Sunday, November 7, 2010

Karyasthan Review: പതിവു കാര്യങ്ങളുമായി കാര്യസ്ഥന്‍

സിബി കെ. തോമസ്-  ഉദയ് കൃഷ്ണ ടീമിന്റെ രചന എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്ന ചില കഥാ പശചാത്തലങ്ങളുണ്ട്. ആ ഓര്‍മകളെ ഒരിക്കലും തെറ്റിക്കാതെ തന്നെ ഇവര്‍ ഒരുക്കിയെടുത്ത കഥയും തിരക്കഥയുമാണ് ദിലീപിന്റെ നൂറാമത്തെ ചിത്രമെന്ന ലേബലില്‍ പുറത്തിറങ്ങിയ 'കാര്യസ്ഥനി'ലും. സ്ഥിരം ഫോര്‍മാറ്റില്‍ കാട്ടിക്കൂട്ടിയ കോമഡി ചിത്രങ്ങളിലെ വളിപ്പുകള്‍ ആസ്വദിക്കാന്‍ വിരോധമില്ലാത്തവരെ തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് സംവിധായകന്‍ തോംസണ്‍ കാര്യസ്ഥന്‍ പുറത്തിറക്കിയിട്ടുള്ളത്.

പതിവുപോലെ ചിത്രത്തിന്റെ പേര് എഴുതിക്കാട്ടും മുന്‍പ് പണ്ടുകാലത്ത് നടന്ന സംഭവത്തിലൂടെ കഥ തുടങ്ങുന്നു. കിഴക്കേടത്ത്, പുത്തേടത്ത് എന്നീ തറവാടുകളിലെ ഇളംമുറക്കാര്‍ തമ്മിലെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ്. കിഴക്കേടത്തെ മൂത്ത പുത്രന്‍ രാജന്‍ വാര്യരാണ് (സിദ്ദിഖ്). എന്നാല്‍ ഇയാള്‍ കാര്യസ്ഥന്റെ മകളുമായി തമിഴ്നാട്ടിലേക്ക് ഒളിച്ചോടുന്നതോടെ കുടുംബങ്ങള്‍ തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പകയാകുന്നു. കിഴക്കേടത്തെ കാരണവരും (മധു) മക്കളും പുത്തേഴത്തെ കാരണവരും (കൊല്ലം ജി.കെ പിള്ള) മക്കളും കണ്ടാല്‍ കടിച്ചു കീറാന്‍ നില്‍ക്കുന്ന അവസ്ഥയിലാണ് കാലമേറെ കഴിഞ്ഞിട്ടും. 

വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യതയിലാക്കാണ്‍ രാജന്റെ മകന്‍ കൃഷ്ണനുണ്ണി (ദിലീപ്) തിരിച്ചെത്തുന്നതാണ് കഥ. സ്വന്തം വിലാസത്തില്‍ വന്നാല്‍ പ്രശ്ന പരിഹാരം അസാധ്യമെന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ പുത്തേഴത്ത് കാര്യസ്ഥനായി കയറിപ്പറ്റുന്നു. തുടര്‍ന്ന് ആദ്യം കുടുംബങ്ങളിലെ കാരണവന്‍മാരെ അടുപ്പിക്കാനും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ബന്ധം വിളക്കിച്ചേര്‍ക്കാനും ശ്രമം തുടങ്ങുന്നു. ഇതിനിടെ ആദ്യം പിണക്കത്തിലൂടെ പിന്നീട് ഇണക്കത്തിലാകുന്ന കഥാനായിക പുത്തേഴത്തെ ശ്രീബാല (അഖില)യുമായി കൃഷ്ണനുണ്ണി പ്രണയത്തിലുമാകുന്നു. 

പിന്നെ പതിവുപോലെ ചില തിരികിടകളിലൂടെയും തന്ത്രങ്ങളിലൂടെയും അവസാനം അല്‍പം പഴംകഥാ വിശകലനത്തിലൂടെയും പുത്തന്‍ കാര്യസ്ഥന്റെ മധ്യസ്ഥതയില്‍ ശുഭകരമായി കുടുംബങ്ങള്‍ തമ്മിലെ തെറ്റിദ്ധാരണ മാറ്റുന്നു. പുതുമകള്‍ യാതൊരു വിഭാഗത്തിലും അവകാശപ്പെടാനില്ലെങ്കിലും കേട്ടു പഴകിയ തമാശകള്‍ വീണ്ടും അവതരിപ്പിച്ച് കൈയടി വാങ്ങുന്ന 'മിടുക്കിന്' സിബി -ഉദയന്‍ ടീം അഭിനന്ദനം അര്‍ഹിക്കുന്നു. കുടുംബ ബന്ധങ്ങളുടെ കഥയാണെന്ന് കാണിക്കാന്‍ കാരണവന്‍മാരുടെ സെന്റിമെന്റ്സ് കൂടി ചേര്‍ത്തിട്ടുണ്ട്. 

ഇവരുടെ തിരക്കഥ അതേപടി ചിത്രീകരിച്ചതല്ലാതെ പുതുമുഖ  സംവിധായകന്‍ തോംസന്റെ സംഭാവനയായി ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല.

