Tuesday, January 11, 2011

NO one killed jessica Review: യാഥാര്‍ഥ്യത്തില്‍ നിന്നകലാതെ ജെസീക്ക

യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള കഥകള്‍ സിനിമയാകുന്നത് അത്ര അപൂര്‍വമല്ല. രാജ്യമാകെ കോളിളക്കം സൃഷ്ടിച്ച ജെസീക്കാലാല്‍ വധമാണ് 'നോ വണ്‍ കില്‍ഡ് ജെസീക്ക' എന്ന ഹിന്ദി ചിത്രത്തിന് ആധാരം.

കൊല്ലപ്പെട്ട യുവതിയുടെയും അവരുടെ സഹോദരിയുടെയും യഥാര്‍ഥ പേര് തന്നെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നതിനാല്‍ കേവലമൊരു ഡോക്യുമെന്ററിയായി മാറുമോ എന്ന സംശയവും പലരിലുമുണ്ടായേക്കാം.  'നോ വണ്‍ കില്‍ഡ് ജെസീക്ക' ജെസീക്കാവധത്തിന്റെയും തുടര്‍ന്നുണ്ടായ നീതിക്കായുള്ള പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയാണ്. അതേസമയംതന്നെ  ആസ്വാദനത്തിന് ഒരിക്കലും കല്ലുകടിയാകാത്തവിധം സിനിമാറ്റിക് അംശങ്ങള്‍ ചേര്‍ക്കാന്‍ സംവിധായകന്‍ മറന്നിട്ടുമില്ല. 

സഹോദരിയായ ജെസീക്ക (മൈറ) പബ്ബില്‍ വെടിയേറ്റ വിവരം അര്‍ധരാത്രി സബ്രീന ലാല്‍ (വിദ്യാബാലന്‍) ഫോണില്‍ അറിയുന്നിടത്ത് കഥ തുടങ്ങുന്നു. മദ്യം ആവശ്യപെട്ടപ്പോള്‍ നല്‍കിയില്ലെന്ന നിസാര കാരണത്തിന് ശക്തനായ രാഷ്ട്രീയ നേതാവിന്റെ മകന്റെ കൈകൊണ്ട് വെടിയേറ്റ് മരിക്കേണ്ടി വന്ന ജെസീക്കക്ക് നീതി തേടിയുള്ള പോരാട്ടമാണ് തുടര്‍ന്നങ്ങോട്ട്. സാധാരണഗതിയില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ കാര്യമായ തടസ്സമൊന്നുമില്ലാത്ത കേസിലാണ് സാക്ഷികളെ വിലക്കെടുക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത് ഇവിടെ വിധി കീഴ്മേല്‍ മറിക്കുന്നത്. ഫലമോ 300ലധികം പേരുടെ മുന്നില്‍ ദല്‍ഹി നഗരത്തില്‍ കൊല്ലപ്പെട്ട യുവതിക്കായി സാക്ഷി പറയാനാരുമില്ലാതെ കുറ്റവാളിയെ വെറുതേ വിടുന്നു.

തുടര്‍ന്ന് മീര (റാണി മുഖര്‍ജി) എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ ശക്തമായ ഇടപെടല്‍ മൂലം സാക്ഷികളെ സ്വാധീനിച്ച് കേസ് മുക്കിയ കഥ മാധ്യമങ്ങളിലും സമൂഹത്തിലും ചര്‍ച്ചയാകുന്നു. ഒടുവില്‍ ജനകീയ വികാരം ശക്തമാകുന്നതോടെ കേസ് പുനരന്വേഷിച്ച് ജെസീക്കക്ക് നീതി ലഭ്യമാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ആദ്യ പകുതിയില്‍ നീതിക്കായി സബ്രീന ഒറ്റക്ക് പോരാടുകയും പണത്തിന്റെയും സ്വാധീനത്തിന്റെയും പ്രഭാവം മറികടക്കാനാവാതെ തോറ്റു പിന്‍മാറുകയും ചെയ്യുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. രണ്ടാം പകുതിയില്‍ മീരയുടെ ശ്രമങ്ങള്‍ കഥക്ക് വേഗം കൂട്ടുകയും ആവേശകരമായി കഥ സമൂഹ മനസാക്ഷി തൊട്ടുണര്‍ത്തി അവസാനിക്കുകയും ചെയ്യുന്നു. 

