Sunday, September 12, 2010

Shikkar review: ഇരയും വേട്ടക്കാരനും വീണ്ടും




 ഇരയെ തേടി നിഴല്‍പോലെ പിന്തുടരുന്ന വേട്ടക്കാരന്‍..ഒരു ഘട്ടത്തില്‍ തന്റെ പിന്നാലെ ഒരാളുണ്ടെന്ന് തിരിച്ചറിഞ്ഞ് പതറുന്ന ഇര..ഈയൊരു കഥാതന്തുവാണ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത 'ശിക്കാറി'ല്‍ പറയുന്നത്. താന്‍ അഭിനയിച്ച 'താഴ്വാരം', 'ഭ്രമരം' തുടങ്ങിയ ചിത്രങ്ങളിലും ഈ തന്തു വ്യത്യസ്ത രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും മോഹന്‍ലാലിന് 'ശിക്കാറി'ലെ ബലരാമനെ മൂര്‍ച്ച കുറയാതെ അവതരിപ്പിക്കാനായി എന്നത് പ്രധാന മേന്‍മയാണ്.


 ഇടുക്കിയിലെ ചിറ്റാഴയെന്ന ഗ്രാമത്തില്‍ ഈറ്റവെട്ടിനായി എത്തിപ്പെട്ട ലോറി ഡ്രൈവറാണ് ബലരാമന്‍ (മോഹന്‍ലാല്‍). ഒപ്പം നിഴല്‍ പോലെ സഹായി മണിയപ്പനുമുണ്ട് (കലാഭവന്‍ മണി). ബാല്യകാല സുഹൃത്ത് സത്യനെ(ലാലു അലക്സ്) ചിറ്റാഴയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുമ്പോള്‍ അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബലരാമന്‍ അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിന് താല്‍കാലികമായെങ്കിലും ഒരു ഇടവേള നല്‍കി അന്നാട്ടില്‍ കൂടുന്നത്. ബലരാമനൊരു മകളുണ്ട്, ചേട്ടന്റെ മകളാണെങ്കിലും സ്വന്തം മകളായി തന്നെ വളര്‍ത്തുന്ന ഗംഗ (അനന്യ). അയാള്‍ ഇപ്പോള്‍ ജീവിക്കുന്നതുതന്നെ അവള്‍ക്കുവേണ്ടിയാണ്. 


ഇപ്പറഞ്ഞതെല്ലാം പശ്ചാത്തലം. കഥ തുടങ്ങുന്നത് ബലരാമനെതേടി ചങ്ങാതിയായ റാവുത്തര്‍ (തലൈവാസല്‍ വിജയ്) രാമേശ്വരത്ത് നിന്ന് ചിറ്റാഴയില്‍ എത്തുമ്പോഴാണ്. അയാള്‍ വന്നറിയിച്ച വിവരങ്ങള്‍ ബലരാമന്റെ ആധി വര്‍ധിപ്പിക്കുന്നു.. പിന്നെ നടക്കുന്ന സംഭവങ്ങളിലൂടെ ബലരാമന്‍ തിരിച്ചറിയുന്നു, താന്‍ ഇരയാണ്, വേട്ടക്കാരന്‍ പിന്നാലെയുണ്ട്...


അടുത്തിടെ അവതരിപ്പിച്ച കഥാപാത്രങ്ങളിലൊന്നും പൂര്‍ണമായി പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആയില്ലെന്നതായിരുന്നു മോഹന്‍ലാല്‍ എന്ന നടന്റെ പരാജയം. ആ പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും മറുപടിയാണ് ശിക്കാറിലെ ബലരാമന്‍. അതുകൊണ്ടുതന്നെ  മീശ പിരിച്ചും മുണ്ട് മടക്കിയും ലാല്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ പൂര്‍ണ പിന്തുണ തീയറ്ററുകളില്‍ നല്‍കുന്നുമുണ്ട്. ലാലിന്റെ പ്രകടനം തന്നെ ചിത്രത്തിന്റെ പ്ലസ്. രണ്ടാം പകുതിയിലും ക്ലൈമാക്സിലും പ്രേക്ഷകര്‍ക്കത് ആവേശവുമാകുന്നുണ്ട്. 


കുറച്ചേ ഉള്ളുവെങ്കിലും കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഡോ. അബ്ദുല്ലയെ അവതരിപ്പിച്ച സമുദ്രക്കനിയാണ് മറ്റു കഥാപാത്രങ്ങളില്‍ ശ്രദ്ധേയന്‍. സ്ക്രീനിലെത്തുന്ന നിമിഷങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ആവശ്യമുള്ള പഞ്ച് നല്‍കാനും കൂടെയുള്ളവരെ നിഷ്പ്രഭരാക്കാനും അദ്ദേഹത്തിനായി. 


ചെറുതെങ്കിലും ലക്ഷ്മി ഗോപാലസ്വാമിയുടെ രുഗ്മിണിയും ഈ ഗണത്തില്‍ പെടുത്താവുന്ന കഥാപാത്രമാണ്. മറ്റു സ്ത്രീ കഥാപാത്രങ്ങളില്‍ പ്രാധാന്യമുള്ളത് അനന്യക്കാണ്. പക്ഷേ, ക്ലൈമാക്സിലെ സാഹസികതയില്‍ അല്ലാതെ അഭിനയത്തില്‍ കാര്യമായ മെച്ചം അവര്‍ക്കും അവകാശപ്പെടാനാവില്ല.