അഭിനയവിഭാഗത്തില്‍ ദിലീപ് 'അടുത്ത വീട്ടിലെ പയ്യന്‍' ഇമേജ് നിലനിര്‍ത്തിക്കൊണ്ടുതന്നെ താര പരിവേഷവും സ്വയം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ രണ്ടു ഗണത്തിലും പെടാത്ത ഒരു അവിയല്‍ നായകനാകാനേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളൂ. 
നായകനെ അവതരിപ്പിക്കുമ്പോഴുള്ള കരണം മറിച്ചില്‍, 'കൃഷ്ണാ' എന്നു തുടങ്ങുന്ന ഗാനത്തിലെ കോലംകെട്ട് , രജനീകാന്തിനൊപ്പമുള്ള തലവെട്ട് ഡാന്‍സ് തുടങ്ങിയ അസഹ്യം തന്നെ. ആക്ഷന്‍ രംഗങ്ങളിലും ദിലീപിന്റെ ടൈമിംഗ് നഷ്ടപ്പെടുന്നുണ്ട്. സത്യത്തില്‍ ദിലീപ് കരിയറില്‍ 'സ്വത്വ പ്രതിസന്ധി'  നേരിടുന്ന കാലമാണെന്ന് തോന്നുന്നു. പണ്ടത്തെ പോലെ ചില്ലറ നര്‍മങ്ങളൊക്കെയാണ് സാധാരണ ജനപ്രിയനായി മാത്രം നിന്നാല്‍ പോരാ എന്ന തോന്നലാകാം സ്വയം താര പരിവേഷമുണ്ടാക്കാനുള്ള ഇത്തരം വേഷംകെട്ടുകള്‍ ചേര്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുന്നത്. 

ചിത്രത്തില്‍ നര്‍മ വിഭാഗത്തില്‍ (വളിപ്പ് എന്ന് പറയാം) സ്കോര്‍ ചെയ്യുന്നത് സുരാജ് വെഞ്ഞാറമൂട് തന്നെയാണ്. ആദ്യാവസാനം ദിലീപിന്റെ കഥാപാത്രത്തിന് ശക്തമായ പിന്തുണ സുരാജിന്റെ പൊട്ടന്‍ വടിവേലു എന്ന കഥാപാത്രം നല്‍കുന്നുണ്ട്. സലിംകുമാര്‍, തെസ്നി ഖാന്‍ എന്നിവരും അവരുടെ പങ്ക് മോശമാക്കിയില്ല. എന്നാല്‍ ഹരിശ്രീ അശോകന് കാര്യമായി ചെയ്യാനൊന്നും ഉണ്ടായിരുന്നില്ല.

കുടുംബ കാരണവന്‍മാരായി മധുവും ജി.കെ പിള്ളയുംപക്വമായ പ്രകടനമായിരുന്നു. ഏറെ കാലത്തിന് ശേഷം പിള്ളയെ വെള്ളിത്തിരയില്‍ ഒരു നല്ല വേഷത്തില്‍ കാണാനുമായി.  നായിക അഖിലയും പുതുമുഖത്തിന്റെ അങ്കലാപ്പുകളൊന്നുമില്ലാതെ സാന്നിധ്യമറിയിച്ചു.

ബേണി ജഗ്നേഷ്യസിന്റെ ഗാനങ്ങള്‍ ശരാശരി നിലവാരമേയുള്ളൂ. തമ്മില്‍ ഭേദം 'മലയാളിപ്പെണ്ണേ' എന്ന ഗാനമാണ്. സീരിയല്‍ താരങ്ങള്‍ എല്ലാവരും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന 'മംഗളങ്ങള്‍' എന്ന ഗാനം 'ഓം ശാന്തി ഓം' എന്ന ചിത്രത്തില്‍ സിനിമാ താരങ്ങളെല്ലാം ഒരു ഗാനത്തില്‍ അണിനിരക്കുന്നതിന്റെ പതിപ്പായി. 
അവസാന ടൈറ്റിലുകള്‍ കാണിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ എത്തുന്നതും 'ഓം ശാന്തി ഓം' പോലെ തന്നെ.  എടുത്തു പറയത്ത പ്രത്യേകതകള്‍ മറ്റൊന്നുമില്ല. 
വെറുതേ രണ്ടേമുക്കാല്‍ മണിക്കൂര്‍ തിയറ്ററില്‍ വളിപ്പുകള്‍ കേള്‍ക്കാന്‍ സന്‍മനസ്സുള്ളവരെ തൃപ്തിപ്പെടുത്തുന്ന സ്ഥിരം സിബി -ഉദയന്‍ ടീമിന്റെ ചിത്രം. 'പോക്കിരി രാജ'ക്കും'പാപ്പി അപ്പച്ചാ'ക്കുമൊക്കെ ആളു കേറുമെങ്കില്‍ ഇതും പ്രബുദ്ധരായ മലയാളികള്‍ വിജയിപ്പിക്കാനാണ് സാധ്യത. 

- review by Aashish







karyasthan review, cinemajalakam review, dileep, akhila, thomson, sibi k thomas, uday krishna, madhu, karyasthan, suraj, salim kumar

9 comments:

Foodie@calicut said...

bold review, nice!!!

Satheesh said...

sathyam thanne!

Anonymous said...

നിങ്ങളുടെ സമയത്തിനും
പണത്തിനും
വിലയില്ലെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ?

ഉണ്ടെന്നാണ്‌ ഉത്തരമെങ്കില്‍ മാത്രം

കാര്യസ്ഥന്‍ കാണുക

ramraj said...

ആസ്വദിച്ചു ചിരിക്കാവുന്ന സിനിമ ആണ് ഇത്.

Anonymous said...

goo review

Mo said...

അങ്ങനെ അതും പോയി....

rahul said...

good and sensible one

Anonymous said...

Its nice to see that we can find such bold review for Malayalam Films. For other Media every New Movies is a blockbuster. Channels will conduct chat show and in few weeks time it will be on TV with Block Buster label.

Congratz Aashish

sankara said...

itharam cinemakal alle theatrekal nilanirthunathu?
avaye thally parayunathu shariyano?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.