Saturday, October 16, 2010

ANWAR REVIEW- അവതരണ മികവില്‍ അന്‍വര്‍

പതിവുപോലെ സ്റ്റൈല്‍ മുഖ്യ ഘടകമാക്കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണ് 'അന്‍വര്‍'. മേമ്പൊടിക്ക് തീവ്രവാദവും അത് സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും ഒരു സന്ദേശം പറഞ്ഞുവെക്കാനും ശ്രമമുണ്ട്. കഥയോ അതിന്റെ അടിത്തറയോ ചികഞ്ഞ് ചെന്നാല്‍ സ്ലോ മോഷനില്‍ നല്ല കുറേ സ്റ്റൈലന്‍ രംഗങ്ങളല്ലാതെ വേറൊന്നും കണ്ടെത്താനായെന്നും വരില്ല. തന്റെ ആദ്യ ചിത്രങ്ങളായ 'ബിഗ് ബി' , 'സാഗര്‍ എലിയാസ് ജാക്കി' എന്നിവയില്‍ ഉപയോഗിച്ചതരം അവതരണ ശൈലി തന്നെയാണ് ഇത്തവണയും അമലിന്റേത്. 

എങ്കിലും പൃഥ്വിരാജെന്ന യുവനടന്റെ ഗ്ലാമര്‍ ഘടകം ആക്ഷന്‍ പശ്ചാത്തലത്തില്‍ വിനിയോഗിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും വിജയിച്ചിട്ടുണ്ടെന്നത് മേന്മയായി 'അന്‍വറി'ല്‍ എടുത്തുകാട്ടാം. 

കോയമ്പത്തൂരില്‍ ഒരു ബോംബ് സ്ഫോടനം നടക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആയിഷ (മമ്ത) എന്ന യുവ എഞ്ചിനീയറെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്ന് പ്രമുഖ മത നേതാവായ ബാബു സേട്ടും (ലാല്‍) സ്റ്റാലിന്‍ മണിമാരന്റെ (പ്രകാശ് രാജ്) നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലാകുന്നു. 

ഇതിനിടെ ഹവാല കേസില്‍ അന്‍വറും (പൃഥ്വിരാജ്) ഇതേ ജയിലില്‍ എത്തുന്നു. ജയിലില്‍ വെച്ച് സേട്ടും അന്‍വറും സൌഹൃദത്തിലാകുന്നു. തന്റെ സംരംഭങ്ങളില്‍ കൂട്ടാളിയാകാന്‍ ചങ്കൂറ്റമൂള്ള അന്‍വറിനെ സേട്ട് ക്ഷണിക്കുന്നു. അയാള്‍ക്ക് ജാമ്യവും തരപ്പെടുത്തുന്നു. പുറത്തിറങ്ങിയ അന്‍വര്‍, സേട്ടിനൊപ്പം തീവ്രവാദ വഴിയിലേക്ക് നടക്കുന്നു. ഇതോടെ അയാളും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നോട്ടപ്പുള്ളിയാകുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളില്‍ അന്‍വറിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രം സജീവമാകുന്നു.

ചിത്രത്തിലെ മേന്മകളെക്കുറിച്ച് സംസാരിച്ചുതുടങ്ങാം. പൃഥ്വിരാജ് തന്നെയാണ് എല്ലാ അര്‍ഥത്തിലും ആകര്‍ഷണ ഘടകം. ആദ്യം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്റ്റില്ലുകളിലും ഫോട്ടോ ഷൂട്ടുകളിലും കണ്ട സ്റ്റൈലന്‍ അന്‍വറെ സിനിമയിലുടനീളം ഭംഗിയായി അവതരിപ്പിക്കാന്‍ പൃഥ്വിക്കായി. 
കാഴ്ചയിലും ഗ്ലാമറിലും മാത്രമല്ല അഭിനയത്തിലും മിതത്വവും പക്വതയും പ്രകടമായിരുന്നു. ആക്ഷന്‍ രംഗങ്ങളിലാണെങ്കില്‍ ഊര്‍ജം നിറഞ്ഞ പ്രകടനവും. ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. തന്റെ ഭാഗം വൃത്തിയായി അവതരിപ്പിച്ച പൃഥ്വി തന്നെയാണ് അന്‍വറിലെ താരം.

നായിക മമ്തയുടെ വേഷവും ശ്രദ്ധേയമാണ്. സേട്ടിന്റെ വേഷത്തില്‍ ലാല്‍ കസറി. പ്രകാശ് രാജിനാണെങ്കില്‍ മികച്ച റോളാണെങ്കിലും അഭിനയ മൂഹുര്‍ത്തങ്ങളൊന്നും കാഴ്ചവെക്കാന്‍ അവസരമില്ല. സമ്പത്തിന്റെ കഥാപാത്രം അതിഥിയായി എത്തിപോകുന്നു. 
സായ്കുമാര്‍, നിത്യ, സലിംകുമാര്‍ തുടങ്ങിയവര്‍ ചെറുതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. 

പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കിയ ഗോപീ സുന്ദറും മികവ് തെളിയിച്ചു. സാഗര്‍ എലിയാസ് ജാക്കിയിലും മറ്റും കണ്ട ശൈലി തുടരുന്നുണ്ടെങ്കിലും പുതു തലമുറ പശ്ചാത്തല സംഗീത സമീപനത്തില്‍ ഗോപിതന്നെ മുന്നില്‍. രണ്ടു ഗാനങ്ങള്‍ സ്ഫുടത ചോരാതെ പാടി ഹിറ്റാക്കിയ ശ്രേയ ഘോഷാലും ചിത്രത്തിന് മികച്ച സംഭാവന നല്‍കുന്നുണ്ട്.സതീഷ് കുറുപ്പിന്റെ ക്യാമറയും മനോഹരമാണ്, പ്രത്യേകിച്ച് ആക്ഷന്‍, ഗാന രംഗങ്ങളില്‍.

ഇനി അമല്‍ നീരദിന്റെ രചനയിലേക്കും സംവിധാനത്തിലേക്കും വരാം. ബിഗ് ബിയിലൂടെ മലയാളത്തില്‍ പതിവ് ശൈലിയില്‍ നിന്ന് മാറി നടന്ന് ശ്രദ്ധനേടിയ അമലിന്റെ ഏറ്റവും വലിയ പോരായ്മ താന്‍ നടന്നു തുടങ്ങിയ വഴിയില്‍ തന്നെ വീണ്ടും വീണ്ടും കിടന്നു കറങ്ങുന്നുവെന്നതാണ്. സ്റ്റൈലിഷ് ഷോട്ടുകള്‍ തീര്‍ച്ചയായും ഒരു ചിത്രത്തെ ആകര്‍ഷകമാക്കും, യുവാക്കളെ ആകര്‍ഷിക്കുകയും ചെയ്യും. സ്ലോ മോഷന്‍ ഭംഗിയായി ഉപയോഗിക്കാമെന്ന് ബിഗ് ബിയില്‍ കാണിച്ചു തന്നതും അമല്‍ തന്നെ. എന്നുകരുതി 

ചിത്രം ആദ്യാവസാനം സ്ലോ മോഷനായാല്‍ കണ്ടിരിക്കുന്നവരുടെ അവസ്ഥയെന്താകും?സ്റ്റൈല്‍ ശ്രദ്ധിച്ചപ്പോള്‍ തിരക്കഥക്ക് ആഴം നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് രചനാവശത്തുള്ള പ്രധാന ന്യൂനത. ഒറ്റവരിയില്‍ പറഞ്ഞുപോകാവുന്ന തീവ്രവാദത്തിനെതിരായ സന്ദേശമാണ് ചിത്രത്തിന്റെ കഥാ തന്തു. ആ നിലക്ക് അത് പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കണമെങ്കില്‍ തിരക്കഥക്ക് ശക്തി വേണമായിരുന്നു. 

കൂടാതെ ആദ്യ പകുതിയില്‍ തീവ്രവാദ രംഗങ്ങളിലെ പല വാചകങ്ങളും നിയന്ത്രിക്കായിരുന്നു/ഒഴിവാക്കാമായിരുന്നു എന്നും തോന്നി. ആദ്യ പകുതി മെല്ലെ പോക്കിനും ദുര്‍ഗ്രാഹ്യതക്കും ശേഷം രണ്ടാം പകുതി സംഭവ ബഹുലമാക്കുകയാണ് ചിത്രത്തില്‍. ഇടക്ക് ഒരു ചെറിയ വഴിത്തിരിവ് വരുന്നതാണ് ആശ്വാസമായുള്ളത്. ക്ലൈമാക്സ് ബിഗ് ബിയുടെ അവസാന സംഘടനത്തെ ഓര്‍മിപ്പിക്കുന്നു. ലൊക്കേഷനും അതുതന്നെ (ധനുഷ്കോടിയിലെ പഞ്ചാര മണല്‍ത്തീരമാണെന്നാണ് എന്റെ ഓര്‍മ).  ഏതു ആക്രമണവും സൃഷ്ടിക്കുന്ന ഇരകളുടെ വേദനകളിലൂടെ തീവ്രവാദത്തിന്റെ ആപത്തുകള്‍ ചൂണ്ടികാട്ടുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു നല്ല വശം. എന്തായാലും രചനാമികവില്‍  ശ്രദ്ധകേന്ദ്രീകരിക്കാത്തിടത്തോളം അമല്‍ നീരദ് ചിത്രങ്ങള്‍ 'സ്റ്റെലിഷ് ത്രില്ലര്‍' എന്ന വിശേഷണത്തില്‍ കുടുങ്ങിക്കിടക്കുകയേ ഉള്ളൂ.

Review by Aashish

anwar review, malayalam film anwar, prakash raj, amal neerad, prithviraj, mamtha mohandas, nithya menon, gopi sundar, cinemajalakam review, aashish review

1 comments:

Manoj T said...

ok..review says all abt its filmy aspects. but what abt political and religious parts?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.