 ഇനി കഥയിലേക്ക് വരാം, ആദ്യം പറഞ്ഞതുപോലെ ഇരയും വേട്ടക്കാരനും എന്ന തന്തു നക്സലിസത്തിന്റെ നിറത്തില്‍ മുക്കി അവതരിപ്പിക്കുകയാണ് സംവിധായകനായ പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും. ഒരു ഘട്ടത്തില്‍ മധുപാലിന്റെ 'തലപ്പാവ്' ചര്‍ച്ച ചെയ്ത തന്തുവും കടന്നുവരുന്നുണ്ട്. 


ചിത്രം യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത് ഇടവേളക്ക് തൊട്ടുമുന്‍പുള്ള രംഗത്താണ്. അതിന് മുമ്പുള്ള രംഗങ്ങളില്‍ ഒട്ടും പുതുമ തോന്നില്ല, പലപ്പോഴും കണ്ടു മടുത്തവയായി അനുഭവപ്പെടുകയും ചെയ്യും. ഇടവേളക്ക് ശേഷം കഥാഗതി മാറുമ്പോഴാണ് ചിത്രവും അവതരണവും ഗൌരവസ്വഭാവത്തിലെത്തുന്നത്. ആന്ധ്രാ രംഗങ്ങളൊക്കെ പക്വമായ രീതിയിലാണ് സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 


ഗിരീഷ് പുത്തഞ്ചേരി-എം.ജയചന്ദ്രന്‍ ടീമിന്റെ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവ തന്നെ, പക്ഷേ, അവ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടി അവിടയുമിവിടയും തിരികികയറ്റിയതാണെന്ന് മനസിലാകും. 'പ്രതികരിഞ്ചു'എന്ന തെലുങ്ക് ഗാനം മാത്രമാണ് കഥാഗതിയോട് ഇണങ്ങിനില്‍ക്കുന്നത്. സ്നേഹയും മോഹന്‍ലാലുമായുള്ള പ്രണയ ഗാനവും (എന്തെടി)  സ്നേഹയുടെ വിയോഗം ഓര്‍ത്ത് മോഹന്‍ലാല്‍ വ്യസനിക്കുന്ന 'പിന്നെ എന്നോടൊന്നും' എന്ന ഗാനവും ടി.വി യില്‍ കാണുമ്പോള്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന പ്രഭാവംപോലെ ഇടക്ക് കയറിവരുമ്പോള്‍ സിനിമയില്‍ ഉണ്ടാക്കുന്നില്ല. 


ആവശ്യമില്ലാത്ത ക്ലീഷേ കഥാപാത്രങ്ങളും നിരവധിയുണ്ട്. പ്രധാന ഉദാഹരണം മൈഥിലി അവതരിപ്പിച്ച കഥാപാത്രമാണ്.


പൂയംകുട്ടി വനമേഖലയുടെ ഭംഗി മനോജ് പിള്ളയുടെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്, പശ്ചാത്തല സംഗീതവും മോശമാക്കിയില്ല. 


കഥാപരമായി നിരവധി പാളിച്ചകളുണ്ട്. സസ്പെന്‍സുമായി ബന്ധപ്പെടവയായതിനാല്‍ അവ വിശദമായി ചര്‍ച്ച ചെയ്യാനും നിര്‍വാഹമില്ല. എങ്കിലും ഒരു ലക്ഷ്യവുമായി ഒളിച്ചെത്തിയവര്‍ക്ക് ഇര അക്കാര്യം അറിയുംമുമ്പ് കാര്യസാധ്യത്തിന് അവസരമുണ്ടായിട്ടും വച്ചു താമസിപ്പിച്ചതെന്തിനെന്ന് പിടികിട്ടുന്നില്ല. ഒളിച്ചുതാമസിക്കുന്നവര്‍ തങ്ങളുടെ 'സസ്പെന്‍സ്' വെളിവാക്കുന്ന ഗാനാലാപനം നടത്തുന്നതും എന്തിനെന്ന് പിടികിട്ടുന്നില്ല. 


സിനിമ മൊത്തത്തില്‍ വിലയിരുത്തിയാല്‍ 'ശിക്കാര്‍' ആവേശമുണ്ടാക്കുന്ന, ആസ്വാദ്യമായ ചിത്രമാണ്. എന്നാല്‍ ആദ്യാവസാനം സംവിധാനത്തിലും തിരക്കഥയിലും ഒരുപോലെ കെട്ടുറപ്പ് അവകാശപ്പെടാന്‍ ചിത്രത്തിനാകില്ല. ആദ്യ പകുതി തീര്‍ത്തും കുത്തഴിഞ്ഞ തിരക്കഥയും അനാവശ്യ രംഗങ്ങളുമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് സുരാജ്, ജഗതി കോമഡികള്‍ അസഹ്യമാണ്. 


ക്ലൈമാക്സ് രംഗങ്ങളും സസ്പെന്‍സുമാണ് ചിത്രത്തിന്റെ അവതരണത്തിലെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നാലാംകിട ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ സാങ്കേതികമായും അവതരണ പരമായും ഏറെ മുന്നിലാണ് 'ശിക്കാര്‍'. അതുതന്നെയാണ് ആരാധകര്‍ രണ്ടു കൈയും നീട്ടി ചിത്രം ഏറ്റെടുക്കാനും കാരണം. 


Review by Aashish




tags: Shikkar review, shikkar, mohanlal, m padmakumar, sureshbabu, sneha, samudrakkani, maxlaab, cinemajalakam review








1 comments:

Anonymous said...

padam super thane. moshamonnumilla

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.