Friday, December 10, 2010

Best actor review: അഭിനയ മികവിന്റെ ചടുലത

'സിനിമയില്‍ അഭിനയിക്കണമെന്ന മോഹം എല്ലാവരിലുമുണ്ടാകും, എന്നാല്‍ 90 ശതമാനം പേരും അതു പറയില്ല' - ഈ കഥാതന്തുവിനെ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ് 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. 

സിനിമാ മോഹവുമായി നടക്കുന്ന ഒരു യു.പി സ്കൂള്‍ അധ്യാപകന്റെ കഥയിലൂടെയാണ് മാര്‍ട്ടിന്‍ ഇക്കഥ നമ്മുടെ മുന്നിലെത്തിക്കുന്നത്. മോഹന്‍ (മമ്മൂട്ടി)- അതാണ്  നമ്മുടെ കഥാനായകന്റെ പേര്. നാട്ടിലെ യു.പി സ്കൂളിലെ മാഷാണ്. ശാലീനയായ ഭാര്യ സാവിത്രി (ശ്രുതി രാമകൃഷ്ണന്‍) യുണ്ട്. ഉണ്ണിക്കുട്ടനെന്നൊരു മകനുമുണ്ട്. പ്രായം നാല്‍പതിനടുത്തായെങ്കിലും കാര്യമായ ഒരു വേഷം തനിക്ക് ലഭിക്കുമെന്നും അറിയപ്പെടുന്ന നടനാകുമെന്നും സ്വപ്നം കണ്ട് നടക്കുകയാണിയാള്‍. ഇതിനാല്‍ പതിവായി വിവിധ സംവിധായകരുടെ സെറ്റിലും വീട്ടിലും കയറിയിറങ്ങുന്നുമുണ്ട്. ഈ കഥയാണ് ആദ്യ പകുതിയില്‍ 'ബെസ്റ്റ് ആക്ടര്‍' പറയുന്നത്. 

എന്നാല്‍ മോഹന്റെ ജീവിതത്തിന്റെ പതിവുകള്‍ക്ക് മാറ്റമുണ്ടാകുന്നത് സ്വന്തം സ്കൂളില്‍ പ്രശസ്ത സംവിധായകന്‍ ശ്രീകുമാറിന്റെ (ശ്രീനിവാസന്‍) സിനിമയുടെഷൂട്ടിംഗ് നടക്കുമ്പോഴാണ്. ഒരു റോള്‍ ഏതാണ്ട് ഉറപ്പായെന്ന് കരുതി നാട്ടുകാരുടേയും വീട്ടുകാരുടെയും മുന്നില്‍ സെറ്റിലെത്തുമ്പോള്‍ നേരിടുന്ന തിക്താനുഭവം അയാളെ മാറ്റി മറിക്കും. പിന്നീട് നടനാകാന്‍ കച്ചകെട്ടി കൊച്ചിയിലേക്ക് പുറപ്പെടുകയാണിയാള്‍. അവിടെ മോഹന്‍ എത്തിപ്പെടുന്ന സാഹചര്യങ്ങളും അതയാളില്‍ സൃഷ്ടിക്കുന്ന വഴിത്തിരിവുകളും ആണ് കഥയുടെ ബാക്കി. 

ആദ്യ പകുതി ലളിതമായ ആഖ്യാന ശൈലിയിലൂടെ മോഹനെയും അയാളുടെ സ്വഭാവത്തെയും പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. ചിലയിടത്തൊക്കെ ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനെ ഓര്‍മ വരുമെങ്കിലും കാര്യമായ ഇഴച്ചില്‍ വരാതെ അവതിരിപ്പിച്ചിട്ടുണ്ട് മാര്‍ട്ടിന്‍ പ്രക്കാട്ടും സഹ തിരക്കഥാകൃത്തായ ബിപിന്‍ ചന്ദ്രനും. രണ്ടാം പകുതി കൊച്ചിയിലെത്തുന്ന മോഹന്റെ ഭാവമാറ്റമാണ് പറയുന്നത്. 

