാങ്കേതിക മേന്‍മകളും സംവിധാനങ്ങളും ആദ്യം എത്തിച്ചത് അപ്പച്ചന്‍ നിര്‍മിച്ച സിനിമകളിലൂടെയാണ്. ഇദ്ദേഹം നിര്‍മിച്ച ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായിരുന്നു. 
മലയാളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രത്തിന്റെ സംവിധായകനും ആദ്യ 70എം.എം സിനിമയുടെ നിര്‍മാതാവുമാണ്. ബേബിയാണ് ഭാര്യ. നാല് മക്കളുണ്ട്. 

വാര്‍ത്താസമ്മേളനത്തില്‍ ജൂറി അംഗങ്ങളായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, വിധുബാല, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

navodaya appachan, j.c daniel award, k.r mohanan, my dear kuttichathan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.