Thursday, January 20, 2011

kaavalan review: കാവലന്‍- വിജയിന്റെ തിരിച്ചുവരവ്

തുടര്‍ച്ചയായ പരാജയങ്ങളും തീയറ്ററുടമകളുടെ ഉപരോധ ഭീഷണിയും ഒക്കെയായി താരപദവിക്ക് തന്നെ വെല്ലുവിളി നേരിടുന്ന സമയത്താണ് ഇളയ ദളപതി വിജയിന്റെ 'കാവലന്‍' പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രം അദ്ദേഹത്തിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ഹിറ്റായാല്‍ ശക്തമായ തിരിച്ചുവരവ്, അല്ലെങ്കില്‍ വീണ്ടും തിരിച്ചടി. എന്നാല്‍ ആരാധകരെയും കുടുംബപ്രേക്ഷകരെയും നിരൂപകരെയും നിരാശരാക്കാതെ 'കാവലനി'ലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇളയദളപതി നടത്തിയിരിക്കുന്നത്.

മലയാളത്തില്‍ ദിലീപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡി'ന്റെ റീമേക്കാണ് കാവലന്‍. തമിഴ് പ്രേക്ഷകര്‍ക്ക് ബോധിക്കുന്ന ചില്ലറ മാറ്റങ്ങളും ആദ്യ പതിപ്പിലെ ചില പ്രശ്നങ്ങള്‍ ഒഴിവാക്കലും മാത്രമേ ബോഡിഗാര്‍ഡും കാവലനും തമ്മില്‍ വ്യത്യാസമുള്ളൂ. 

സ്ഥിരം മാസ് ഹീറോ ഇമേജില്‍ നിന്നൊരു മോചനം എന്നതിലുപരി കുടുംബപ്രേക്ഷകരുടെ ഇടയിലേക്ക് വീണ്ടും കയറിചെല്ലാനുള്ള വഴി കൂടിയായി വിജയിന് 'കാവലന്‍' മാറി. മലയാളം പതിപ്പ് കണ്ടശേഷം തമിഴ് കാണുമ്പോള്‍ മനസിലാകും ഈ കഥയും കഥാപാത്രവും തമിഴ് വിജയിനാണ് കൂടുതല്‍ യോജിക്കുകയെന്ന്. ചെറിയ ചില തമാശ രംഗങ്ങളിലൊഴികെ ബാക്കി മേഖലകളില്‍ നായകനും ചിത്രം മൊത്തത്തിലും 'ബോഡി ഗാര്‍ഡി'നെ കവച്ചുവെക്കുന്നതായി. 

തല്ലും ചില്ലറ വേലത്തരങ്ങളുമായി നടക്കുന്ന ഭൂമിനാഥന്‍ (വിജയ്)  എന്ന യുവാവിനെ നേര്‍വഴിക്കാക്കാന്‍ അയാളുടെ പിതാവ് ശെമ്മണ്ണൂര്‍ മുത്തുരാമലിംഗത്തിന്റെ (രാജ്കിരണ്‍) അടുക്കലേക്കയക്കുന്നു. മുമ്പ് നാട്ടിലെ കൊടികെട്ടിയ ഗുണ്ടാ പ്രമാണിയായിരുന്ന രാമലിംഗം ഇന്ന് നാട്ടിലെ നല്ലവനും നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനുമാണ്. ചെറുപ്പത്തില്‍ ഭൂമിനാഥന് പേരിട്ടത് അയാളാണെന്ന ബന്ധം കൂടിയുണ്ട് അവര്‍ തമ്മില്‍.

രാമലിംഗത്തിന്റെ വീട്ടിലെത്തിയ ഭൂമിക്ക് അയാളുടെ മകള്‍ മീര (അസിന്‍)യുടെ ബോഡി ഗാര്‍ഡ് ആകേണ്ടിവരുന്നു. ഇതിനായി അവള്‍ പഠിക്കുന്ന കോളജില്‍ തന്നെ അയാളും ചേര്‍ന്ന് ഇടക്ക് വെച്ച് മുടങ്ങിയ പഠനം പുനരാരംഭിക്കുന്നു. ഇതിനിടെ എപ്പോഴും ബോഡി ഗാര്‍ഡ് പിന്നാലെ നടക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്ന മീരയും കൂട്ടുകാരി മാതു (മിത്രാ കുര്യന്‍) ഇയാളെ ഒഴിവാക്കാന്‍ പല വഴികളും നോക്കിയിട്ടും ഫലമുണ്ടാകുന്നില്ല. ഒടുവില്‍ മീര തന്നെ ഫോണിലൂടെ ഭൂമിയുടെ രഹസ്യ കാമുകിയായി നടിച്ച് അയാളെ പ്രണയത്തിന്റെ മായികലോകത്തിലേക്ക് തള്ളിയിടുന്നു. 

