Sunday, December 19, 2010

kandahar review: അതേ മിഷന്‍ വീണ്ടും

മോഹന്‍ലാലിനെ മേജര്‍ മഹാദേവനാക്കി മേജര്‍ രവി ഒരുക്കിയ മൂന്നാമത് ചിത്രമായ 'കാണ്ടഹാര്‍' പറയുന്നത് വിമാന റാഞ്ചലിന്റെ പശ്ചാത്തലത്തിലുള്ള ഒരു കമാന്റോ ഓപറേഷനാണ്. തന്റെ സംവിധാന ജീവിതത്തിലെ നാലാമത്തെ ചിത്രത്തിലും പട്ടാള കമാന്റോ ഓപറേഷന്‍ മുഖ്യ പ്രമേയമാക്കിയപ്പോള്‍ ആവര്‍ത്തന വിരസത ഒഴിവാക്കണം എന്ന പ്രാഥമിക ദൌത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് മേജര്‍ രവിയുടെ 'കാണ്ടഹാര്‍' വേണ്ട വിധത്തില്‍ പ്രേക്ഷകരില്‍ എത്താതെ പോകുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് യഥാര്‍ഥത്തില്‍ 1999ല്‍ നടന്ന കാണ്ടഹാര്‍ വിമാന റാഞ്ചലിനെ സിനിമാറ്റിക്കായി സമീപിക്കാനാണ് രവി ശ്രമിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകരില്‍ പ്രതീക്ഷ വളരെയേറെയുണ്ടാകുമെന്നതിലും സംശയമില്ല. മുമ്പ് 'മിഷന്‍ 90 ഡേയ്സ്' എന്ന ചിത്രം ഡോക്യൂ ഫിക്ഷനായി യാഥാര്‍ഥ്യം അതേപ്പടി ചിത്രീകരിച്ചുവെച്ചപ്പോള്‍ പ്രേക്ഷകര്‍ മുഖം തിരിച്ചുനിന്നത് മനസ്സില്‍ കണ്ടാകാം പരാജയപ്പെട്ട കാണ്ടഹാര്‍ മിഷന്‍ സിനിമയില്‍ വിജയമായി ചിത്രീകരിച്ചത്. 

കഥ വിവരിക്കുന്നത് ഫ്ളാഷ് ബാക്കിലൂടെയാണ്. മേജര്‍ മഹാദേവന്‍ (മോഹന്‍ലാല്‍) പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിക്കുന്നിടത്ത് കഥ തുടങ്ങുന്നു. അന്നേരം അദ്ദേഹം മരിച്ച സഹപ്രവര്‍ത്തകന്‍ സൂര്യ നാഥ് ശര്‍മ (ഗണേഷ് വെങ്കിട്ടരാമന്‍)യുമായുള്ള ബന്ധം ഓര്‍ത്തെടുക്കുകയാണ്.

ഊട്ടിയില്‍ അച്ഛനും ഏവരും ആദരിക്കുന്ന വ്യക്തിത്വവുമായ ലോകനാഥ ശര്‍മ (അമിതാഭ് ബച്ചന്‍)യുടെ മകനായ സൂര്യ വിദ്യാസമ്പന്നനാണ്. എന്നാല്‍ തൊഴില്‍രഹിതനായതിന്റെ എല്ലാ വേദനയും ദേഷ്യവും അയാള്‍ക്കുണ്ട്. അച്ഛന്‍ ശുപാര്‍ശ നടത്തിയാള്‍ ജോലി കിട്ടുമെന്ന് അയാള്‍ക്കുറപ്പുണ്ടെങ്കില്‍ ലോകനാഥ ശര്‍മ അതിന് ഒരിക്കലും തയാറാകുന്നുമില്ല.

ഇതിനിടെ റോഡരുകില്‍ വെച്ച് ഒരു തല്ലുണ്ടാക്കുന്നതിനിടെ സൂര്യയെ മേജര്‍ മഹാദേവന്‍ എത്തി തടയുന്നു. തുടര്‍ന്ന് മേജറും പിതാവും നല്‍കുന്ന പ്രചോദനം സൂര്യക്ക് സൈന്യത്തില്‍ ചേരാന്‍ പ്രേരണയാകുന്നു. 

അവിടെ കഠിന പരിശീലനം നേടി മഹാദേവന് കീഴില്‍ തന്നെ വരികയും അദ്ദേഹത്തിനൊപ്പം കമാന്റോ ഓപറേഷനുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട വിമാനം രക്ഷപ്പെടുത്താനും ഇവര്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നതോടെ കഥ സജീവമാകുന്നു.

