Monday, September 6, 2010

നല്ല ചിത്രങ്ങള്‍ക്കായി ചാനല്‍ പരിഗണനയില്‍: ശശി പരവൂര്‍



മുഖ്യധാരാ സിനിമാരംഗം ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റിനിര്‍ത്തുന്ന നല്ല സിനിമകള്‍ക്ക് വേദിയായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രമുഖ സംവിധായകനായ ശശി പരവൂര്‍ പറഞ്ഞു. അടുത്തിടെ രൂപവത്കരിച്ച ഫിലിം മേക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഇത്തരം ആലോചന നടക്കുന്നതെന്ന് സംഘടനയുടെ മുഖ്യ ഭാരവാഹി കൂടിയായ അദ്ദേഹം അറിയിച്ചു. 


തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ നാലാം ദിവസം കൈരളി തിയറ്ററില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദര്‍ശനശാലകളിലും വിതരണരംഗത്തും നിലനില്‍ക്കുന്ന കുത്തക മനോഭാവമാണ് നല്ല സിനിമകള്‍ക്ക് വിനയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ പാട് അവ തീയറ്ററുകളിലെത്തിക്കാനാണ്. സര്‍ക്കാര്‍ തിയറ്ററുകള്‍ക്ക് പോലും മുഖ്യധാരാചിത്രങ്ങളോടാണ് ആഭിമുഖ്യം. ഇത്തരം പ്രവണതകള്‍ ചെറുക്കണം.


വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകള്‍ തിയറ്ററില്‍ പോയി കാണാന്‍ പ്രേക്ഷകര്‍ തയാറാകാത്ത നിര്‍ഭാഗ്യകര അവസ്ഥയാണ്. 'കൌരവര്‍' പോലെ സാമ്പത്തികവിജയം നേടിയ മുഖ്യധാരാസിനിമ നിര്‍മിച്ച താന്‍ സംവിധാന രംഗത്തേക്ക് വന്നത് നല്ല സിനിമയോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നും ശശി പരവൂര്‍ പറഞ്ഞു. 


കെ.ബി. വേണു, ടി.ടി. പ്രഭാകരന്‍,  മനോജ്കുമാര്‍ എന്നിവരും സംസാരിച്ചു. സിനിമയുടെ പുതുവഴികള്‍ എന്ന വിഷയത്തില്‍ ഏഴാംതീയതി നടക്കുന്ന സെമിനാര്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 


sasi paravoor, film makers forum, thrissur film festival

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.