Thursday, February 3, 2011

ശാരംഗപാണി അന്തരിച്ചു


വടക്കന്‍പ്പാട്ട് കഥകളിലെ വീരനായകരെ മലയാള സിനിമക്ക് നല്‍കിയ തിരക്കഥാകൃത്ത്  ശാരംഗപാണി  (86) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാതിരപ്പള്ളിയിലെ കുടുംബവീടായ  'മലയാള കലാഭവന്‍' വളപ്പില്‍ നടക്കും. കുറേക്കാലമായി രോഗബാധിതനായിരുന്നു. 
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തിരുവിതാംകൂര്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെയും സഹയാത്രികനായിരുന്നു അദ്ദേഹം. 

ആലപ്പുഴ ആറാട്ടുവഴിയില്‍ പുത്തന്‍പുരക്കല്‍ കങ്കാളി -പാപ്പി ദമ്പതികളുടെ മകനാണ്. പ്രശസ്ത നിര്‍മാണകമ്പനിയായ ഉദയായുടെ ബാനറിലാണ് ശാരംഗപാണി കൂടുതല്‍ തിരക്കഥകളും സംഭാഷണങ്ങളും രചിച്ചത്. ഉദയായുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ശാരംഗപാണിയെ സിനിമാരംഗത്ത് ശ്രദ്ധേയനാക്കിയത്. 
വടക്കന്‍ കഥകള്‍ക്ക് വേണ്ട എല്ലാ ചേരുവകളും പ്രേക്ഷകരുടെ മനസ്സിനനുസരിച്ച് ചേര്‍ത്തുവെക്കാനും ഹിറ്റുകളാക്കി മാറ്റാനും ശാരംഗപാണിക്ക് കഴിഞ്ഞു. 

ഉദയാക്കുവേണ്ടി 'ഉമ്മ' എന്ന സിനിമക്ക് സംഭാഷണം എഴുതിയാണ് രംഗത്തുവന്നത്. ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാര്‍ച്ച, കടത്തനാട്ടുമാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, സഞ്ചാരി, കടത്തനാടന്‍ അമ്പാടി, നീലിസാലി, പോസ്റ്റുമാനെ കാണാനില്ല, താര, അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങി നാല്‍പ്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. 

രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ ശാരംഗപാണി എഴുതിയ നാടകം 'അവരെന്റെ മക്കള്‍' സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചത് ചരിത്രസംഭവമാണ്. 
വിപ്ലവ ഗായിക പി.കെ. മേദിനി സഹോദരിയും ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പരേതനായ പി.കെ. ബാവ സഹോദരനുമാണ്. ഭാര്യ: പരേതയായ പ്രശോഭിനി. മക്കള്‍: കല, ജൂല (പാംഫൈബര്‍ കമ്പനി), ബിജു, പരേതനായ ബൈജു. മരുമക്കള്‍: കുമാരന്‍, ജയപ്രകാശ്, കല, ഇന്ദിര.

sarangapani, udaya, malayalam film writer sarangapani, sarangapani dead

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.