Monday, December 27, 2010

Manmadhan Ambu Review: മന്‍മഥന്റെ മൂര്‍ച്ച കുറഞ്ഞ അമ്പ്

കെ.എസ് രവികുമാറിന്റെ സംവിധാനത്തില്‍ സകലകലാവല്ലഭനായ ഉലകനായകന്‍ കമലഹാസന്‍ തിരക്കഥയൊരുക്കി നായകനായി അഭിനയിച്ച 'മന്‍മഥന്‍ അമ്പ്' (manmadhan ambu- tamil) നര്‍മം പതിഞ്ഞ താളത്തില്‍ പറയുന്ന റൊമാന്റിക് കോമഡിയാണ്.

രവികുമാര്‍ -കമലഹാസന്‍ ടീമിന്റേതായി നാം കണ്ട നിരവധി നര്‍മ ചിത്രങ്ങളുടെ പാതയല്ല 'മന്‍മഥന്‍ അമ്പ്' പിന്തുടരുന്നതെന്നതാണ് പ്രധാന വ്യത്യസ്തത.എന്നാല്‍ ഇവരുടെ അവ്വൈ ഷണ്‍മുഖി, തെനാലി, പഞ്ചതന്ത്രം പോലുള്ള മുഴുനീള കോമഡി പ്രതീക്ഷിച്ചോ 'ദശാവതാരം' പോലെ ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചോ തീയറ്ററിലെത്തിയാല്‍ നിരാശ തന്നെയാകും ഫലം.

സിനിമാതാരം നിഷ എന്ന അംബുജാക്ഷി (ത്രിഷ)യുടെ കാമുകന്‍ മദനഗോപാലിന്റെ (മാധവന്‍) സംശയങ്ങളും ആശങ്കകളുമാണ് ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്നത്. അംബുവിന് സിനിമാനടന്‍മാരുമായോ മറ്റോ ആവശ്യത്തില്‍ കവിഞ്ഞ ബന്ധമുണ്ടോ എന്നാണ് മദന് സംശയം. വിദേശ ടൂറിനായി അംബു പോകുമ്പോള്‍ അവളറിയാതെ ഇക്കാര്യം നിരീക്ഷിക്കാന്‍ ഒരു ഡിറ്റക്ടീവിനെയും ഇയാള്‍ ഏര്‍പ്പാടാക്കുന്നുണ്ട്. മന്നാന്‍ എന്ന റിട്ട. മേജര്‍ രാജമന്നാനാണ് (കമലഹാസന്‍) ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. 

സുഹൃത്തിന്റെ ചികില്‍സക്ക് പണം കണ്ടെത്താനാണ് മേജര്‍ ഈ ദൌത്യം ഏറ്റെടുക്കുന്നത്. കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്ന മേജര്‍ മദന്റെ നിഷേധ നിലപാട് മൂലം ഒരു പ്രത്യേക ഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിത്തുടങ്ങുന്നു. അത് മൂവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതി ചര്‍ച്ച ചെയ്യുന്നത്.
ഒരുപാട് സൂപ്പര്‍താര ജാഡകള്‍ മാറ്റി നിര്‍ത്തി നിര്‍മിച്ച സൂപ്പര്‍താര ചിത്രം എന്ന നിലക്ക് 'മന്‍മഥന്‍ അമ്പ്' പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കമലിന്റെ തിരക്കഥ പക്വവുമാണ്. പല രംഗങ്ങളും സംഭാഷണത്തിലെ 'ഒണ്‍ലൈനറു'കളും കുറിക്കുകൊള്ളും. പക്ഷേ, നര്‍മചിത്രമാണെങ്കിലും ആദ്യാവസാനം പതിഞ്ഞ താളത്തില്‍ നീങ്ങുന്നത് സാധാരണ പ്രേക്ഷകരുടെ ആസ്വാദത്തെ പ്രതികൂലമായി ബാധിക്കും. ആദ്യ പകുതിയില്‍ ഈ ഇഴച്ചില്‍ കൂടുതലുമാണ്. 

സംവിധായകന്‍ എന്ന നിലയില്‍ കെ.എസ് രവികുമാറിന് പ്രത്യേകതോയോ മേന്‍മയോ കാര്യമായി അവകാശപ്പെടാനില്ല. മാത്രമല്ല, ചിത്രത്തിന്റെ പ്രധാന പോരായ്മക്കുള്ള പഴിയും ഇദ്ദേഹത്തിന് തന്നെ കേള്‍ക്കേണ്ടതായും വരും. കാരണം ക്ലൈമാക്സിലെ തരികിടകളും സ്ലാപ് സ്റ്റിക് രംഗങ്ങളും ഒന്നും ചിത്രത്തിന്റെ മൊത്തത്തിലുള്ള നിലവാരത്തിനൊപ്പം നില്‍ക്കാന്‍ തീര്‍ത്തും യോഗ്യമല്ല.

സ്ലോ മോഷനില്‍ റിവേഴ്സ് ഫ്ലാഷ് ബാക്ക് ശൈലിയില്‍ അവതരിപ്പിച്ച 'നീലവാനം' എന്ന ഗാനം പുത്തന്‍ ദൃശ്യാനുഭവമായി. മറ്റു സാങ്കേതിക മേഖലകളായ ക്യാമറ, പശ്ചാത്തല സംഗീതം എന്നിവയും മേന്‍മ പുലര്‍ത്തി. സ്പോട്ട് റെക്കോര്‍ഡിംഗ് ഉപയോഗിച്ചതിനാല്‍ ചില ഡയലോഗുകള്‍ അവ്യക്തമായി തോന്നുമെങ്കിലും ചിത്രത്തില്‍ മൊത്തത്തിലുള്ള ശബ്ദം യാഥാര്‍ഥ്യത്തോടു നീതി പുലര്‍ത്തി. 

ഗാനരചയിതാവ് എന്ന രീതിയിലും കമലഹാസന്‍ ചിത്രത്തില്‍ മികവ് തെളിയിച്ചിട്ടുണ്ട്. ദേവിശ്രീ പ്രസാദിന്റെ സംഗീതത്തിന് ശരാശരി നിലവാരമായിരുന്നു. 

മാധവന്റെ മദന്‍ എന്ന കഥാപാത്രം കമലഹാസനോളം സജീവമായിരുന്നു. മലയാളി കഥാപാത്രങ്ങളായെത്തിയ കുഞ്ചനും മഞ്ജു പിള്ളയും ശ്രദ്ധനേടും. കുഞ്ചനാണ് കൂടുതല്‍ തിളങ്ങിയത്. അതിഥിതാരമായി സൂര്യയെത്തിയതും ആകര്‍ഷകമായി.

മൊത്തത്തില്‍ വൈവിധ്യവും പക്വതയും പലയിടത്തും നിലനിര്‍ത്തിയ തിരക്കഥയുണ്ടെങ്കിലും തീര്‍ത്തും സാധാരണമായ ദൃശ്യവത്കരണം മൂലം ശരാശരി നിലവാരത്തില്‍ 'മന്‍മഥന്‍ അമ്പ്' ഒതുങ്ങുന്നു.
- review by Aashish

manmadhan ambu, manmadhan ambu review, manmadhan ambu review in malayalam, kamal hasan, trisha, r madhavan, k s ravikumar, kunjan, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.