എല്ലാവര്‍ക്കും അറിയാവുന്ന സംഭവം/കഥ അവതരിപ്പിക്കുമ്പോള്‍ വിരസത തെല്ലും തോന്നാതെ അവതരിപ്പിച്ചിടത്താണ് സംവിധായകന്‍ രാജ്കുമാര്‍ ഗുപ്തയുടെ മിടുക്ക്. 'ആമിര്‍' എന്ന കൊച്ചുചിത്രം സംവിധാനം ചെയ്ത ബോളിവുഡില്‍ കടന്നുവന്ന ഗുപ് ത രണ്ടാം ചിത്രത്തിന്റെ അവതരണത്തില്‍ കൂടുതല്‍ മുന്നേറിയിട്ടുണ്ട്. സഹോദരി നഷ്ടമായ നായികയുടെ ദു:ഖവും തോല്‍വികളേറ്റു വാങ്ങുമ്പോഴുള്ള നിസഹായതയും അതിഭാവുകത്വമോ കണ്ണീര്‍ രംഗങ്ങളോ ഇല്ലാതെ തന്നെ അവതരിപ്പിച്ചു ഫലിപ്പിക്കാനുമായിട്ടുണ്ട്. 

2011ന്റെ ആദ്യവാരമെത്തിയ ചിത്രമെന്ന നിലയില്‍ ബോളിവുഡില്‍ പ്രതീക്ഷ നല്‍കാനും ഗുപ്തക്ക് 'ജെസീക്ക'യിലൂടെ കഴിഞ്ഞു. ആദ്യവസാനം ചിത്രത്തെ സജീവമാക്കുന്നതില്‍ അമിത് ത്രിവേദിയുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും വഹിച്ച പങ്ക് ചെറുതല്ല. രാജ്കുമാര്‍ ഗുപ്തയുടെ സംഭാഷണങ്ങളും കുറിക്കു കൊള്ളുന്നതായി. സാധാരണ പ്രേക്ഷകരെക്കാള്‍ നഗര പ്രേക്ഷകര്‍ക്ക് രുചിക്കുംവിധമാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് വാചകങ്ങള്‍ അല്‍പം കൂടുതലായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. 

അഭിനയത്തില്‍ റാണി മുഖര്‍ജി തന്നെ മുഖ്യ ആകര്‍ഷണം. മികച്ച വേഷങ്ങള്‍ ഭദ്രമായി കൈകാര്യം ചെയ്യാനറിയാവുന്ന ഇവരുടെ ശക്തമായ തിരിച്ചുവരവു കൂടിയാണീ ചിത്രം. വിദ്യ ബാലനും ഒട്ടും പിന്നോട്ടു പോയില്ല. പുതുമുഖം മൈറയും ജെസീക്കയാക്കി സാനിധ്യമറിയിച്ചു.  തന്റെ മുന്നില്‍ സത്യസന്ധ മൊഴി നല്‍കുകയും പിന്നീട് സാക്ഷികള്‍ കൂറുമാറുകയും ചെയ്യുമ്പോള്‍ നിസഹായനാകുന്ന പോലീസ് ഇന്‍സ്പെക്ടറായി രാജേഷ് ശര്‍മയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. 

മൊത്തത്തില്‍, നമ്മള്‍ക്കെല്ലാമറിയാവുന്ന യഥാര്‍ഥ സംഭവങ്ങള്‍ ചടുലമായി, എന്നാല്‍ സത്യസന്ധമായും ആകര്‍ഷകമായും അവതരിപ്പിക്കാന്‍ രാജ്കുമാര്‍ ഗുപ്തക്കായിട്ടുണ്ട്.  

-Review by Aashish

no one killed jessica review, no one killed jessica, rani mukherjee, vidya balan, rajkumar gupta, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.