Sunday, January 23, 2011

the metro review: മെട്രോ- പാഴാക്കിയ അവസരം


ജനപ്രിയനായകന്‍ ദിലീപ് ശരത്കുമാറിനെയും യുവനടന്‍മാരെയും ഒന്നിച്ചണിനിര്‍ത്തി നിര്‍മിച്ച 'ദി മെട്രോ' വ്യത്യസ്തമായൊരു ത്രില്ലര്‍ എന്ന ലേബലോടെയാണ് തീയറ്ററുകളിലെത്തിയത്. യുവതാരങ്ങളെ മുന്‍നിര്‍ത്തി 'മലര്‍വാടി ആര്‍ട്സ് ക്ലബ്' നിര്‍മിച്ചശേഷമുള്ള ദിലീപിന്റെ സംരംഭമായതിനാല്‍ പ്രതീക്ഷകളും കുടുതലായിരുന്നു. എന്നാല്‍ കണ്ടുപഴകിയ ആക്ഷന്‍, പോലീസ് ചിത്രങ്ങള്‍ക്ക് പറഞ്ഞതില്‍ കൂടുതലൊന്നും നല്‍കാനാവാത്തതാണ് 'ദി മെട്രോ'യെ പിന്നോട്ടടിക്കുന്നത്.

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഹരികൃഷ്ണന്‍ (നിവിന്‍ പോളി) എന്ന ചെറുപ്പക്കാരന്‍ കൂട്ടുകാര്‍ക്കൊപ്പം ഉല്ലാസയാത്ര പോയി മടങ്ങിവരുമ്പോള്‍ കൊച്ചി നഗരത്തില്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഉസ്മാന്‍ (ഭഗത്), സൂരജ് (അരുണ്‍), ബിയോണ്‍ എന്നീ സമപ്രായക്കാര്‍ക്കൊപ്പം ജീപ്പിന്റെ ഡ്രൈവറും സുഹൃത്തുമായ സുജാതനും (സുരാജ് വെഞ്ഞാറമൂട്) ഈ യാത്രയില്‍ ഒപ്പമുണ്ട്. പാലയിലെ അച്ചായന് (ജഗതി) സുഹൃത്ത് ഗള്‍ഫില്‍നിന്ന് കൊടുത്തുവിട്ട സമ്മാനം നല്‍കി തിരികെ പാലക്കാട്ടേക്ക് പോകുംവഴി കൊച്ചി നഗരത്തില്‍ ഇവര്‍ മൂന്നുസംഭവങ്ങള്‍ നേരിടുന്നു. 1, റെസ്റ്റോന്റില്‍ വെച്ച് അനുപമ (ഭാവന) എന്ന പെണ്‍കുട്ടിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ച ഗുണ്ടകളില്‍ നിന്ന് അവളെ രക്ഷിക്കുന്നു. 2, ട്രാഫിക്കിനിടെ തങ്ങളുടെ വാഹനത്തില്‍ അമിതവേഗത്തിലെത്തി മുട്ടിയ കാറിലുള്ള ഗുണ്ട ഫ്രഡ്ഡി (നിഷാന്ത് സാഗര്‍) കൊമ്പുകോര്‍ക്കുന്നു. 3, യാത്രക്കിടെ സംഘത്തിലൊരാളുടെ മൊബൈലില്‍ ഒരു കൊലപാതകരംഗം ചിത്രീകരിക്കുന്നു. 

ഈ മൂന്നുസംഭവങ്ങള്‍ക്കും പരസ്പരബന്ധം ഉണ്ടാകുന്നതും ഈ യുവാക്കളെ ഷാജി പരുത്തിക്കാടന്‍ (സുരേഷ് കൃഷ്ണ) എന്ന കൊച്ചി വാഴുന്ന ഗുണ്ടാനേതാവ് ഒരു രാവ് പുലരുവോളം നഗരത്തില്‍ പിന്തുടരുന്നതും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് രണ്ടാം പകുതി. 
ചിത്രം തുടങ്ങുമ്പോള്‍ തന്നെ ഷാജി പരുത്തിക്കാടന്റെ കൊച്ചിയിലെ അപ്രമാദിത്വവും രാഷ്ട്രീയ, പോലീസ് സ്വാധീനവും ചിത്രത്തില്‍ വെളിവാക്കുന്നുണ്ട്. ഇവ നേരിടാന്‍ ശ്രമിക്കുന്ന ഒറ്റയാന്‍ സി.ഐ ജേക്കബ് അലക്സാണ്ടര്‍ ആയി ശരത്കുമാര്‍ രംഗത്തെത്തുന്നു. ചിത്രം പുരോഗമിക്കുമ്പോള്‍ കഥയിലെ വഴിത്തിരിവുകളില്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമാവുന്നു.

