Saturday, October 2, 2010

enthiran review: എന്തിരന്‍ ദൃശ്യവിസ്മയം


സ്റ്റൈല്‍ മന്നന്‍ രജനീകാന്തും സ്റ്റൈലിഷ് സംവിധായകന്‍ ഷങ്കറും വീണ്ടും ഒരുമിച്ച് 200 ഓളം കോടി രൂപ ചെലവാക്കി ഒരു ചിത്രം വരുന്നെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ദൃശ്യവിസ്മയമാണ്. അതുതന്നെയാണ് എന്തിരന്‍ തീയറ്ററുകളില്‍ കണ്ണുകള്‍ക്കും കാതുകള്‍ക്കും സമ്മാനിക്കുന്നതും.

 എല്ലാ കഴിവുകളുമുള്ള ഒരു യന്ത്രമനുഷ്യനെ നിര്‍മിക്കുകയും അതുമൂലമുണ്ടാക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നു എന്ന ദുര്‍ബലമായ കഥാതന്തു തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ രജനീകാന്തിന്റെ റോബോ പരിവേഷവും ഷങ്കറിന്റെ സ്റ്റെലന്‍ അവതരണവും മാത്രം മതി ചിത്രത്തിന്റെ മറ്റെല്ലാ പോരായ്മകളും മറന്ന് ആസ്വദിക്കാന്‍. ഒപ്പം എ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും ഐശ്വര്യാ റായുടെ സൌന്ദര്യവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. 

വസീഗരന്‍ (രജനീകാന്ത്) എന്ന പ്രഗല്‍ഭ ശാസ്ത്രഞ്ജന്റെ സ്വപ്ന പദ്ധതിയാണ് എല്ലാ തികഞ്ഞൊരു റോബോട്ട്. ഇതിനായി അദ്ദേഹം പത്തു വര്‍ഷം ഊണും ഉറക്കവും കളഞ്ഞ് പരിശ്രമിച്ചതിന്റെ ഫലമാണ് ചിട്ടി എന്ന ആണ്‍ഡ്രോയിഡ് ഹ്യൂമനോയ്ഡ്. ലോകത്തിലെ സകലമാന ഭാഷകളും കലകളും പുസ്തകങ്ങളും ആയോധന മുറകളും പ്രോഗ്രാം ചെയ്യപ്പെട്ട ചിട്ടിക്ക് നിര്‍ദേശാനുസരണം ഈ ലോകത്തിലെ എന്തു കാര്യവും ചെയ്യാം. തന്റെ തന്നെ മുഖഛായയില്‍ നിര്‍മിച്ചിരിക്കുന്ന ഈ റോബോട്ടിനെ ലോക ശാസ്ത്രനേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടി ലോക നന്‍മക്കായി ഉപയോഗിക്കാനാണ് വസീഗരന്റെ ലക്ഷ്യം. 

ഇതിനായി ശാസ്ത്രഞ്ജരുടെ മുന്നില്‍ ചിട്ടിയെ അവതരിപ്പിക്കുമ്പോള്‍ തന്റെ ആദ്യകാല ഗുരു ഡോ. ബോറയില്‍ (ഡാനി ഡെസ്പോത്ത) നിന്നു തന്നെ പ്രതികൂല സ്വരം ഉയരുന്നു. യാതൊരു വിവേകവുമില്ലാത്ത ഈ റോബോട്ട് ലോകത്തിന് തലവേദനയാകുകയേ ഉള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ബോറയുടെ ലക്ഷ്യം തനിക്ക് നിര്‍മിക്കാന്‍ കഴിയാതെ പോയ റോബോട്ട് വസീഗരനില്‍ നിന്ന് കൈക്കലാക്കി വിദേശികള്‍ക്ക് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വിറ്റ് കോടികള്‍ നേടുകയാണ്. എന്തായാലും ബോറയുടെ എതിര്‍പ്പ് വെല്ലുവിളിയായ സ്വീകരിച്ച വസീഗരന്‍ ചിട്ടിയില്‍ ഇല്ലാത്ത ഏക കഴിവായ വികാരങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്നു. 

