Saturday, October 9, 2010

പൂക്കുട്ടി പറഞ്ഞതും, പ്രേക്ഷകര്‍ കേള്‍ക്കുന്നതും



ഇന്ത്യയിലെ തീയറ്ററുകളിലെ ശബ്ദ സംവിധാനത്തിലെ അപാകതകളെക്കുറിച്ച് റസൂല്‍ പൂക്കുട്ടി പതിവായി പരാതി പറയാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് മുംബൈ പ്രശസ്തമായ മള്‍ട്ടിപ്ലെക്സില്‍ വെച്ച് അദ്ദേഹം സിനിമാപ്രദര്‍ശനത്തിനിടെ രോഷാകുലനായത് വെറുമൊരു പരാതിപറച്ചില്‍ മാത്രമായിരുന്നില്ല, പ്രേക്ഷകരെ കാലങ്ങളായി നിലവാരം കുറഞ്ഞ സാങ്കേതിക സംവിധാനങ്ങളിലൂടെ  കബളിപ്പിക്കുന്ന തീയറ്ററുടമളോടുള്ള പോരാട്ടമായിരുന്നു.


 ഷങ്കര്‍-രജനികാന്ത് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'എന്തിരന്റെ' ഹിന്ദി പതിപ്പായ 'റോബോട്ടി'ന്റെ പ്രദര്‍ശനമാണ് സിനിമാ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കായി സംഭവദിവസം മുംബൈയില്‍ നടന്നത്. എല്ലാ പ്രമുഖരുമെത്തി പ്രദര്‍ശനം തുടങ്ങി അല്‍പനേരമായപ്പോള്‍ തന്നെ അപാകത മണത്ത റസൂല്‍ പൂക്കുട്ടി പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ മിശ്രണം ചെയ്ത ശബ്ദം ഉദ്ദേശിച്ച രീതിയില്‍ തീയറ്ററിലെ ശബ്ദ സംവിധാനത്തിലൂടെ പുറത്തുവരുന്നില്ല എന്നതു തന്നെയായിരുന്നു കാരണം. ലോകനിലവാരത്തില്‍ സാങ്കേതിക മികവുമായി തയാറാക്കിയ ചിത്രം ഇത്ര മോശമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രദര്‍ശനം തുടങ്ങിയതിനാലും ഒട്ടേറെ പ്രമുഖര്‍ എത്തിയിട്ടുള്ളതിനാലും പ്രശ്നമുണ്ടാക്കണ്ടെന്നും തല്‍കാലം ക്ഷമിക്കാനുമായിരുന്നു അമീര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പൂക്കുട്ടിക്ക് നല്‍കിയ ഉപദേശം. തല്‍ക്കാലം അദ്ദേഹം അടങ്ങിയെങ്കിലും ചിത്രത്തിന്റെ ജീവനായ അവസാന 40 മിനിറ്റായപ്പോള്‍ തീയറ്ററിലെ ശബ്ദസംവിധാനം പൂര്‍ണമായി പണിമുടക്കുകയായിരുന്നു.പ്രദര്‍ശനം മുടങ്ങിയപ്പോഴാണ് പൂക്കുട്ടി ചൂണ്ടിക്കാട്ടിയ യാഥാര്‍ഥ്യം പലര്‍ക്കും മനസിലായത്.


 കൂടുതല്‍ പരിശോധനയില്‍ തീയറ്ററിലെ ശബ്ദസംവിധാനം തകറാറിലായിരുന്നെന്നും മൂന്നു സുപ്രധാന ട്രാക്കുകളും സ്പീക്കറുകളും പ്രവര്‍ത്തിക്കുന്നേ ഇല്ലായിരുന്നെന്നും കണ്ടെത്തുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ കൊണ്ട് സംവിധാനം ശരിയാക്കിയാണ് പ്രദര്‍ശനം തുടര്‍ന്നത്. 
പ്രദര്‍ശനം നടത്താനായെങ്കിലും പ്രശ്നം അവിടം കൊണ്ട് തീര്‍ക്കാന്‍ റസൂല്‍ തയാറായില്ല. തീയറ്ററുകളിലെ മോശം ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് അദ്ദേഹം. 


വി.വി.ഐ.പി കള്‍ക്ക് വേണ്ടി നടത്തിയ ഹൈ പ്രൊഫൈല്‍ ഷോയില്‍ ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്തു കാണുന്ന ഷോകളിലെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പൂക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയിലെ ഒരു മുന്തിയ ഹാളിലാണ് ഈയനുഭവം, അപ്പോള്‍ സാധാരണ തീയറ്ററുകളിലെ അവസ്ഥ പറയാനുണ്ടോ? കേരളത്തിലെ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെയുള്ള തീയറ്ററുകളില്‍ പൂക്കുട്ടി കയറിയിട്ടുണ്ടോ എന്നറിയില്ല. കയറിയിരുന്നെങ്കില്‍ അദ്ദേഹം മുംബൈയില്‍ കണ്ടെത്തിയ പ്രശ്നം ഒന്നുമല്ലെന്ന് മനസ്സിലാകും. 'എന്തിരന്‍' മാത്രമല്ല, ശബ്ദത്തിനും ദൃശ്യത്തിനും പ്രാധാന്യമുള്ള ഒരു ചിത്രവും പകുതി പോലും നിലവാരത്തില്‍ കേരളത്തിലെ പല തീയറ്ററുകളിലും ആസ്വദിക്കാനാവില്ല എന്നതാണ് സത്യം. 'പഴശãിരാജ' പുറത്തിറങ്ങിയ സമയത്ത് പൂക്കുട്ടി ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ പരാമര്‍ശിച്ചിരുന്നു.