ഇതിനിടക്ക് ആദ്യ പകുതിയില്‍ രാജ്യത്തെ തീവ്രദവാദ റിക്രൂട്ടിംഗും, സൂര്യയും അച്ഛനും തമ്മിലെ ബന്ധവും, തീവ്രവാദിയാകാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിന്റെ മാതാവിന്റെ വിഷമങ്ങളും ഒക്കെ ചേര്‍ത്ത് സിനിമക്ക് വേണ്ട സ്ഥിരം ഘടകങ്ങള്‍ കൂട്ടിയിണക്കാന്‍ മേജര്‍ രവി ശ്രമിക്കുന്നുണ്ട്. 

ക്ലൈമാക്സില്‍ വിമാനത്തിനുള്ളില്‍ മേജര്‍ മഹാദേവനും സംഘവും നടത്തുന്ന കമാന്റോ ഓപറേഷന്‍ തന്ത്രങ്ങളും തുടര്‍ന്നുള്ള ത്രസിപ്പിക്കുന്ന രംഗങ്ങളുമാണ് ഹൈലൈറ്റ്.

മേജര്‍ മഹാദേവന്റെ വേഷം മോഹന്‍ലാലിന്റെ കൈയില്‍ ഭദ്രമായിരുന്നു. സംവിധായകനും കഥയും ആവശ്യപ്പെട്ട എല്ലാം വേണ്ടരീതിയില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി. ലോകനാഥ ശര്‍മയായി അമിതാഭ് ബച്ചനും മലയാളത്തിലെ തന്റെ വരവ് അറിയിച്ചു. ഉള്ള രംഗങ്ങള്‍ ബച്ചന്‍ ഉജ്ജ്വലമാക്കി. 

സൂര്യയാകാന്‍ ഗണേഷ് രൂപം കൊണ്ട് യോഗ്യനായിരുന്നെങ്കിലും ഡബ്ബിംഗും ഡയലോഗ് ഡെലിവറിയും പലപ്പോഴും മോശമായി. വളരെക്കുറച്ചേ ഉള്ളെങ്കിലും ഗണേഷിന് ജോഡിയായി എത്തിയ രാഗിണി ദ്വിവേദിയും വെറുപ്പിച്ചു. കെ.പി.എ.സി ലളിത ഉള്ളുരുകുന്ന അമ്മയായി നല്ല പ്രകടനം കാഴ്ചവെച്ചു. എങ്കിലും അതിഭാവുകത്വം നിറഞ്ഞ ക്ലീഷേ സങ്കട രംഗങ്ങള്‍ ആയിരുന്നു അവര്‍ക്ക് അവതരിപ്പിക്കാന്‍ കിട്ടിയത് എന്നത് ന്യൂനതയായി. 

സംവിധായകന്‍ ആദ്യ ചിത്രം ഒരുക്കിയ അതേ അച്ചില്‍ തന്നെയാണ് കാണ്ഡഹാറും വാര്‍ത്തെടുത്തിരിക്കുന്നത്. കീര്‍ത്തിചക്രയില്‍ ജയ് എന്ന പട്ടാളക്കാരന്റെ മരണശേഷമുള്ള ഫ്ലാഷ് ബാക്ക്, സൂര്യ എന്ന പട്ടാളക്കാരന്റെ മരണത്തെത്തുടര്‍ന്നുള്ള ഫ്ലാഷ് ബാക്ക്. തീരുന്നതും അതുപോലെ ഇടക്ക് കീര്‍ത്തിചക്രയില്‍ പറയുന്ന കശ്മീര്‍ തീവ്രവാദികളെ നേരിടുന്നതാണെങ്കില്‍ ഇതില്‍ വിമാന റാഞ്ചികളെ നേരിടുന്നതിനെപ്പറ്റി എന്നതാണ് വ്യത്യാസം. 

