Saturday, January 29, 2011

Arjunan Sakshi Review: പുതുമയില്ലാത്ത സാമൂഹിക വിമര്‍ശനം


യുവ സംവിധായകര്‍ ഒരുപാട് കടന്നുവരുന്നെങ്കിലും മലയാള സിനിമയില്‍ പുതു തലമുറ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ചത് രഞ്ജിത്ത് ശങ്കറിന്റെ 'പാസഞ്ചര്‍' മുതലാണെന്ന് പറയാം. അതുകൊണ്ടു തന്നെ പുതുതലമുറയിലെ വേറിട്ട ചിത്രങ്ങള്‍ സജീവമാകുന്ന കാലഘട്ടത്തില്‍ അതേ സംവിധായകന്‍ രണ്ടാമതൊരു ചിത്രവുമായെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമെത്തുന്നത് സ്വാഭാവികം. എന്നാല്‍ അത്തരം പ്രതീക്ഷകളെല്ലാം തച്ചുടക്കുകയാണ് പൃഥ്വിരാജ് നായകനാകുന്ന 'അര്‍ജുനന്‍ സാക്ഷി'യിലൂടെ രഞ്ജിത്ത് ശങ്കര്‍. 

ആദ്യചിത്രത്തില്‍ അടിസ്ഥാനപരമായി പറയാന്‍ ശ്രമിച്ച 'സാമൂഹിക വിമര്‍ശനം' തന്നെ ഇതിലും. 
പത്രമോഫീസിലേക്ക് വന്ന ഒരു അജ്ഞാതന്റെ കത്തിലൂടെയാണ് കഥ വികസിക്കുന്നത്. കേരളത്തെ ഞെട്ടിച്ച കലക്ടര്‍ ഫിറോസ് മൂപ്പന്‍ (മുകേഷ്) വധത്തിന്റെ സാക്ഷിയാണ് താനെന്നും അതിന്റെ തെളിവുകള്‍ കൈയിലുണ്ടെങ്കിലും പുറത്തുപറയാന്‍ ഭയമാണെന്നുമാണ് 'അര്‍ജുനന്‍' എന്നയാള്‍ അയച്ച കത്തിലെ ഉള്ളടക്കം. 

ഈ കത്ത് വായനക്കാരുടെ കത്തുകള്‍ എന്ന കോളത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കത്ത് കൈകാര്യം ചെയ്ത മാധ്യമപ്രവര്‍ത്തക അഞ്ജലി മേനോനും (ആന്‍ അഗസ്റ്റിന്‍) കുടുംബത്തിനും വധഭീഷണി വരെയുണ്ടാകുന്നു. തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ മാധ്യമങ്ങളുടെയും ഭീഷണിക്കാരുടെയും പോലീസിന്റെയും മുന്നില്‍ കടന്നുവരുന്ന റോയ് മാത്യു (പൃഥ്വിരാജ്) എന്ന യുവ ആര്‍കിടെക്റ്റാണ് ആ സാക്ഷിയെന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നു. ഇതോടെ അയാളുടെ ജീവിതഗതി തന്നെ മാറുന്നു. അയാള്‍ ഈ വിവാദത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതോടെ കഥ വഴിത്തിരിയുന്നു.

ആദ്യ പകുതി വലുതായൊന്നും ചര്‍ച്ച ചെയ്യുന്നില്ലെങ്കിലും വിരസമല്ല. ഇനി കാര്യമായെന്തൊക്കെയോ വരാനിരിക്കുന്നു എന്ന പ്രതീക്ഷയും ആകാംക്ഷയും റോയ് എന്ന കഥാപാത്രത്തിന് ഉണര്‍ത്താനാകുന്നു എന്നതുതന്നെ കാരണം. 

അതേ സമയം ആ പ്രതീക്ഷ രണ്ടാം പകുതിയില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തിടത്താണ് 'അര്‍ജുനന്‍ സാക്ഷി'യും രഞ്ജിത്ത് ശങ്കറും പതറുന്നത്. പിന്നീടങ്ങോട്ട് ക്ലീഷേ അന്വേഷണചിത്രങ്ങളിലെപ്പോലെ നായകന്‍ വില്ലന്‍മാരിലേക്കെത്തുന്നതും തുടര്‍ന്ന് ധീരമായി ഒരു ക്ലൈമാക്സിലെത്തുന്നതുമാണ് കഥ. വില്ലന്‍മാരെ നായകന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞയുടന്‍ തന്നെ കഥയുടെ രസച്ചരട് പൊട്ടിക്കഴിഞ്ഞ കാര്യം മനസിലാക്കാതെ പ്രവചനാത്കമായ ക്ലൈമാക്സാണ് സംവിധായകന്‍ സ്വന്തം തിരക്കഥയില്‍ തയാറാക്കിയത്. 