വര്‍ഷാവര്‍ഷം ടിക്കറ്റ് നിരക്ക് കൂട്ടുന്നതല്ലാതെ സാങ്കേതിക നിലവാരം കാത്തുസൂക്ഷിക്കുന്നതിനോ, പുതിയവ ചേര്‍ക്കുന്നതിനോ മിക്ക തീയറ്ററുകളിലും ശ്രമം നടക്കുന്നില്ല. പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെ ആളുകയറുന്നില്ല, പ്രതിസന്ധി തുടങ്ങിയ വാക്കുകള്‍ ടി.വി ചര്‍ച്ചകളില്‍ നിലവിളിക്കാന്‍ മാത്രമാണ് ഉടമകള്‍ സമയം.
സര്‍ക്കാതോ മറ്റധികൃതര്‍ക്കോ തീയറ്ററുകളിലെ സാങ്കേതിക നിലവാരം പരിശോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എ.സി പ്രവര്‍ത്തിക്കുന്നുണ്ടോ, സീറ്റ് കീറിയിട്ടുണ്ടോ, ചോര്‍ച്ചയുണ്ടോ തുടങ്ങിയ ഭൌതികമായ സൌകര്യങ്ങള്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളും നോക്കുന്നത്. (ഈ പറഞ്ഞ സൌകര്യങ്ങളും പല സിനിമാശാലകളും ഉറപ്പു വരുത്തുന്നില്ലെന്നത് വേറെ കാര്യം).

തീയറ്ററുകളിലെ ശബ്ദ ക്രമീകരണങ്ങളിലെ അപാകത തിരിച്ചറിയുന്നതിലെ സാധാരണ പ്രേക്ഷകരുടെ സാങ്കേതിക ജ്ഞാനക്കുറവ് ചൂഷണം ചെയ്യുകയാണ് പല തീയറ്ററുകളിലും. സാധാരണക്കാര്‍ക്ക് ആകെ മനസിലാകുന്നത് ഡി.ടി.എസിന് നല്ല ശബ്ദ പ്രഭാവമുണ്ടോ, ചുറ്റുമുള്ള സ്പീക്കറുകളില്‍ എന്തെങ്കിലുമൊക്കെ കേള്‍ക്കുന്നുണ്ടോ എന്നത് മാത്രമാണ്. പല പ്രദര്‍ശനശാലകളിലും തീരെ നിലവാരമില്ലാത്ത സ്പീക്കറുകള്‍ കെട്ടുകാഴ്ചകള്‍ പോലെ ഒരുപയോഗവുമില്ലാതെ ചുവരുകള്‍ അലങ്കരിക്കുകയാണ്. 
ദൃശ്യ സംവിധാനത്തിലും ഇത്തരം അപാകതകള്‍ കാണാം. പലയിടത്തും പഴകിയ ലെന്‍സുകളിലുടെയുള്ള പ്രൊജക്ഷനില്‍ സ്ക്രീനിന്റെ ഏതെങ്കിലുമൊക്കെ ഭാഗം 'ഔട്ട് ഓഫ് ഫോക്കസ്' ആയിരിക്കും. അല്ലെങ്കില്‍ തീരെ വ്യക്തതയുണ്ടാവില്ല. ഡിജിറ്റല്‍ സാറ്റലൈറ്റ് പ്രൊജക്ഷന്‍ സംവിധാനമുള്ള തീയറ്ററുകളിലും പ്രശ്നങ്ങള്‍ കാണാം. ചിത്രത്തിന്റെ നിറവും കോണ്‍ട്രാസ്റ്റും ബ്രൈറ്റ്നസുമൊക്കെ കൃത്യമായി അഡ്ജസ്റ്റ് ചെയ്യാനറിയാത്ത ഓപ്പറേറ്റാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! 

എന്തായാലും പൂക്കുട്ടിയുടെ വേറിട്ട ശബ്ദം നാട്ടുകാര്‍ തിരിച്ചറിയട്ടെ, തീയറ്ററുകളിലെ മോശം സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കാനെങ്കിലും അവര്‍ തയാറാകട്ടെ. എന്തു കാണിച്ചാലും കണ്ടിട്ടു പോകുമെന്ന തീയറ്ററുടമകളുടെ നിലപാടിനെതിരെ പരാതിപ്പെടാനെങ്കിലും ആരെങ്കിലും മുന്നോട്ടുവരട്ടെ! 

3 comments:

rahul said...

keralathile theyatarukal okke sabdavum picturum nannakkenda time athikramichu

Admin said...

Exactly

Anonymous said...

GOOD REPORT..
HERE ,THEATER NEED MINIMUM 2 K QUALITY PROJECTOR AND HIGH QUALITY SOUND SYSTEMS...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.