താരതമ്യേന വേഗമുള്ളത് രണ്ടാം പകുതിക്കാണ്. ക്വട്ടേഷന്‍ സംഘാംഗമായി മമ്മൂട്ടിയുടെ ഭാവപ്പകര്‍ച്ചയും മുറി ഹിന്ദിയുമൊക്കെ നന്നായി. ക്വട്ടേഷന്‍ ടീം മൊത്തത്തില്‍ മികച്ചുനിന്നു. ലാലിന്റെ ഗുണ്ട ഷാജിയും, നെടുമുടിയുടെ ആശാനും സലീംകുമാറിന്റെ വടിവാള്‍ പ്രാഞ്ചിയും വിനായകന്റെ പൊട്ടനുമെല്ലാം കൃത്യമായ കഥാപാത്രങ്ങള്‍ തന്നെ. ലാലിന്റെയും സലിംകുമാറിന്റെ പല ഡയലോഗുകളും പുതുമയൊന്നും ഇല്ലെങ്കിലും ചിരിപ്പിക്കാന്‍ പോന്നതാണ്. 

ക്വട്ടേഷന്‍ ടീം രംഗങ്ങള്‍ ചിലതിന് അതിഭാവുകത്വവും അവിശ്വസനീയതയുമുണ്ടെങ്കിലും ചടുലമായി കൈകാര്യം ചെയ്തിരിക്കുന്നതിനാല്‍ ഈ പോരായ്മകള്‍ പ്രേക്ഷകരിലെത്തുന്നില്ല.

നായികയായ ശ്രുതിക്ക് അയ്യോ പാവം ഭാര്യയായി ചന്ദനക്കുറിയുമണിഞ്ഞ് നടക്കണമെന്നതല്ലാതെ കാര്യമായ അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ല. 

ലളിതമായ കഥാതന്തു ചടുലമായ ഇഴയാതെ പറയാനായതാണ് 'ബെസ്റ്റ് ആക്ടറി'ല്‍ മാര്‍ട്ടിന്‍ എന്ന സംവിധായകന്റെ വിജയം. ക്ലൈമാക്സും ആന്റി ക്ലൈമാക്സും മലയാളത്തില്‍ പരീക്ഷിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അത് ക്ലിക്കാകുന്നുമുണ്ട്. (വിദേശ ചിത്രങ്ങളില്‍ ഇത്തരം ചലച്ചിത്ര സംബന്ധ ക്ലൈമാക്സുകള്‍ മുമ്പ് വന്നിട്ടുള്ളത് മറക്കുന്നില്ല). വിദേശ ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും  പേര് ഓര്‍ത്തെടുക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല.

ഗാനങ്ങള്‍ക്ക് ശരാശരി മികവാണ്. എങ്കിലും 'സ്വപ്നം ഒരു ചാക്ക്' നായകന്റെ സ്വഭാവം പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇടവേളാനന്തരമുള്ള ഉല്‍സവ ഗാനവും യുവാക്കള്‍ക്ക് ആവേശമുണ്ടാക്കും.

അജയന്‍ വിന്‍സെന്റ് എന്ന പരിചയ സമ്പന്നനായ ക്യാമറാ മാന്റെ മുദ്ര ചിലയിടങ്ങളില്‍ കാണാനുണ്ട്. ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് പതിവുപോലെ വേഗമുണ്ട്. ടൈറ്റില്‍ കാര്‍ഡില്‍ പഴയ സിനിമാനോട്ടീസുകളും പഴയകാല സിനിമാ സംഭാഷണങ്ങളും ചേര്‍ത്തത് പുതുമയായി.

മൊത്തത്തില്‍ ശരാശരിക്കുമേല്‍ നിലവാരമുള്ള ,എന്നാല്‍ വലിയ സംഭവങ്ങളൊന്നുമില്ലാത്ത സിനിമ. കുടുംബപ്രേക്ഷകര്‍ക്ക് നെറ്റി ചുളിക്കാതെ കാണാനാവുന്നതും ഫാന്‍സിനും യുവാക്കള്‍ക്കും അല്‍പം ആഘോഷ മൂഡൊരുക്കാനും 'ബെസ്റ്റ് ആക്ടറി'ന് കഴിയുന്നുണ്ട്. 

-review by Aashish

best actor- song swapnam oru chakku

best actor- song- machuveri

best actor, malayalam film best actor, best actor review, mammootty best actor, cinemajalakam review, martin prakkatt, best actor gallery, best actor videos

4 comments:

sajjan said...

ചിന്താ വിഷ്ടയുമായി സാമ്യം തോന്നില്ല..
പക്ഷെ, ചില രംഗം ചോട്ടാ മുംബൈ തോന്നും
പിന്നെ കഥ പറയുമ്പോളും

hero said...

mikacha chitram aanu. nyunathakal karyamayi illa

Anonymous said...

ee aduthidakku irangiya potta padangal kandu manassu maduthavarkkayi ... BEST ACTOR

anas anchal said...

best actor review nannayi

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.