ഇപ്പോള്‍ ചിട്ടിക്ക് പ്രകൃതി ഭംഗി ആസ്വദിക്കാം, ദുഃഖം മനസിലാകും, ദേഷ്യം വരും. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നത് ഇവിടെയാണ്. വസീഗരന്റെ കാമുകി സന (ഐശ്വര്യ റായ്) നല്‍കുന്ന ഒരു ചുംബനം ചിട്ടിയെ പ്രണയത്തിന്റെ മാന്ത്രിക ലോകത്തേക്ക് തള്ളി വിടുന്നു. സനയെ തന്റെ ജീവിത സഖിയാക്കാന്‍ ഏതറ്റം വരെയും പോകാന്‍ റോബോ തയാറാവുന്നു. 

സനക്കും വസീഗരനും ചിട്ടിയുടെ പ്രണയത്തെ പ്രതിരോധിക്കാനാവുമോ, ഡോ. ബോറക്ക് ചിട്ടിയെ കൈക്കലാക്കാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇടവേളാനന്തരം 'എന്തിരന്‍' മറുപടി നല്‍കുന്നത്. റോബോട്ട് എന്ന ഘടകം കഥയില്‍ വന്നപ്പോഴേ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന രംഗങ്ങളും റോബോട്ടിന്റെ പ്രകടനങ്ങളുമാണ് ആദ്യപകുതി സമ്പന്നമാക്കുന്നത്. 

രണ്ടാം പകുതിയാകട്ടെ, ചിട്ടിയുടെ പ്രേമപ്പനിയും ഡോ. ബോറയുടെ കുതന്ത്രങ്ങളിലും തുടങ്ങി ഒടുവില്‍ യന്ത്രമനുഷ്യര്‍ നിറഞ്ഞാടുന്ന സംഭവ ബഹുലമായ ക്ലൈമാക്സോടെ അവസാനിക്കുന്നു. 

കഥയും തിരക്കഥയും ഒരുക്കാന്‍ ഷങ്കര്‍ കാര്യമായി പണിപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. കാരണം മേല്‍പ്പറഞ്ഞ കഥാഗതിയല്ലാതെ കാര്യമായ ട്വിസ്റ്റുകളോ പുതുമയോ ഒന്നും ചിത്രത്തിലില്ല. പതിവുപോലെ ദുര്‍ബലമായ ഒരു വിഷയത്തെ എങ്ങനെ പരമാവധി മോടിയോടെ അവതരിപ്പിക്കാം എന്നു മാത്രമാണ് ഷങ്കര്‍ ചിന്തിച്ചിട്ടുണ്ടാകുക. അതു ചിത്രത്തിലെ ഗാന രംഗങ്ങളിലും ക്ലൈമാക്സിലെ വിഷ്വല്‍ ഇഫക്ടുകളിലുടെയും അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. 

ഇന്ത്യന്‍ ചിത്രങ്ങളില്‍ ഇന്നോളം കാണാത്ത വിധമുള്ള ഗ്രാഫിക്സ് , അതും യാതൊരു പാകപ്പിഴയുമില്ലാതെ തയാറാക്കാനായി എന്നയാണ് സംവിധായകന്റെ വിജയം. അതുകൊണ്ടുതന്നെയാണ്  തീര്‍ത്തും യുക്തി രഹിതമായ സംഭവപരമ്പരകള്‍ വരെ കൈയടികളോടെ വരവേല്‍ക്കാന്‍ കാണികള്‍ നിര്‍ബന്ധിതരാകുന്നതും. മെട്രിക്സ്, മെന്‍ ബ്ലാക്ക് സീരീസുകളില്‍ പ്രവര്‍ത്തിച്ച പ്രഗല്‍ഭ സാങ്കേതിക വിദഗ്ധരാണ് എന്തിരനും ഗ്രാഫിക്സ് വിസ്മയം ഒരുക്കിയിരിക്കുന്നത്.

അഭിനയത്തില്‍ രജനീകാന്ത് കലക്കിയത് ചിട്ടിയെന്ന റോബോട്ടായാണ്. ഇന്നുവരെ കണ്ടിട്ടില്ലാത്ത രജനിയുടെ ഭാവങ്ങളാണ് റോബോക്ക്. അതേസമയം വസീഗരനെന്ന നായക കഥാപാത്രം തീര്‍ത്തും പ്രഭ മങ്ങിയ അവസ്ഥയിലുമായിരുന്നു. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ലളിതവുമായ ഇന്‍ട്രൊഡക്ഷനാണ് നായകനെന്നതും പ്രത്യേകതയാണ്. 