ചിത്രത്തിന്റെ നിര്‍മാതാവ് ദിലീപിന്റെ ആമുഖത്തോടെയാണ് 'ദി മെട്രോ' ആരംഭിക്കുന്നത്. മൂന്നു വ്യത്യസ്ത ട്രാക്കുകളിലൂടെ കഥ പറയുന്നെന്നും ഇതു നിങ്ങള്‍ക്കും സംഭവിക്കാമെന്നുമൊക്കെ പറഞ്ഞ് ഭയപ്പെടുത്തിയ ശേഷമാണ് കഥയിലേക്ക് കടക്കുന്നത്. എന്നാല്‍ വ്യത്യസ്ത ട്രാക്കുകളിലെ കഥകള്‍ക്ക് പൊതു അന്ത്യവും ക്ലൈമാക്സുമൊക്കെ പരീക്ഷിച്ച 'ബാബല്‍' പോലെയോ മലയാളത്തിലെ 'ട്രാഫിക്' പോലെയോ തെലുങ്കിലെ 'വേദം' പോലെയോ മറ്റോ പ്രതീക്ഷിച്ചാല്‍ തെറ്റി. ഏതൊരു കഥയിലും ഉള്ളപോലെ പ്രധാനകഥയും ഉപകഥകളുമേ ഈ ചിത്രത്തിലുള്ളൂ.

കാക്കി, വണ്‍വേ ടിക്കറ്റ്, സമസ്തകേരളം എന്നീ ചിത്രങ്ങള്‍ കണ്ടുപോയതിനാല്‍ സംവിധായകന്‍ ബിപിന്‍ പ്രഭാകറില്‍ നിന്ന് അല്‍ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും നേരിയ പുരോഗതിയെങ്കിലും ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവും ഗുണം ചെയ്തില്ല. 

വ്യാസന്‍ ഏടവനക്കാടിന്റെ കഥ,തിരക്കഥ, സംഭാഷണവും ഒരു ത്രില്ലറിന് ചേരുന്ന വിധമായില്ല. (മഹാഭാരതം എഴുതിയ വ്യാസനൊന്നുമല്ലല്ലോ അതുകൊണ്ട് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടന്നാകും.) ഇതേ കഥയും രംഗങ്ങളും തന്നെ ചടുലവും ത്രില്ലിംഗുമാക്കാന്‍ അല്‍പസ്വല്‍പം പരിശ്രമമുണ്ടായിരുന്നെങ്കില്‍ നടന്നേനേ. പക്ഷേ, തിരക്കഥയില്‍ ധാരാളമായുള്ള അയഞ്ഞ മേഖലകള്‍ പ്രേക്ഷകനെ മുള്‍മുനയില്‍നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ പോലും അതുചെയ്യുന്നില്ല. അപക്വമായ സംഭാഷണമാണ് ചിത്രത്തിലെ പോരായ്മകളില്‍ പ്രധാനം. അനവസരത്തില്‍ പലപ്പോഴും തിരുകി കയറ്റിയ സെന്റി രംഗങ്ങളും പ്രേക്ഷകന് തലവേദനയുണ്ടാക്കും. 

പിന്നെ ശരത്കുമാറിന്റെ നായകവേഷം. ചിത്രം തുടങ്ങുന്നതു മുതല്‍ ഒരുപാട് സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒറ്റയാള്‍ പ്രകടനവും വാചക കസര്‍ത്തുമൊക്കെയായി ഷോ കാണിക്കുന്നുണ്ട്. ആ ഘട്ടങ്ങളില്‍ അദ്ദേഹം മികച്ചപ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എന്നാല്‍ പ്രേംനസീര്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ളവരുടെ പോലീസ് കഥാപാത്രങ്ങള്‍ അനീതിക്കെതിരെ പ്രതികരിച്ചപ്പോഴും മേലുദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലരായപ്പോഴും പറഞ്ഞ ഡയലോഗുകളുകളുടെ തനിയാവര്‍ത്തനമായി എല്ലാം എന്നതാണ് നിര്‍ഭാഗ്യകരം.

യുവതാരങ്ങളില്‍ നിവിന്‍ പോളിയും ഭഗത്തും തിളങ്ങി. അരുണിനും ബിയോണിനും കൂടെ നില്‍ക്കുകയെന്നല്ലാതെ അഭിനയിക്കാന്‍ തീരെ അവസരങ്ങളില്ല. സുരാജിന്റെ നിരന്തരമുള്ള പ്രാരാബ്ധം പറച്ചില്‍ ബോറാക്കി. സുരേഷ്കൃഷ്ണ, ജി.കെ പിള്ള എന്നിവര്‍ പതിവുപോലെ പക്വമായ അഭിനയം കാഴ്ചവെച്ചു. ഭാവന അതിഥി നായികയായി വന്നുപോയി.

ഷാന്‍ റഹ്മാന്റെ സംഗീതത്തിലുള്ള ഗാനങ്ങളൊന്നും പ്രേക്ഷകര്‍ ഓര്‍മിക്കാനിടയില്ല. എന്നാല്‍ പശ്ചാത്തലസംഗീതം കുഴപ്പമില്ല. ശ്രീ ശ്രീറാമിന്റെ ഛായാഗ്രഹണവും മഹേഷ് നാരായന്റെ എഡിറ്റിംഗും ശരാശരി നിലാവാരത്തിലാണ്. മൊത്തത്തില്‍ 'ദി മെട്രോ' ബിപിന്‍ പ്രഭാകറിനും വ്യാസനും നല്ലൊരു അവസരമായിരുന്നു, പാഴാക്കിയ അവസരം. 

-Review by Aashish

the metro trailor

the metro, the metro malayalam movie, the metro review, sarathkumar, sarathkumar in the metro, bipin prabhakar, vyasan edavanakkad, dileep, nivil pauly, bhagath, bhavana, g.k pillai, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.