Sunday, November 21, 2010

ശാന്താദേവി ഓര്‍മയായി

നാടക, ചലച്ചിത്രവേദികളില്‍ സൌമ്യതയുടെ മാതൃരൂപമായിരുന്ന പ്രശസ്ത നടി കോഴിക്കോട് ശാന്താദേവി (83) നിര്യാതയായി. വാര്‍ധക്യസഹജ അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. 20ന് ശനിയാഴ്ച രാത്രി ഏഴരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപ്വതിയിലായിരുന്നു അന്ത്യം. മൃതദേഹം നല്ലളത്തെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നര മുതല്‍ ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുശേഷം ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ മാവൂര്‍ റോഡ് പൊതു ശ്മശാനത്തില്‍ സംസ്കാരം നടക്കും.

അരനൂറ്റാണ്ടിന്റെ അഭിനയത്തഴക്കവുമായാണ് ശാന്താദേവി മലയാള നാടക, സിനിമാ അരങ്ങില്‍ നിന്ന് വിട പറഞ്ഞത്. ആയിരത്തോളം നാടകങ്ങള്‍ക്കും 480 ഓളം സിനിമകളിലും അഭിനയിച്ച അവര്‍ സൌമ്യതയുടെ മുഖമുള്ള മാതൃവേഷങ്ങളാണ് ഏറെയും കൈകാര്യം ചെയ്തിട്ടുള്ളത്. ഭരത് ഗോപി സംവിധാനം ചെയ്ത 1992ല്‍ 'യമനം' എന്ന ചിത്രത്തിലെ അമ്മവേഷത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലൂടെ 1979ല്‍ മികച്ച നാടക നടിക്കുള്ള പുരസ്കാരവും ശാന്താദേവിയെ തേടി എത്തി. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, പ്രേംജി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് പൊറ്റമ്മല്‍ കണ്ണക്കുറുപ്പിന്റെ മകളായി 1927ല്‍ ജനിച്ച ദമയന്തിയെന്ന ശാന്താദേവി 18ാം വയസ്സില്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികം നീണ്ടില്ല. തുടര്‍ന്ന് ഗായകന്‍ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ഭാര്യയായ അവര്‍ നാടക രംഗത്തേക്ക് കടന്നുവരികയായിരുന്നു. 

കേരളാ കഫെയിലെ ബ്രിഡ്ജ്, അണ്ണാറക്കണ്ണനും തന്നാലായത് എന്നിവയാണ് അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 
ശാന്താദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അനുശോചിച്ചു.

actress kozhikode santhadevi passed away, kozhikode santhadevi dead

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.