ആദ്യമാദ്യം ഭൂമിയെ പറ്റിക്കാന്‍ തുടങ്ങിയ ഫോണ്‍ സംഭാഷണം പിന്നീട് മീരയുടെ മനസിലും പ്രണയമുണര്‍ത്തുന്നു. താനാരാണെന്ന സത്യം പറയാനും പയ്യ പറയാതിരിക്കാനും വയ്യാത്ത അവസ്ഥയാകുന്നു. ഇതുണ്ടാക്കുന്ന സംഭവങ്ങള്‍ ഇടവേളാനന്തരം കഥയെ നിയന്ത്രിച്ച് ക്ലൈമാക്സിലെ ഞെട്ടിക്കുന്ന വഴിത്തിരിവില്ലെത്തിക്കുന്നു.

'കാവലന്‍' യഥാര്‍ഥത്തില്‍ വിജയിന്റെ വണ്‍മാന്‍ ഷോയാണ്. പാട്ടുണ്ട്, ഡാന്‍സുണ്ട്, കോമഡിയുണ്ട്, സെന്റിമെന്റ്സുണ്ട്..വിജയ്ക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ നല്ല മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഇവയെല്ലാം നന്നായി കൈകാര്യം ചെയ്യുന്നുമുണ്ട്.

നായികയായി അസിനും മികച്ചുനിന്നു. ആദ്യകാല താരപ്രഭ നഷ്ടപ്പെട്ടെങ്കിലും മീരയായി മികച്ച പ്രകടനം തന്നെ അസിന്‍ കാഴ്ചവെക്കുന്നുണ്ട്. കൂട്ടുകാരി  മാതുവായി മിത്രാ കുര്യനും ശ്രദ്ധ നേടുന്നുണ്ട്. പല രംഗത്തും നായികയെക്കാളും കാഴ്ചയില്‍ മിത്ര മികച്ചുനിന്നു. വടിവേലുവിന്റെ തമാശകളും അതിരുകടന്നില്ല.

സംവിധാകനെന്ന നിലയില്‍ സിദ്ദിഖ് മലയാളം പതിപ്പില്‍ സംഭവിച്ച അബദ്ധങ്ങളും തിരക്കഥയിലെ ചില പൊരുത്തക്കേടുകളും പരിഹരിച്ചിട്ടുണ്ട്. 

കുറേയൊക്കെ അസംഭവ്യമായ കഥാതന്തു തമിഴ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന തരത്തില്‍ അവതരിപ്പിക്കുന്നതിലും നായക കഥാപാത്രം വിജയിന് എല്ലാ അര്‍ഥത്തിലും ചേരുന്ന വിധത്തില്‍ ഒരുക്കുന്നതിലും സിദ്ദിഖ് വിജയിച്ചിട്ടുണ്ട്. കൃത്യമായ ഒരു വില്ലന്‍ ഇല്ലാത്ത ചിത്രമാണെങ്കിലും നായകന്റെ പ്രൌഡിക്ക് കഥയില്‍ കുറവൊന്നും വരുന്നുമില്ല. സാധാരണ തമിഴ് ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത ഘടകമായ മസാല നൃത്തവും ആഭാസരംഗങ്ങളും ഒഴിവാക്കിയതും നല്ല സൂചനയാണ്. 

സംഗീതത്തില്‍ വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ നന്നായി, എങ്കിലും ബോഡി ഗാര്‍ഡില്‍ ഔസേപ്പച്ചന്‍ ഒരുക്കിയ രണ്ടു മെലഡിക്ക് തുല്യമായില്ല അതേ സ്ഥാനത്തുള്ള കാവലനിലെ ഗാനങ്ങള്‍. 'പട്ടാംപൂച്ചി', 'യാരത്' എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. 

ഏകാംബരത്തിന്റെ ക്യാമറയും ഗൌരീശങ്കറിന്റെ എഡിറ്റിംഗും മികവ് പുലര്‍ത്തി.
മൊത്തത്തില്‍, 'കാവലന്‍' വിജയിന്റെ സൂപ്പര്‍താര പദവിക്ക് തന്നെയാണ് കാവലായത്. തമിഴ് സിനമ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊങ്കല്‍ കാലത്ത് കുടുംബസമേതം ആസ്വദിക്കാവുന്ന എന്റര്‍ടെയ്നര്‍. 


-Review by Aashish

kaavalan, kaavalan review, kavalan, vijay, asin, sidhique, mitra kurien, kavalan gallery

1 comments:

Prince John said...

nice review.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.