Saturday, December 18, 2010

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവ കോംപ്ലക്സ് നിര്‍മ്മാണം ഉടന്‍: മന്ത്രി ബേബി

തിരുവനന്തപുരത്ത് ചലച്ചിത്രോത്സവ കോംപ്ലക്സിന് സ്ഥലം കണ്ടെത്തിയതായും നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും സാംസ്കാരിക മന്ത്രി എം എ ബേബി അറിയിച്ചു. രാജ്യാന്തര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം മുതല്‍ സ്കൂളുകളിലും കോളേജുകളിലും ഒരു ക്ലാസിക് സിനിമയെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ചലച്ചിത്രോത്സവങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ സിനിമാ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ സഹായകരമാണെന്ന് അധ്യക്ഷനായിരുന്ന മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്രമേളകളില്‍ കേരള രാജ്യാന്തര മേള ഏറ്റവും ഉന്നതിയിലേക്ക് ഉയര്‍ന്നുവന്നതായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രശസ്ത സംവിധായകന്‍ മണിരത്നം അഭിപ്രായപ്പെട്ടു.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം 'പോര്‍ട്രെയിറ്റ് ഇന്‍ എ സീ ഓഫ് ലൈസി'ന്റെ സംവിധായകന്‍ കാര്‍ലോസ് ഗവേരിയ, മികച്ച സംവിധായകനുള്ള അവാര്‍ഡ് ജൂലിയ സോളോമനോഫ്, നവാഗത സംവിധായകനുള്ള അവാര്‍ഡ് ബല്‍മാ ബാസിന്റെ പ്രതിനിധി എന്നിവര്‍ക്ക്  സാംസ്കാരിക മന്ത്രി വിതരണം ചെയ്തു. പ്രേക്ഷക ചിത്രം ജാപ്പനീസ് വൈഫിനുള്ള പുരസ്കാരം മന്ത്രി സി ദിവാകരനും മാധ്യമ അവാര്‍ഡുകള്‍ മന്ത്രി ബിനോയ് വിശ്വവും നല്‍കി.

ചടങ്ങില്‍ രാജ്യാന്തര ജൂറി അധ്യക്ഷ ജൂലി ഡാഷ്, മേയര്‍ അഡ്വ. കെ ചന്ദ്രിക, അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, വൈസ് ചെയര്‍മാന്‍ വി കെ ജോസഫ്, സെക്രട്ടറി കെ എസ് ശ്രീകുമാര്‍, ആര്‍ട്ടിസ്റിക് ഡയറക്ടര്‍ ബീനാപോള്‍, നടി സുഹാസിനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ചടങ്ങിന് ശേഷം തിരുവനന്തപുരം സമുദ്ര അവതരിപ്പിച്ച സമകാലീന നൃത്തം അരങ്ങേറി. തുടര്‍ന്ന് അവാര്‍ഡ് ലഭിച്ച പോര്‍ട്രെയ്റ്റ് ഇന്‍ എ സീ ഓഫ് ലൈസ് പ്രദര്‍ശിപ്പിച്ചു. 


iffk, 15th iffk, international film festival kerala, m a baby, festival complex soon, film festival complex in thiruvananthapuram

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.