Tuesday, November 2, 2010

വീണ്ടും ഭിന്നത, ലിബര്‍ട്ടി ബഷീറിന് ഷോകോസ്

മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ തമ്മില്‍ വീണ്ടും ഭിന്നത. ഇതിന്റെ അനുരണനമെന്നോണം സിനി എക്സിബിറ്റേഴ്സ ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഫിലിം ചേമ്പര്‍ തീരുമാനിച്ചു. ചലച്ചിത്രമേഖലയിലെ മറ്റു സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി സിനിമാ ബന്ദ് നടത്തിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.  

മേയ് മാസത്തില്‍ ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച മന്ത്രി സഭാ ഉപസമിതിയുടെയും ടി. ബാലകൃഷ്ണന്‍ കമ്മിറ്റിയുടേയും നിര്‍ദേശങ്ങളും അന്നത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നവംബര്‍ രണ്ടിന് ഫെഡറേഷന്‍ നേതൃത്വത്തിലുള്ള എ ക്ലാസ് റിലീസ് സെന്ററുകള്‍ അടച്ചിട്ട് സിനിമാ ബന്ദ് നടത്തിയത്. 

തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി കുറക്കാനുള്ള തീരുമാനം നടപ്പാക്കുക, വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള അനുവാദം തീയറ്ററുകള്‍ക്ക് നല്‍കുക എന്നതായിരുന്നു ഫെഡറേഷന്‍ മുന്നോട്ടു വെച്ച ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ദ് നടത്തും മുമ്പ് ഫിലിം ചേമ്പറിന്റെയോ നിര്‍മാതക്കളുടെ സംഘടനയുടേയോ വിതരണക്കാരുടെ സംഘടനയുടേയോ അനുവാദമോ അഭിപ്രായമോ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തേടിയില്ല എന്നതാണ് ആക്ഷേപം. 

മാത്രമല്ല, ബി ക്ലാസ് റിലീസ് സെന്ററുകളുടെയും സി ക്ലാസ് സെന്ററുകളുടെയും സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഈ സമരത്തില്‍ പങ്കെടുത്തുമില്ല. അവരുടെ നിയന്ത്രണത്തിലുള്ള തീയറ്ററുകള്‍ നവംബര്‍ രണ്ടിന് പ്രവര്‍ത്തിക്കുകയും ചെയ്തു. 

സംഭവങ്ങള്‍ ഇത്തരത്തിലായതോടെ ഇടക്കാലത്ത് ശമനമുണ്ടായിരുന്ന സിനിമാ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും സജീവമായിരിക്കുകയാണ്. കൂടാതെ, എന്തിരന്‍ ഉള്‍പ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങള്‍ 100 ലധികം തീയറ്ററുകളില്‍ റിലീസ് അനുവദിച്ചതിനെച്ചൊല്ലിയും മറ്റും അസ്വാരസ്യങ്ങള്‍ സംഘടനകള്‍ തമ്മില്‍ നിലവിലുണ്ട്.

cinema bandh, liberty basheer, film chamber kerala, cine exhibitors federation, cine exhibitors association

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.