Saturday, September 4, 2010

Naan mahaan alla review: മഹാനല്ലെങ്കിലും ആസ്വാദ്യം



ഗ്രാമ്യ പശ്ചാത്തലത്തില്‍ 'വെണ്ണിലാ കബഡി കുളു' എന്ന ലളിതമായ ചിത്രമൊരുക്കി ശ്രദ്ധേയനായ ശുശീന്ദ്രന്‍ രണ്ടാംചിത്രമായ 'നാന്‍ മഹാന്‍ അല്ല'യില്‍ എത്തുമ്പോള്‍ പശ്ചാത്തലവും അവതരണശൈലിയും അപ്പാടെ മാറ്റിയാണ് അവതരിക്കുന്നത്. ഇത്തവണ തീര്‍ത്തും നാഗരികമായ പശ്ചാത്തലത്തില്‍ ആക്ഷന്‍ രംഗങ്ങളുടെയും വയലന്‍സിന്റെയും കടുത്ത നിറം നല്‍കിയാണ് 'മഹാന്‍' ഒരുക്കിയിരിക്കുന്നത്.


ജീവ (കാര്‍ത്തി)യെന്ന തൊഴിലന്വേഷിയായ യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ടാക്സി ഡ്രൈവറായ പിതാവും വീട്ടമ്മയായ മാതാവും ഇളയസഹോദരിയുമായി നഗരത്തിലെ വാടക വീട്ടില്‍ ഏതൊരു ഇടത്തരക്കാരനെയും പോലെ സസുഖം ജീവിക്കുന്ന കഥാപാത്രമാണ് ജീവ. ഇടക്ക് സുഹൃത്ത് സുധ (നീലിമ)യുടെ വിവാഹചടങ്ങില്‍ കണ്ടുമുട്ടുന്ന പ്രിയ (കാജല്‍ അഗര്‍വാള്‍)യുമായി ഏല്ലാ ചോക്ലേറ്റ് നായകന്‍മാരെയും പോലെ പ്രഥമദര്‍ശനാനുരാഗമുണ്ടാവുകയും വഴിയേ അവര്‍ പ്രണയിക്കുകയും ചെയ്യുന്നു.


 പ്രണയത്തില്‍ പ്രിയയുടെ വീട്ടുകാര്‍ക്ക് ചില്ലറ എതിര്‍പ്പുകളൊക്കെ ഉണ്ടെകിലും കഥയിലെ പ്രധാന സംഗതികള്‍ അവിടെയൊന്നുമല്ല വഴിത്തിരിയുന്നത്. നഗരത്തിലെ ഏതോ ഇരുണ്ട കോണുകളില്‍ നടക്കുന്ന ചില സംഭവങ്ങളില്‍ അറിയാതെ അവന്റെ പിതാവ് സാക്ഷിയാവുന്നതും ദുഷ്ടശക്തികള്‍ അയാള്‍ക്കെതിരെ രംഗത്തുവരികയും ചെയ്യുന്നതോടെ ആദ്യഘട്ടത്തിലെ സിംപ്ലന്‍ നായകന്‍ പ്രതികരിക്കുന്നു, പിന്നീടങ്ങോട്ട് ചിത്രമാകെ സംഘര്‍ഷാത്മക രംഗങ്ങളാല്‍ രക്തരൂഷിതമാവുകയാണ്.


കാര്‍ത്തി തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ആദ്യ രണ്ട് ചിത്രങ്ങളിലെ 'കാടന്‍' വേഷങ്ങളില്‍ നിന്ന് മോചനം നല്‍കിയ 'പയ്യ'യിലെ നായകന്റെ രൂപഭാവങ്ങള്‍ തന്നെയാണ് ആദ്യപകുതിയിലെ ജീവക്കും. പിന്നീട് പിതൃസ്നേഹം കൊണ്ട് അവന്‍ ക്രുദ്ധനാകുമ്പോഴും ആ ഭാവം പൂര്‍ണമായി കളയുന്നുമില്ല. 


പ്രേമ രംഗങ്ങളിലും ഗാനങ്ങളിലും ആക്ഷനിലും ആകര്‍ഷണീയത നിലനിര്‍ത്താനായതാണ് കാര്‍ത്തിയുടെ വിജയം. ആദ്യ പകുതിയില്‍ നായിക കാജല്‍ അഗര്‍വാളും വെള്ളിത്തിരക്ക് മിഴിവേകും. എന്നാല്‍ രണ്ടാം പകുതിയില്‍ നായിക എങ്ങോട്ടുപോയെന്ന് കണ്ടുപിടിക്കാന്‍ പ്രേക്ഷകന്‍ ബുദ്ധിമുട്ടും.


 ചടുലമായ അവതരണവും സാങ്കേതിക മികവും തന്നെയാണ് പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തെയും ആസ്വാദ്യമാക്കുന്നത്. കഥാഗതിയില്‍ ധനുഷ് നായകനായ 'പൊള്ളാതവന്‍' എന്ന ചിത്രത്തിന്റെ ശക്തമായ പ്രഭാവവും പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടേക്കാം. പയ്യക്ക് ശേഷം ഇതിലെ യുവന്‍ ശങ്കര്‍ രാജയുടെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. 


ആദ്യ ദിവസങ്ങളില്‍ ഹോള്‍ഡ് ഓവറാകുന്ന മലയാള ചിത്രങ്ങള്‍ക്കിടയില്‍ കേരളത്തിലും ഈ ചിത്രം വിജയം ആവര്‍ത്തിക്കുമ്പോള്‍ സാങ്കേതിക മികവും അവതരണഭംഗിയുമുണ്ടെങ്കില്‍ എത്ര പഴഞ്ചന്‍ പ്രമേയവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിന് ഒരു ഉദാഹരണം കൂടിയാവുകയാണ് 'നാന്‍ മഹാന്‍ അല്ല'.


Review by Aashish


tags: naan mahaan alla, naan mahaan alla review, karthi, kajal agarwal, suseendran, yuvan shankar raja, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.