Monday, January 24, 2011

സംവിധായകന്റെ പേരില്‍ സിനിമ വിലയിരുത്തുന്നത് നല്ല സൂചന: രാജു


സംവിധായകനെ നോക്കി സിനിമകാണാന്‍ തിയറ്ററില്‍ ആളെത്തുന്നതും ചിത്രം വിലയിരുത്തുന്നതും നല്ല സൂചനയാണെന്ന് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു പറഞ്ഞു. നടന്‍ ആരാണെന്നതിലുപരി നല്ല സംവിധായകന്റെ സിനിമയ്ക്ക് തിയേറ്ററില്‍ ആളുകയറുന്നത് സിനിമക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുടുംബശ്രീ ട്രാവല്‍സ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമയുടെ ബാനര്‍ ആരുടേതാണെന്ന് നോക്കി മുമ്പ് പ്രേക്ഷകര്‍ തിയേറ്ററില്‍ കയറിയിരുന്നു. മഞ്ഞിലാസ്, സുപ്രിയ തുടങ്ങിയ നല്ല ബാനറുകള്‍ ജനപ്രിയമായതങ്ങനെയാണ്. പിന്നീടത് താരങ്ങളെ അടിസ്ഥാനപ്പെടുത്തിയായി. താരങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നപ്പോഴും ഭരതന്‍, പത്മരാജന്‍ തുടങ്ങിയ നല്ല സംവിധായകരുടെ ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചു. ഇപ്പോള്‍ അത്തരത്തിലൊരു ട്രെന്റ് ഉണ്ടാകുന്നത് നല്ലതാണെന്നും രാജു പറഞ്ഞു. നമ്മുടെ സിനിമാ പ്രേക്ഷകര്‍ ഇനിയും വളരെ മാറാനുണ്ട്. 

പുതുമുഖങ്ങള്‍ അഭിനയിച്ച സിനിമ കാണാന്‍ തീയറ്ററില്‍ ആളെത്തുന്നില്ല. തമിഴില്‍ ഇത്രത്തോളം സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവിടെ പുതുമുഖങ്ങളുടെ ചിത്രങ്ങള്‍ വിജയിക്കുന്നു. മലയാള സിനിമകളുടെ നിര്‍മാതാക്കള്‍ പിടിച്ചു നില്‍ക്കുന്നത് സാറ്റലൈറ്റ് റൈറ്റിന്റെ ബലത്തിലാണ്. തിയേറ്ററില്‍ നിന്ന് പണം കിട്ടി സിനിമ വിജയിക്കുന്നില്ല. 

എന്നാല്‍ അവിടെയും സൂപ്പര്‍ താരചിത്രങ്ങള്‍ക്കാണ് സാറ്റലൈറ്റ് റൈറ്റില്‍ കൂടുതല്‍ പണം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 32 പുതുമുഖ സംവിധായകരുടെ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി. ഈ വര്‍ഷത്തെ പുതുമുഖ സംവിധായകനാണ് കുടുംബശ്രീ ട്രാവല്‍സ് സംവിധാനം ചെയ്ത കിരണ്‍. ഇത്തരം പുതുമുഖ സംവിധായകരുടെ കുറഞ്ഞ ബജറ്റ് ചിത്രങ്ങളാണ് വിജയിക്കേണ്ടതെന്നും രാജു പറഞ്ഞു. 

കുടുംബശ്രീ ട്രാവല്‍സ് സംവിധായകന്‍ കിരണ്‍, നടന്‍മാരായ  പി.ശ്രീകുമാര്‍, മോഹന്‍, നിര്‍മ്മാതാവ് കെ.എം.വര്‍ഗ്ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

kudumbasree travels, maniyan pillai raju, jayaram, bhavana, kiran 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.