ആദ്യാവസാനം ഹിന്ദി ഡയലോഗുകളുടെ അതിപ്രസരം സാധാരണ പ്രേക്ഷകരുടെ അസ്വാദനത്തിന് കുറച്ചൊക്കെ കല്ലുകടിയാകുന്നുണ്ട്. അവസാനം വൈകാരിക രംഗങ്ങളില്‍ കഥ തീരുന്നിടത്തും ഇതേ പ്രശ്നമുണ്ട്. കൂടാതെ കീര്‍ത്തിചക്രയിലും, കുരുക്ഷേത്രയിലും മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനു കിട്ടിയ പ്രഭാവം ഇതില്‍ പകര്‍ന്നുനല്‍കാന്‍ തിരക്കഥക്കായിട്ടുമില്ല. തീവ്രവാദത്തെക്കുറിച്ച് പറയുന്ന ഭാഗങ്ങളിലും ക്ലീഷേ രംഗങ്ങള്‍ ഒരുപാടുണ്ട്. 'കാണ്ഡഹാര്‍ വിമാന റാഞ്ചല്‍' എന്ന യഥാര്‍ഥ സംഭവവുമായി യാതൊരു സാമ്യവും ഈ കഥയിലെ റാഞ്ചലിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. 
2003ല്‍ 'സമീന്‍' എന്ന ഹിന്ദി ചിത്രവും കാണ്ഡഹാര്‍ സംഭവത്തെ ആധാരാക്കി പുറത്തിറങ്ങിയിട്ടുണ്ട്. (കഥയ്ക്കോ അവതരണത്തിനോ ഈ ചിത്രവുമായി ബന്ധമില്ലെങ്കിലും). ഇപ്പോള്‍ ചിത്രീകരണത്തിലുള്ള തെലുങ്ക് ചിത്രം 'ഗഗന'വും ഇതേ പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് സൂചന.

ക്ലൈമാക്സില്‍ സാഹസികമായി വിമാനമിറക്കുന്നത് 1996ല്‍ പുറത്തിറങ്ങിയ വിമാന റാഞ്ചല്‍ പ്രമേയമായ 'എക്സിക്യൂട്ടീവ് ഡിസിഷന്‍' എന്ന ചിത്രത്തിലെ അവസാന ഭാഗത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. 

ചടുലമായ എഡിറ്റിംഗിലൂടെ സിനിമാരംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയ ഡോണ്‍ മാക്സിന് എന്തുകൊണ്ടോ ആ ചടുലത ഇത്തവണ നിലനിര്‍ത്താനാകുന്നില്ല. ആദ്യ പകുതിയില്‍ ഈ പ്രശ്നം വല്ലാതെ നിഴലിക്കുന്നുണ്ട്. ഷമീര്‍ ടാണ്ടന്‍ ഒരുക്കിയ ഗാനങ്ങളും ശരാശരി തന്നെ. സോനുനിഗം പാടിയ നല്ല പാട്ടായ 'ജനനീ' അവസാനം ഉപയോഗിച്ച് അതിനുള്ള ഗുണം കൂടി നഷ്ടപ്പെടുത്തി.

മൊത്തത്തില്‍ അമിതാഭ് ബച്ചന്റെ മോഹന്‍ലാലിന്റെ സജീവമായ അഭിനയ മൂഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ പ്ലസ് പോയന്റ്. നാലാം ചിത്രമെത്തിയപ്പോള്‍ ഇനിയെങ്ങോട്ട് എന്ന അവസ്ഥയില്‍ അന്തിച്ചുനില്‍ക്കുന്ന സംവിധായകനായാണ് 'കാണ്ഡഹാറി'ല്‍ മേജര്‍ രവിയെ കാണാനാവുക. എന്തായാലും അദ്ദേഹത്തിന്റെ ആദ്യചിത്രത്തെപ്പോലെ ജനപ്രിയതയും സൈനിക ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളും സിനിമയുടെ പരിധിക്കുള്ളില്‍ അസ്വാദ്യമായ രീതിയില്‍ ചേര്‍ത്തുവെക്കാന്‍ 'കാണ്ഡഹാറി'നു കഴിഞ്ഞിട്ടില്ല.

വാല്‍ക്കഷ്ണം: ദേശ സ്നേഹം ജ്വലിപ്പിക്കാന്‍ എന്തിനാണ് മേജര്‍ രവി രഹസ്യയുടെ ക്ലബ് ഡാന്‍സ് ഉള്‍പ്പെടുത്തിയതെന്ന് പിടികിട്ടിയതേയില്ല. 

-Review by Aashish

kandahar, malayalam film kandahar, kandahar review, major ravi, mohanlal, amithabh bachchan, cinemajalakam review, ganesh venkitaraman

5 comments:

Manoj T said...

apt review. major was little over confident this time.

Ank said...

nalla padam thanna ithu. over hype vannathondu thonnum atra pora ennu. atre ulloo

saji sree said...

mohanlalum major raviyum cinema field vidanam

Unknown said...

kalakkiyeda mone !!!

Anonymous said...

vaayum nokki irunno...........
ithu polathe alampu padam..........

kudavayarum vech aarano pattalathil eduthathu............

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.