Tuesday, February 22, 2011

ആറന്മുള പൊന്നമ്മ ഇനി ഓര്‍മ


മലയാള സിനിമയുടെ അമ്മ ആറന്മുള പൊന്നമ്മ ഇനി ഓര്‍മ. 96 വയസ്സായിരുന്ന അവര്‍ തിങ്കളാഴ്ച വൈകുന്നേരം 6.20 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നിര്യാതയായത്. കുറച്ചുനാളായി രോഗബാധിതയായിരുന്നു. ജനുവരി 31 ന് വീണ് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഫെബ്രുവരി രണ്ട് മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ആശുപത്രിയില്‍ നിന്ന് മൃതദേഹം രാത്രി ജഗതിയിലെ  വീട്ടിലും  അവിടെ നിന്ന് ശാസ്തമംഗലത്ത് ബന്ധുവായ നടന്‍ സുരേഷ്ഗോപിയുടെ വീട്ടിലുമെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11 ന് നഗരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം  ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിക്കും. 

മലയാളസിനിമയില്‍ 'അമ്മ' കഥാപാത്രങ്ങളുടെ പര്യായമായിരുന്നു ആറന്മുള പൊന്നമ്മ.  അഞ്ച് വര്‍ഷം നാടകത്തില്‍ അഭിനയിച്ച ശേഷം 1950 ല്‍  'ശശിധരന്‍' എന്ന ചിത്രത്തിലൂടെ 34 ാം വയസ്സില്‍ മിസ് കുമാരിയുടെ അമ്മയായാണ് ചലച്ചിത്ര രംഗത്തെത്തിയത്. ഇതിനുശേഷം അമ്മ വേഷങ്ങള്‍ തുടര്‍ച്ചയായി തേടിയെത്തുകയും കാലക്രമേണ മലയാളസിനിമയും പ്രേക്ഷകരുടെയും മനസില്‍ അമ്മയായി പൊന്നമ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. അമ്മവേഷങ്ങളില്‍ മാത്രം 500 ലധികം സിനിമകളില്‍ അഭിനയിച്ചതും പ്രത്യേകതയാണ്. തന്നെക്കാള്‍ പ്രായമുള്ള നടന്‍ സത്യന്റെ വരെ അമ്മയായി ചെറുപ്പമായിരുന്നപ്പോള്‍ തന്നെ അഭിനയിച്ചു.

ആറന്മുള മാലേത്ത് കേശവന്‍പിള്ളയുടേയും പാറുക്കുട്ടിയമ്മയുടെയും മകളാണ്. കൊച്ചുകൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. സംഗീതം അഭ്യസിച്ചിരുന്ന പൊന്നമ്മ വിവവഹശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ സംഗീതാധ്യാപികയായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് അവധിയിലായിരുന്നപ്പോഴാണ് നാടകാഭിനയത്തില്‍ എത്തുന്നത്. സഹോദരി തങ്കം വാസുദേവന്‍നായര്‍ അക്കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു.  പൊന്നമ്മയും തങ്കവും ആറന്മുള സിസ്റ്റേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. 

സിനിമാരംഗത്ത് അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച പൊന്നമ്മയെ 2006 ല്‍ ജെ.സി. ദാനിയേല്‍ പുരസ്കാരം നല്‍കി സംസ്ഥാനസര്‍ക്കാര്‍ ആദരിച്ചു. 1996 ല്‍ കഥാപുരുഷനിലെ അഭിനയത്തിന് ദേശീയ അംഗീകാരവും ലഭിച്ചു. കുറച്ചുകാലമായി മകന്‍ പരേതനായ ഡോ. രാജശേഖരന്റെ മകള്‍ രാധികക്കും സുരേഷ്ഗോപിക്കുമൊപ്പമാണ് കഴിഞ്ഞുവന്നത്. പരേതയായ രാധമ്മയാണ് മറ്റൊരു മകള്‍. 

ഉമ്മിണിത്തങ്ക, സ്കൂള്‍ മാസ്റ്റര്‍, വേലുത്തമ്പിദളവ, കുടുംബിനി, ശകുന്തള, തറവാട്ടമ്മ, അഗ്നിപുത്രി, ലേഡി ഡോക്ടര്‍, വിദ്യാര്‍ഥി, വിരുതന്‍ ശങ്കു, അധ്യാപിക, കുമാരസംഭവം, ശ്രീഗുരുവായൂരപ്പന്‍, ദേവി കന്യാകുമാരി, നിറമാല, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, സീത, പത്താമുദയം, അച്ചുവേട്ടന്റെ വീട്, ആഴിക്കൊരുമുത്ത്, അദ്വൈതം, സവിധം, ആകാശദൂത്, സിന്ദൂരരേഖ, ജനാധിപത്യം, ഇന്ദ്രിയം, ലേലം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2002 ല്‍ഗൌരീശങ്കരമായിരുന്നു അവസാനചിത്രം.

aranmula ponnamma, aranmula ponnamma passed away, aranmula ponnamma dead

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.