Friday, September 17, 2010

Elsamma Enna Aankutty Review: എല്‍സമ്മ ചുണക്കുട്ടിലാല്‍ ജോസിന്റെ പുതിയ ചിത്രമായ 'എല്‍സമ്മ എന്ന ആണ്‍കുട്ടി' ഉല്‍സവസീസണില്‍ കുടുംബമായി കണ്ടുപോകാവുന്ന ചിത്രമാണ്. എന്നാല്‍ വ്യത്യസ്തമായ ട്രെയിലറുകളോ മാര്‍ക്കറ്റിംഗോ ഒക്കെ കണ്ട് സംവിധായകന്‍ മലയാള സിനിമയില്‍ പുതിയ പന്ഥാവ് വെട്ടിത്തുറന്നുകാണും എന്നു പ്രതീക്ഷിച്ചു തീയറ്ററില്‍ കയറിയാല്‍ നിരാശയാകും ഫലം.


 ബാലന്‍പിള്ള സിറ്റിയില്‍ പത്ര ഏജന്റും പ്രദേശിക ലേഖികയും മാത്രമല്ല എല്‍സമ്മ (ആന്‍). എന്തു പ്രശ്നത്തിലും അനീതിക്കെതിരെയും നോക്കി നില്‍ക്കാതെ ഇടപെടുന്ന ചുണക്കുട്ടിയാണ്. അതുകൊണ്ട് തന്നെയാണ് അവളെ ആണ്‍കുട്ടിയെന്ന് നാട്ടുകാര്‍ വിളിക്കുന്നത്. തന്റെ കുടുംബത്തിലെ മൂന്ന് ഇളയപെണ്‍കുട്ടികളെയും അമ്മയെയും നോക്കേണ്ട ചുമതലയും ഈ പെണ്‍കുട്ടിക്കാണ്. നാട്ടുകാരനായ ഉണ്ണികൃഷ്ണന്‍ എന്ന പാലുണ്ണി (കുഞ്ചാക്കോ ബോബന്‍) അവളുടെ അടുത്ത സുഹൃത്താണ്. അയാള്‍ക്കാണെങ്കില്‍ അവളോട് നിശബ്ദ പ്രണയവുമുണ്ട്. നാട്ടില്‍ വേറെയുണ്ട് കഥാപാത്രങ്ങള്‍. ചായക്കട നടത്തുന്ന ബാലന്‍ പിള്ള (ജനാര്‍ദ്ദനന്‍), കള്ള വാറ്റുകാരന്‍ കരിപ്പള്ളി സുഗുണന്‍ (വിജയരാഘവന്‍), കൈക്കൂലിക്കാരനായ പഞ്ചായത്ത് മെമ്പര്‍ രമണന്‍ (ജഗതി) തുടങ്ങിയവര്‍. 


നഗരത്തില്‍ നിന്ന് എബിയും (ഇന്ദ്രജിത്ത്) കൂട്ടുകാരും തങ്ങളുടെ തറവാട്ടില്‍ എത്തുമ്പോള്‍ കഥ സജീവമാകുന്നു. ഒടുവില്‍ കാര്യമായ വില്ലത്തരങ്ങളോ സംഘര്‍ഷങ്ങളോ ഒന്നുമില്ലാതെ കഥ ശുഭമായി പര്യവസാനിക്കുന്നു. 


ഒരു മലയോര ഗ്രാമം...കുടുംബത്തിന്റെ ചുമതല ചെറുപ്രായത്തില്‍ ഏറ്റെടുത്ത പെണ്‍കുട്ടി, സഹോദരിമാര്‍, ഒരു ടീഷോപ്പ്, പഞ്ചായത്ത് മെമ്പര്‍, കള്ളവാറ്റുകാരന്‍, പാല്‍ക്കാരന്‍ നായകന്‍ , ടൌണില്‍ നിന്ന് വരുന്ന പഞ്ചാരവില്ലന്‍. ഇത്രയുമാണ് ഈ സിനിമയുടെ പശ്ചാത്തലം. ഇതുവെച്ച് കാര്യമായ ട്വിസ്റ്റോ സസ്പെന്‍സോ ഒന്നുമില്ലാതെ കുടുംബമായി കണ്ടിറങ്ങി പോകാവുന്ന ഒരു സിനിമ എന്ന ലക്ഷ്യത്തോടെ മാത്രം ഒരുക്കിയ ചിത്രമാണിത്. 


അഭിനയത്തില്‍ പുതുമുഖത്തിന്റെ പതര്‍ച്ചയൊന്നും ആന്‍ അഗസ്റ്റിനില്ല. എങ്കിലും മലയോര ഗ്രാമത്തിലെ നാട്ടുമ്പുറത്തുകാരിക്കുള്ള മുഖമല്ല ഈ പെണ്‍കുട്ടിക്കെന്നത് പോരായ്മയാണ്. ഇന്ദ്രജിത്തിന് ക്ലാസ്മേറ്റ്സിന് ശേഷം നര്‍മത്തിന് പ്രാധാന്യമുള്ള വേഷം ലഭിച്ചത് ഈ ചിത്രത്തിലാണ്. ഉജ്ജ്വല പ്രകടനമാണ് എബിയായി ഇന്ദ്രന്റേത്. 


പാലുണ്ണിയും കുഞ്ചാക്കോ ബോബന് സ്ഥിരം വേഷങ്ങളില്‍ നിന്നുള്ള മോചനമാണ്. ജഗതിയുടെ മെമ്പറാണ് 'എല്‍സമ്മ'യിലെ താരം. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ആ വേഷം മനോഹരമാക്കിയിട്ടുണ്ട്. 


ഏറ്റവുമധികം കൈയടിയും ജഗതിയുടെ നമ്പരുകള്‍ക്കാണ്. സുരാജിന്റെ ബ്രോക്കര്‍ തോമാച്ചന്‍ എന്ന വേഷവും അദ്ദേഹത്തിന്റെ സ്ഥിരം വളിപ്പുകളില്‍ നിന്നുള്ള ആശ്വാസമായി. രാജാമണിയുടെ സംഗീതം വല്യ സംഭവമൊന്നുമല്ല. എങ്കിലും ചിത്രത്തില്‍ ഗാനങ്ങള്‍ മുഴച്ചുനില്‍ക്കുന്നില്ല.


 മലയോര സൌന്ദര്യം വിജയ് ഉലകനാഥന്റെ ക്യാമറയില്‍ ഭദ്രമാണ്. തിരക്കഥയില്‍ പുതുമ കൊണ്ടുവരാന്‍ ആയില്ല എന്നതുതന്നെയാണ് ചിത്രത്തിലെ പ്രധാന പോരായ്മ. എങ്കിലും 'മുല്ല'യില്‍ നിന്നൊക്കെ സിന്ധുരാജ് തിരക്കഥയുടെ കാര്യത്തില്‍ വളരെ മുന്നിലാണ്.  


അതേ സമയം ലാല്‍ ജോസ് എന്ന സംവിധായന്റെ കൈത്തഴക്കം മൂലം ചിത്രം ഒരുഘട്ടത്തിലും ഇഴച്ചിലോ ബോറടിയോ അനുഭവപ്പെടാതെ അവതരിപ്പിക്കാനുമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ലാല്‍ ജോസ് മികവില്‍ കുടുംബപ്രേക്ഷകര്‍ക്ക് ചിത്രം ആസ്വാദ്യമാകുമെന്ന് ഉറപ്പാണ്.


Review by Aashish


Elsamma enna aankutty review, elsamma enna aankutty, cinemajalakam review, elsamma review, ann augustine, laljose, rajamani

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.