Monday, January 24, 2011

Kudumbasree travels review: വെറുപ്പിക്കാതെ കുടുംബശ്രീ ട്രാവല്‍സ്


നര്‍മം പശ്ചാത്തലമായ ചിത്രങ്ങള്‍ മലയാളത്തില്‍ പുതുമയല്ല. അടുത്തിടെ പ്രേക്ഷകര്‍ ഏറ്റെടുത്ത മിക്ക ചിത്രങ്ങള്‍ക്കും ഹാസ്യ പശ്ചാത്തലമുണ്ടായിരുന്നെന്നതും വാസ്തവം. അത്തരമൊരു സാഹചര്യത്തിലാണ് ഹാസ്യ സീരിയലുകളിലൂടെ ശ്രദ്ധേയനായ കിരണ്‍ ആദ്യമായി 'കുടുംബശ്രീ ട്രാവല്‍സ്' എന്ന ജയറാം ചിത്രവുമായി സിനിമയില്‍ ആദ്യക്ഷരം കുറിക്കുന്നത്. ജയറാം, ഭാവന, ജഗതി തുടങ്ങി വന്‍ താരനിരയുള്ള ചിത്രം പുതിയ വഴിയൊന്നും മലയാളസിനിമയില്‍ വെട്ടിത്തുറക്കുന്നില്ലെങ്കിലും യുക്തിയൊന്നും നോക്കാതെ രണ്ടേകാല്‍ മണിക്കൂര്‍ തീയറ്ററില്‍ ചെലവഴിക്കാന്‍ ബുദ്ധിമുട്ടില്ലാത്തവരെ വെറുപ്പിക്കില്ല.

ചെമ്പകശേരി തറവാട്ടിലെ അരവിന്ദന്‍ ചാക്യാര്‍ (ജയറാം) അറിയപ്പെടുന്ന ചാക്യാര്‍കൂത്ത് കലാകാരനാണ്. നങ്യാര്‍കൂത്തില്‍ ജ്ഞാനമുള്ള പെണ്‍കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്നതാണ് അരവിന്ദന്റെ തീരുമാനം. അതുകൊണ്ട് തന്നെ സ്വന്തം മകളെ അരവിന്ദന് കെട്ടിച്ചുകൊടുക്കാന്‍ പിന്നാലെ നടക്കുന്ന ചാച്ചു അമ്മാവനെ (ജഗതി ശ്രീകുമാര്‍) അയാളും വീട്ടുകാരും തഴയുന്നതും. 

ഇങ്ങനെയിരിക്കെയാണ് കൊച്ചി നഗരത്തിലെ ഉന്നത കുടുംബമായ മുല്ലശേരിയില്‍ നിന്ന് അരവിന്ദന് വിവാഹാലോചന വരുന്നത്. നങ്യാര്‍കൂത്തില്‍ ഗവേഷണം ചെയ്യുന്ന അശ്വതി (ഭാവന)യെ അരവിന്ദന് ഇഷ്ടമാകുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. 

വിവാഹത്തിന് ബന്ധുക്കളും നാട്ടുകാരുമായി ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലേക്ക് കുടുംബശ്രീ ട്രാവല്‍സെന്ന ബസിലെ യാത്രയാണ് കഥ. ഇതിനിടക്ക് ഹേമലത (രാധിക) എന്ന പെണ്‍കുട്ടി ഈ ബസില്‍ കയറിപ്പറ്റുന്നതും അവളുടെ ഗൂഢലക്ഷ്യങ്ങളും കഥയില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുന്നു. ഒടുവില്‍ കൂട്ടയടിയും ഓട്ടവുമൊക്കെയായി പതിവു ഹാസ്യ ചിത്രങ്ങളെപ്പോലെ ചിത്രം ശുഭമായി അവസാനിക്കുന്നു. 

'എട്ടുസുന്ദരികളും ഞാനും' ഉള്‍പ്പെടെയുള്ള കോമഡി ടി.വി സീരിയലുകളുടെ സംവിധായകനായ കിരണ്‍ അത്തരമൊരു ആഖ്യാനശൈലി തന്നെയാണ് ചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത്. 

നാട്ടിന്‍പുറത്തെ സ്ഥിരം കോമഡി കഥാപാത്രങ്ങളെയും വിവാഹത്തിന് പാരവെക്കാനിറങ്ങുന്ന കൂട്ടരെയും ഒക്കെ അണിനിരത്തിയിട്ടുണ്ട്. ഇത്തരം വേഷങ്ങളിലൂടെ കോട്ടയം നസീര്‍, ജഗതി, രാജു, മാമുക്കോയ, കല്‍പന തുടങ്ങി വന്‍ താരനിരയുമുണ്ട്. 

ഒരു ബസ് യാത്രയും കല്യാണത്തിനുള്ള ഒരുക്കങ്ങളും മാറ്റങ്ങളുമൊക്കെയായി ചിത്രത്തിന്റെ കഥ നീങ്ങുമ്പോള്‍ രസചരട് കൈവിട്ടു പോകാതെ സൂക്ഷിക്കാന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത കിരണിന് കഴിഞ്ഞതാണ് പ്രധാനനേട്ടം. ഇഴച്ചില്‍ തോന്നാതെ ചിത്രം കൊണ്ടുപോകാനായെങ്കിലും കണ്ടുപഴകിയ രംഗങ്ങളും തമാശകളും മാത്രമേ നല്‍കാനായുള്ളൂ എന്നാതാണ് പോരായ്മ. 

തോമസ് തോപ്പില്‍കുടിയുടെ സംഭാഷണം അദ്ദേഹത്തിന്റെ കോമഡി കാസറ്റുകളിലെ നിലവാരമായിരുന്നെങ്കിലും അധികം വെറുപ്പിക്കില്ല. 

നായകനായി ജയറാമും നായികയായി ഭാവനയും മോശമല്ലാത്ത പ്രകടനവുമായി രംഗത്തുണ്ടായിരുന്നപ്പോള്‍ ജഗതിയുടെ ചാച്ചു വിരസതയുളവാക്കി. രാജുവിന്റെ ജോത്സ്യന്‍ വേഷം താരതമ്യേന നന്നായി. 

ബിജിപാല്‍ ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധേയമല്ല. വി.ടി ശ്രീജിത്തിന്റെ എഡിറ്റിംഗ് ചിത്രത്തെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുണ്ട്. 

ചുരുക്കത്തില്‍, കണ്ടുപഴകിച്ചതെങ്കിലും സമയംകൊല്ലി തമാശകള്‍ സഹിക്കുന്നതില്‍ വിരോധമില്ലാത്തവരും ടി.വിയിലെ കോമഡി സീരിയലുകള്‍ ആസ്വദിക്കുന്നവര്‍ക്കും ബോറടിക്കാത്ത ചിത്രം.

-Review by Aashish

kudumbasree travels official trailor


kudumbasree travels, kudumbasree travels review, malayalam film kudumbasree travels, jayaram, kiran, bhavana, maniyanpilla raju, jagathy sreekumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.