Saturday, December 11, 2010

മേള കൊടിയേറി, സിനിമക്കായി ഇനി ഒരാഴ്ച

chief minister v.s achyuthanandan inuagrating IFFK2010

കേരളത്തിന്റെ പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തലസ്ഥാനത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രൌഢഗംഭീര തുടക്കം. ഇനി നല്ല സിനിമകള്‍ക്കായി തലസ്ഥാനം ഒരാഴ്ച വേദിയാകും. 

ലോക പ്രശസ്ത ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗിനെ ആദരിച്ചുകൊണ്ടാണ് മേളക്ക് വൈകിട്ട് തുടക്കമായത്. നിരവധി ചലച്ചിത്ര പ്രതിഭകള്‍ അണിനിരന്ന വേദിയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കാഴ്ചയുടെ പൂരത്തിന് തിരിതെളിച്ചു. നടി അനന്യയാണ് ദീപം മുഖ്യമന്ത്രിക്ക് കൈമാറിയത്. 

ചടങ്ങില്‍ ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. മുന്‍കാല ഹിന്ദി സിനിമാ നായിക വഹീദാ റഹ്മാന്‍ മുഖ്യാതിഥി ആയിരുന്നു. അധ്യക്ഷത വഹിച്ച മന്ത്രി എം.എ ബേബി അവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. ജ്ഞാനപീഠം നേടിയ ഒ.എന്‍.വി കുറുപ്പിനെയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. 

ഫെസ്റ്റിവല്‍ കാറ്റലോഗ് ക്യൂബന്‍ അംബാസഡര്‍ മിഗുവല്‍ റിമറസിന് നല്‍കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബീനാ പോള്‍ ജൂറി അംഗങ്ങളെ പരിചയപ്പെടുത്തി. ചടങ്ങിനെ ത്തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ഇറാനിയന്‍ സംവിധായകന്‍ മൊഹ്സിന്‍ അബ്ദുല്‍ വഹാബിന്റെ 'പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്' പ്രദര്‍ശിപ്പിച്ചു.

83 രാജ്യങ്ങളില്‍ നിന്നായി 207 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സിനിമകളുടെ പ്രദര്‍ശനം വെള്ളിയാഴ്ച രാവിലെ തന്നെ ആരംഭിച്ചു. 17ന് മേള സമാപിക്കും. 

iffk, kerala international film festival, hersog, iffk 2010

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.