Tuesday, December 28, 2010

Tournament review: ടൂര്‍ണമെന്റിലേക്ക് വിരസമായ യാത്ര

യുവതാരങ്ങളെ അണിനിരത്തി ലാല്‍ സംവിധാനം ചെയ്ത 'ടൂര്‍ണമെന്റ്- പ്ലേ ആന്റ് റീപ്ലേ' കഥ പറയുക എന്നതിലുപരി 'റീപ്ലേ' എന്ന അവതരണസങ്കേതം പരിചയപ്പെടുത്താനുദ്ദേശിച്ച് തയാറാക്കിയ ചിത്രമാണ്. ഒരു സാധാരണ റോഡ് മൂവിയില്‍ പറഞ്ഞുപോകുന്ന കഥാ സന്ദര്‍ഭങ്ങളിലേക്ക് വീണ്ടും കടന്നുവന്ന് പ്രേക്ഷകര്‍ കാണാതെ പോയ, അല്ലെങ്കില്‍ അവരെ കാണിക്കാതെ വിട്ട ദുരൂഹതകള്‍ കൂടി വ്യക്തമാക്കുന്നതാണീ 'റീപ്ലേ' ശൈലി.

ബാലു (ജോണ്‍), വിശ്വനാഥന്‍ (ഫഹദ് ഫാസില്‍), ഉസ്മാന്‍ (പ്രവീണ്‍) എന്നീ സുഹൃത്തുക്കള്‍ ബംഗളൂരുവില്‍ നടക്കുന്ന എ.പി.എല്‍ ക്രിക്കറ്റ് ടീം സെലക്ഷനുള്ള യാത്രക്ക് തയാറെടുക്കുന്നിടത്ത് കഥ തുടങ്ങുന്നു. എന്നാല്‍ നിസ്സാരമൊരു അപകടത്തിലൂടെ യാത്ര തുടങ്ങുംമുമ്പേ ബാലുവിന് പിന്‍മാറേണ്ടിവരുന്നു. 

ബാക്കിയുള്ളവര്‍ സുഹൃത്തായ അശ്വതി (രൂപ മഞ്ജരി)യോടൊപ്പം യാത്ര തിരിക്കുന്നു. വിമാനത്താവളത്തില്‍ ഇവര്‍ അതേ സെലക്ഷന്‍ ക്യാമ്പിലേക്ക് തിരിച്ച ബോബി (മനു)യെ പരിചയപ്പെട്ട് ഒപ്പം കൂട്ടുന്നു. വിമാനം റദ്ദാക്കപ്പെടുന്നതിനാല്‍ ലോറിയിലും ജീപ്പിലും മറ്റുമായി യാത്ര തുടരവേ വഴി മധ്യേ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഇവരുടെ ലക്ഷ്യം തന്നെ മാറ്റിമറിക്കുന്നതാണ് കഥ. 

യുവതാരങ്ങളുടെ സജീവ സാന്നിധ്യവും പ്രകടനവും ഉണ്ടെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ജീവസ്സിന് അത് സഹായമായില്ലെന്നതാണ് 'ടൂര്‍ണമെന്റി'ന്റെ പ്രശ്നം. കഥയും തിരക്കഥയുമെഴുതി ലാല്‍ അവതരിപ്പിച്ച നൂതന 'റീപ്ലേ' രീതിതന്നെയാണ് ചിത്രത്തില്‍ രസംകൊല്ലിയാവുന്നത്. 

ആദ്യം ഒന്നോ രണ്ടോ തവണ ഇത് ഇഷ്ടപ്പെടാന്‍ തയാറാവുന്ന പ്രേക്ഷകരെ തുടച്ചയായി (ആവശ്യത്തിനും അനാവശ്യത്തിനും) റീപ്ലേ അടിച്ചേല്‍പ്പിച്ച് വശം കെടുത്തുകയാണ് സംവിധായകന്‍. ഈ റീപ്ലേ പറഞ്ഞുവെക്കുന്നതാകട്ടെ, എല്ലാ കഥാപാത്രങ്ങളുടെയും കുരുട്ടുബുദ്ധി മാത്രവും. അതുകൊണ്ടു തന്നെ കുറച്ചാല്‍ ഇതില്‍ പ്രത്യേക കൌതുകമോ സസ്പെന്‍സോ നിലനിര്‍ത്താനുമാകില്ല. രണ്ടാം പകുതിയിലെ പോക്കില്‍ എവിടെയൊക്കെ റിപ്ലേ വരും, ആരുടെയൊക്കെ ദുഷ്ടലാക്ക് പുറത്തറിയും എന്നതും പ്രേക്ഷകരുടെ ചെറിയ ബുദ്ധിയില്‍ ഊഹിക്കാവുന്നതേയുള്ളൂ.

റീപ്ലേയില്‍ ഊന്നല്‍ കൊടുക്കുന്നതുകൊണ്ടുതന്നെ പല ഘട്ടത്തിലും സംഭാഷണങ്ങള്‍ പോലും പലപ്പോഴും യാന്ത്രികമാണ്. കൃത്യമായ ട്വിസ്റ്റിലേക്ക് കഥയെ വളര്‍ത്താനും സംവിധായകന്‍ ശ്രദ്ധചെലുത്തുന്നില്ല. 

യഥാര്‍ഥത്തില്‍ ലാല്‍ ഒറ്റക്ക് മുമ്പ് സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗറിലും ഗോസ്ററ് ഹൌസ് ഇന്നിലും 'റീപ്ലേ' സംവിധാനം ഉപയോഗിച്ച് തന്നെയാണ് സസ്പെന്‍സ് വെളിപ്പെടുത്തിയത്. ആ തന്ത്രം മൂന്നാമതും ക്ലിക്കാക്കാന്‍ ആദ്യാവസാനം ഉപയോഗിച്ചാണ് ഇത്തവണ അദ്ദേഹം ടൂര്‍ണമെന്റിനെ തകര്‍ത്തത്. 

ഫഹദ്, മനു, രൂപ എന്നിവര്‍ തങ്ങളുടെ വേഷങ്ങളില്‍ മികച്ചുനിന്നു. അവസാനം ശ്രദ്ധേയ വേഷത്തിലെത്തുന്ന പ്രജനും മോശമാക്കിയില്ല. ചിത്രത്തിലെ തമാശകള്‍ക്ക് അല്‍പംകൂടി നിലവാരം ആകാമായിരുന്നു. 

ദീപക് ദേവിന്റെ ശരാശരി നിലവാരത്തിലുള്ള ഗാനങ്ങള്‍ മോശമല്ലാതെ ചിത്രീകരിച്ചിട്ടുണ്ട്. വേണുവിന്റെ ക്യാമറ പക്വത പുലര്‍ത്തി. 

ചുരുക്കത്തില്‍, ടൂര്‍ണമെന്റിലേക്കുള്ള യാത്ര രസകരമാക്കാനാണ് ലാല്‍ ഉദ്ദേശിച്ചതെങ്കിലും വിരസമായി അവസാനിക്കാനായിരുന്നു വിധി.
- review by Aashish

tournament review, lal, lal media, tournament malayalam film, tournament stills, roopa manjari, fahad fazil, cinemajalakam review

1 comments:

Arun said...

dont know y lal attempted this one.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.