പാസഞ്ചര്‍ പോലൊരു റിയലിസ്റ്റിക് ചിത്രം ചെയ്ത സംവിധായകനില്‍ നിന്ന് വന്നുകൂടാത്ത നിരവധി ബാലിശമായ അപാകതകള്‍ ഈ ചിത്രത്തിലുണ്ട്.
കാര്‍ ചേസ് രംഗം തന്നെ ഉദാഹരണം. ലോറിയും അഞ്ചാറു കാറുകളും തലങ്ങും വിലങ്ങും ഇടിച്ചിട്ടും ചില്ലറ അപകടങ്ങളുമായി നായകനും നായികയും സഞ്ചരിച്ച കാര്‍ രക്ഷപെടുന്നത് ആശ്ചര്യകരം തന്നെ. 

ചാരക്കണ്ണുകള്‍ക്ക് നടുവില്‍ ജീവിക്കുന്ന നായകന്‍ വില്ലനിലേക്കെത്താന്‍ നടത്തുന്ന തന്ത്രം മറ്റൊരു ഉദാഹരണം. സ്വന്തം കാറില്‍ ശിങ്കിടികളെ പിന്‍തുടര്‍ന്ന് വില്ലന്റെ ഓഫീസില്‍ കയറിചെന്ന നായകന്റെ കഴിവ് അപാരം. അത്രയങ്ങ് മണ്ടന്‍മാരാക്കി കളയേണ്ടിയിരുന്നില്ല രഞ്ജിത്ത് പാവം വില്ലന്‍മാരെ. (പിന്നീടങ്ങോട്ട് വില്ലന്‍മാര്‍ കാണിക്കുന്നതും പറയുന്നതുമെല്ലാം മണ്ടത്തരം തന്നെ)

പൃഥ്വിരാജ് രൂപം കൊണ്ടും ഭാവം കൊണ്ടും പുതുതലമുറയുടെ പ്രതീകമായ റോയ് മാത്യുവായി. നായിക ആനിന് സ്ക്രീന്‍ പ്രസന്‍സ് നേടാനായി. ജഗതിയുടെ ഡോ. മൂപ്പന്‍ എന്ന കഥാപാത്രവും നന്നായി. ബിജുമേനോന്‍, ആനന്ദ്, വിജയരാഘവന്‍ തുടങ്ങി ബാക്കി താരനിര മോശമാക്കിയില്ല, എങ്കിലും ഇവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. 

ബിജിപാലിന്റെ പശ്ചാത്തലസംഗീതം മികച്ചതായി. ചിത്രത്തിന് അത്യാവശ്യം ചടുലത തോന്നിക്കാന്‍ പശ്ചാത്തലസംഗീതം ഏറെ സഹായിച്ചു. അജയന്‍ വിന്‍സന്റിന്റെ ഛായാഗ്രഹണവും പക്വമായിരുന്നു.

പ്രഖ്യാപിച്ച് ആവശ്യത്തിലധികം സമയമെടുത്ത് ചെയ്തിട്ടും ആദ്യചിത്രത്തിന്റെ ഏഴയലത്തെങ്കിലും നില്‍ക്കുന്ന ഒരു ചിത്രം രഞ്ജിത്ത് ശങ്കറിന് ചെയ്യാനാകാത്തതാണ് അര്‍ജുനന്റെ പോരായ്മ. 'പാസഞ്ചര്‍' എന്ന അളവുകോല്‍ മാറ്റിനിര്‍ത്തി വിലയിരുത്തിയാല്‍ 'അര്‍ജുനന്‍ സാക്ഷി' ശരാശരിക്ക് മുകളിലുള്ള ഒരു സിനിമയാണ്. എന്നാല്‍ പുതുമയുടെ വഴിയേ മലയാള സിനിമ സഞ്ചരിച്ചു തുടങ്ങിയ ഇക്കാലത്ത് കാര്യമായ പുതുമയൊന്നും നല്‍കാനാവാതെ കടന്നുപോകുന്നതിനാല്‍ 'അര്‍ജുനന്‍' ആത്യന്തികമായി നല്‍കുന്നത് നിരാശതന്നെ!


Arjunan Sakshi picture gallery

arjunan sakshi, arjunan sakshi review, prithviraj, ranjith sankar, ann augustine, ajayan vincent, biji pal, cinemajalakam review, malayalam film review

6 comments:

anand said...

Renjith sankar passenger pole realistic padom edukkanamayirunnu

anand said...

Prithvi lookd good.

review reader said...

ആദ്യ ചിത്രത്തിന്റെ ഹാങ്ങ്‌ ഓവറില്‍ സംവിധായകന്‍ അലക്ഷ്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു എന്ന് തോന്നുന്നു.

raji said...

good effort by renjith sankaer

Sarath said...

not upto expectation. diretr has to work hard

ഒരു കൊച്ചു കിനാവ്‌ said...

ente jeevidathile mattoru durantham/////////////////

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.