Saturday, January 15, 2011

Note out review: നോട്ട് ഔട്ട് അസഹ്യം

നിഷാനെ നായകനാക്കി കുട്ടി നടുവില്‍ സംവിധാനം ചെയ്ത 'നോട്ട് ഔട്ട്' പറയുന്നത് ലക്ഷ്യബോധമില്ലാതെ കൂട്ടുകുടി നടക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ്. ഇവരുടെ തോന്നിയപടിയുള്ള ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരുമ്പോള്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങളാണ് കഥ.

അഞ്ചംഗസംഘം ഗ്രാമത്തില്‍ കാട്ടിക്കൂട്ടുന്ന നിഷ്കളങ്കമായ തട്ടിപ്പുകളും മറ്റും നര്‍മത്തില്‍ ചാലിച്ച് പ്രേക്ഷകരെ കൈയിലെടുക്കാനായിരുന്നു സംവിധായകന്റെ ശ്രമമെങ്കിലും ഒരു ഘട്ടത്തിലും അതിനു കഴിയാതെ പോകുന്നിടത്ത് ചിത്രം സമ്പൂര്‍ണ പരാജയമാകുന്നു.

പവിത്രന്റെ (നിഷാന്‍) നേതൃത്വത്തിലെ അഞ്ചംഗ യുവസംഘമാണ് കഥ നിയന്ത്രിക്കുന്നത്. ഒരിക്കല്‍ ഒരു ഉടക്കിലൂടെ പരിചയപ്പെടുന്ന മായ (മിത്രാ കുര്യന്‍) പവിത്രന്റെ കൂടെ ഇറങ്ങിവരുന്നതോടെ ഇവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്നു. 

കുട്ടി നടുവിലിന്റെ ആദ്യ സംരംഭത്തില്‍ നിര്‍ഭാഗ്യവശാല്‍ ഒരു വിഭാഗത്തിലും മേന്‍മ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തിരക്കഥാകൃത്ത് വൈ.വി രാജേഷും എന്തെങ്കിലും വിധത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തും തിരക്കഥ തയാറാക്കുന്നതില്‍ പരാജയമാണ്. 

കഥ, തിരക്കഥ എന്നിവയില്‍ പുതുമ കൊണ്ടുവരാന്‍ ആയില്ലെന്നുമാത്രമല്ല വിരസമായ കോമഡി രംഗങ്ങളും കേട്ടുമടുത്ത ഡയലോഗുകളും തമാശകളുമൊക്കെ പ്രേക്ഷകരെ നന്നായി വെറുപ്പിക്കുന്നുമുണ്ട്. ക്ലൈമാക്സ് ആകട്ടെ, ആകെ കൂടിക്കുഴഞ്ഞ് ഒന്നും മനസിലാകാത്ത പരുവത്തിലുമായി.

ആഴമുള്ള കഥാപാത്രങ്ങളൊന്നുമില്ലാത്തതിനാല്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ച വെക്കാനുമായില്ല. നിഷാന്‍ വികാരരഹിത ഭാവങ്ങളോടെയാണ് ആദ്യവസാനം സ്ക്രീനിലെത്തിയതെന്നും പറയാതെ വയ്യ. അനൂപ് ചന്ദ്രനും ബിജുക്കുട്ടനും സുരാജുമായിരുന്നു തമ്മില്‍ ഭേദം. ഗാനരംഗങ്ങളിലും സാഹിത്യത്തിലോ ചിത്രീകരണത്തിലോ യാതൊരു മേന്‍മയും പറയാനില്ലാത്തവയായി. ചിത്രത്തില്‍ ഒരു മേഖലയിലും കാര്യമായ ചര്‍ച്ചക്ക് വകയില്ലാത്തതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. 

ചുരുക്കത്തില്‍ പുതുതലമുറ ചിത്രങ്ങള്‍ ചെറിയ രീതിയിലെങ്കിലും കടന്നുവരുന്ന മലയാളചലച്ചിത്രമേഖലയെ 20 വര്‍ഷമെങ്കിലും പിന്നോട്ടടിക്കുന്ന ചിത്രമായി 'നോട്ട് ഔട്ട്' (എന്തിനാണ് ചിത്രത്തിന് ഈ പേര് തെരഞ്ഞെടുത്തത്?).

'ഋതു' മുതല്‍ 'പ്രാഞ്ചിയേട്ടന്‍' വരെയുള്ള നല്ല ചിത്രങ്ങളും ചില തട്ടുപൊളിപ്പന്‍ കൊമേഴ്സ്യല്‍ ചിത്രങ്ങളും വിതരണത്തിനെടുത്ത പ്ലേ ഹൌസ് റിലീസ് എന്തു കണ്ടാണ് ഈ ചിത്രം വിതരണത്തിനെടുത്തതെന്നും മനസിലാകുന്നില്ല.

Review by Aashish

note out, malayalam film note out, note out review, nishan, mitra kurien, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.