നായകന് പഞ്ച് ഡയലോഗുകളോ പ്രത്യേക മാനറിസങ്ങളോ ഇല്ലെന്നതും പുതുമയാണ്. ചിട്ടിയുടെ അപ്ഗ്രേഡഡ് വെര്‍ഷന്‍ നടത്തുന്ന സാഹസികതയാണ് രജനിയുടെ പ്രകടനത്തില്‍ ആരാധകര്‍ക്ക് ആവേശമുണ്ടാക്കാന്‍ പോന്നതായുള്ളത്. ഐശ്വര്യാ റായുടെ സന എന്ന കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ല. എങ്കിലും ആദ്യാവസാനമുണ്ട്. 

മാത്രമല്ല ഗാനരംഗങ്ങള്‍ കൊഴുപ്പിക്കുന്നതില്‍ നിര്‍ണായ പങ്കുമുണ്ട്. ഡോ.ബോറയാകുന്ന ഡാനി ഡിസ്പോത്തക്കും വില്ലന്റെ പ്രഭാവമൊന്നും കാണിക്കാന്‍ ചിത്രത്തില്‍ അവസരമില്ല. കരുണാസ് സന്താനം ടീമിന്റെ കോമഡി ട്രാക്ക് അരോചകവുമാണ്. ഓരോ രംഗത്ത് വന്നു പോകുന്നേയുള്ളെങ്കിലും കലാഭവന്‍ മണിയും കൊച്ചിന്‍ ഹനീഫയും ശ്രദ്ധ നേടുന്നുണ്ട്. 

ഗാനചിത്രീകരണത്തിനും പണം വാരിയെരിഞ്ഞിട്ടുണ്ട്. സ്പീല്‍ബര്‍ഗിനു പോലും ചിത്രീകരണ അനുമതി ലഭിക്കാതിരുന്ന മാച്ചു പിച്ചുവിലെ സംരക്ഷിത മേഖലയില്‍ വെച്ചുള്ള 'കിളിമഞ്ചാരോ' എന്ന ഗാനം സുന്ദരമാണ്.  'ഇരുമ്പിലേ ഒരിദയവും' 'അരിമാ'യും വിഷ്വല്‍ ഇഫക്ടസ് സാധ്യതകള്‍ പരീക്ഷിക്കുകയാണ്. 

അവസാനത്തെ അരമണിക്കൂറാണ് ചിത്രത്തിന്റെ ആത്മാവ് കോടികള്‍ മുടക്കി അത്വധ്യാനം നടത്തി സൃഷ്ടിച്ച ഗ്രാഫിക്സ് രംഗങ്ങള്‍ കാണേണ്ടവ തന്നെയാണ്. യന്ത്ര മനുഷ്യന്‍മാരുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഹോംഗ്കോംഗ് സ്റ്റണ്ട് കോറിയോഗ്രാഫര്‍ യൂന്‍ വൂ പിങും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രണ്ടാം പകുതിയിലെ ശബ്ദമിശ്രണവും പ്രത്യേകതയാണ്. 

രജനീകാന്ത് എന്തുചെയ്താലും അതിശയമാണ്. അപ്പോള്‍ എന്തും ചെയ്യുന്ന റോബോട്ടായാലോ? അത്തരത്തില്‍ അതിശയത്തെ വെല്ലുന്ന അതിശയ കാഴ്ച തന്നെയാണ് 'എന്തിരന്റെ' ജീവനും വിജയവും. അതിനാല്‍തന്നെ രജനീ ഇഫക്ട് ആസ്വദിക്കുമ്പോള്‍ മറ്റു യുക്തികള്‍ നമുക്ക് മറക്കാം, കണ്ണും കാതും തുറന്ന് ദൃശ്യശബ്ദവിസ്മയം ആസ്വദിക്കാം. 

review by Aashish


enthiran review, cinemajalakam review, enthiran stills, enthiran in kerala, rajnikanth, aishwarya rai, shankar, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.