Tuesday, December 14, 2010

മേളയില്‍ മലയാളചിത്രങ്ങള്‍ക്ക് തിക്കും തിരക്കും

15ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള ചലച്ചിത്രങ്ങള്‍ക്ക് ആവേശകരമായ വരവേല്‍പ്പ്. മേളയില്‍ പ്രദര്‍ശിപ്പിച്ച പുത്തന്‍ മലയാള ചിത്രങ്ങളായ മകരമഞ്ഞ്, ഇലക്ട്ര, ജാനകി തുടങ്ങിയവയാണ് വമ്പിച്ച പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയത്. മൂന്നു ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായവുമുണ്ട്.

ചൊവ്വാഴ്ച (14) പ്രദര്‍ശിപ്പിക്കുന്ന 'വീട്ടിലേക്കുള്ള വഴി'ക്കും സീറ്റുകള്‍ നേരത്തെ റിസര്‍വേഷന്‍ വഴി നിറഞ്ഞുകഴിഞ്ഞു.

മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെയെല്ലാം കേരളത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയില്‍ നടന്നത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞ്' ശനിയാഴ്ച രാവിലെ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിറഞ്ഞ സദസ്സായിരുന്നു. ബാല്‍ക്കണിയിലും ഫസ്റ്റ് ക്ലാസിലുമടക്കം അനേകം ഡെലിഗേറ്റുകള്‍ നിലത്തിരുന്നാണ് ചിത്രം കണ്ടത്. എം. ജി ശശിയുടെ പുതിയ ചിത്രം 'ജാനകി'ക്കും നിറഞ്ഞ സദസ്സായിരുന്നു.

തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ച ശ്യാമപ്രസാദിന്റെ 'ഇലക്ട്ര' കാണാനുള്ള തിരക്ക് കൈരളി തീയറ്ററിനുമുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജനങ്ങള്‍ തിയറ്ററിലേക്ക് ഇടിച്ചു കയറുന്നതിനിടെ കൈരളിക്ക് മുന്നില്‍ ചില്ലിട്ട ഡോറുകള്‍ തകര്‍ന്നു. ബാല്‍ക്കണി റിസര്‍വ് ചെയ്തവര്‍ക്ക് പോലും തീയറ്ററിന് അകത്തേക്ക് കയറാനാകാത്ത വിധം തിരക്കായിരുന്നു ചിത്രത്തിന്. നയന്‍താര, മനീഷ കൊയ്രാള, പ്രകാശ് രാജ് തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോഴും ഇത് പോലെ പ്രേക്ഷകരുടെ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു.

ഡോ. ബിജു പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'വീട്ടിലേക്കുള്ള വഴി' ചൊവ്വാഴ്ച 11 30 ന് കൈരളിയില്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂര്‍ റിസര്‍വേഷന് സൌകര്യമുള്ള സീറ്റുകള്‍ നേരത്തെ നിറഞ്ഞു. മറ്റു സീറ്റുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു മലയാള ചിത്രങ്ങള്‍ക്ക് ഉണ്ടായതുപോലുള്ള തള്ളിക്കയറ്റമാണ് പ്രതീക്ഷിക്കുന്നത്. നിരവധി വിദേശ ഡെലിഗേറ്റുകളും മലയാളസിനിമ കാണാന്‍ തിരക്കുകൂട്ടുന്നുണ്ട്.

iffk2010, veettilekkulla vazhi, elecktra, janaki, makara manju, prithvi raj, m g sasi

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.