Tuesday, November 23, 2010

മങ്കട രവിവര്‍മ അന്തരിച്ചു

mankada ravivarma with adoor gopalakrishnan

മലയാള സിനിമയില്‍ വേറിട്ട ദൃശ്യഭാഷ ഒരുക്കിയ പ്രമുഖ ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ (എം.സി രവി വര്‍മ രാജ- 84) നിര്യാതനായി. തിങ്കളാഴ്ച (22) വൈകിട്ട് അഞ്ചേമുക്കാലിന് ചെന്നൈ മഹാലിംഗപുരത്തെ സഹോദരിയുടെ വസതിയിലായിരുന്നു അന്ത്യം. ടി നഗര്‍ കണ്ണമ്മാപ്പേട്ട് വൈദ്യുതി ശ്മശാനത്തില്‍ ചൊവ്വാഴ്ച പകല്‍ 12ന് സംസ്കാരം നടക്കും. അവിവാഹിതനായ രവിവര്‍മ ഏറെ കാലമായി മറവി രോഗം ബാധിച്ച് കിടപ്പിലായിരുന്നു. 
പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചാണ് രവി വര്‍മ ശ്രദ്ധേയനായത്. 1972ല്‍ 'സ്വയംവര'ത്തില്‍ തുടങ്ങി 2002 ല്‍ 'നിഴല്‍ക്കുത്ത്' വരെ അടൂരിന്റെ ചിത്രങ്ങള്‍ കഥ പറഞ്ഞത് വര്‍മയുടെ ക്യാമറക്കണ്ണുകളിലൂടെയാണ്. പി.എന്‍ മേനോന്‍ 'ഓളവും തീരവും' വഴി മലയാളസിനിമയെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്ന് പുറത്ത് കടത്തി  കാറ്റും വെളിച്ചവും ഏല്‍പ്പിച്ചപ്പോള്‍ ക്യാമറ നല്‍കിയത് മങ്കടക്കായിരുന്നു. അതിലൂടെ പ്രകൃതി സൌന്ദര്യത്തിന്റെ വശ്യത അങ്ങനെ മലയാളസിനിമയുടെ വെള്ളിത്തിരയില്‍ ആദ്യം യാഥാര്‍ഥ്യ ബോധത്തോടെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ.
mankada ravi varma
പി.എ അസീസ് സംവിധാനം ചെയ്ത 'അവള്‍' എന്ന ചിത്രത്തിലൂടെ 1966ലാണ് ഛായാഗ്രാഹകനായി സിനിമയിലെത്തിയത്. 1970ല്‍ 'ഓളവും തീരവും' വഴി ആദ്യ സംസ്ഥാന അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി. പിന്നീടങ്ങോട്ട് 1972 ല്‍ 'സ്വയംവരം' മുതല്‍ അടൂരിന്റെ സ്ഥിരം ക്യാമറാമാനായി അദ്ദേഹം മാറുകയായിരുന്നു. 
mankada ravivarma (left) with adoor gopalakrishnan
'സ്വയംവര'ത്തിന്റെ ക്യാമറക്ക് 1972ല്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് ഉത്തരായനം, എലിപ്പത്തായം, നോക്കുകുത്തി, മുഖാമുഖം, നിഴല്‍ക്കുത്ത് എന്നീ ചിത്രങ്ങളിലൂടെയും സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 
2007ല്‍ സമഗ്ര സംഭാവനക്കുള്ള ജെ.സി ദാനിയേല്‍ പുരസ്കാരം ലഭിച്ചു. 
നോക്കുകുത്തി (1984), കുഞ്ഞിക്കൂനന്‍ (1989) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
എ.എം പരമേശ്വരന്‍ ഭട്ടതിരിപ്പാടും എം.സി കുഞ്ഞിക്കാവ് തമ്പുരാട്ടിയുമാണ് മാതാപിതാക്കള്‍. 



mankada ravi varma passes away, mankada ravi varma dead, cameraman mankada ravi varma

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.