Tuesday, September 14, 2010

Pranchiyettan and the saint review: വ്യത്യസ്തനായ പ്രാഞ്ചിയേട്ടന്‍



മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' പേര് കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന പുതുമ അവതരണത്തിലും നിലനിര്‍ത്തുന്ന ചിത്രമാണ്. പ്രത്യേകിച്ച് കോലാഹലങ്ങളോ ഏച്ചുകെട്ടിയ സ്റ്റണ്ടോ പാട്ടുകളോ പഞ്ച് ഡയലോഗുകളോ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ആശ്വാസം. മാത്രമല്ല, സൂപ്പര്‍ സ്ററാര്‍ ചിട്ടവട്ടങ്ങള്‍ പാലിക്കാതെ ലാളിത്യത്തോടെ മമ്മൂട്ടിയെ അവതരിപ്പിക്കാനും രഞ്ജിത്തിനായിട്ടുണ്ട്. 
കാര്യങ്ങളിങ്ങനെയാണെങ്കിലും പെട്ടെന്ന് ഒരുക്കിക്കൂട്ടിയതിന്റെ പ്രശ്നങ്ങള്‍ ചിത്രത്തില്‍ അവിടെയുമിവിടെയും കാണാനുമാകും.


പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തുമ്പോള്‍ അരി പ്രാഞ്ചി എന്നറിയപ്പെടുന്ന ചേറമ്മല്‍ ഈനാശു ഫ്രാന്‍സിസിന് (മമ്മൂട്ടി) സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസിയുടെ ദിവ്യദര്‍ശനം ലഭിക്കുന്നു. അവിടെ വെച്ച് പുണ്യാളനോട് പ്രാഞ്ചി പറയുന്ന തന്റെ ജീവിതവും പ്രശ്നങ്ങളുമാണ് കഥ. 
കൈവെച്ച ബിസിനസിലൊക്കെ നൂറുമേനി ജയം, വേറെ പ്രശ്നങ്ങളില്ല, പെണ്ണു കെട്ടിയിട്ടില്ലെങ്കിലും അതൊരു കുറവായോ ദുഃഖമായോ തോന്നിയിട്ടുമില്ല, എന്നാല്‍ സമൂഹത്തില്‍ ഒരു 'പേര്' ഇല്ല...അതാണ് പ്രാഞ്ചിയുടെ വിഷമം. അരി പ്രാഞ്ചി എന്ന നാട്ടുകാരുടെ വിളിപ്പേര് മാറ്റിയെടുക്കാന്‍ സ്വര്‍ണ്ണക്കടയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ ആരംഭിച്ചിട്ടും കഴിഞ്ഞിട്ടില്ല. 


സ്കൂളില്‍ വെച്ച് അരി പ്രാഞ്ചി എന്ന ഇരട്ടപ്പേരിട്ട ജോസിനോടുള്ള കലി ഇന്നും മാറിയിട്ടില്ല. സ്കൂളിലെ കാമുകി ഓമന ഇപ്പോള്‍ അവന്റെ ഭാര്യ കൂടിയായതും പ്രാഞ്ചിക്ക് താങ്ങാനാവുന്നില്ല. എങ്ങനെയെങ്കിലും പത്മശ്രീ ഒപ്പിച്ച് പേരെടുക്കാന്‍ ശ്രമിച്ചതും പാഴായി, കോടികള്‍ വെള്ളത്തിലുമായി. ഇടക്ക് തന്റെ ജീവിതത്തില്‍ കടന്നുവന്ന പത്മശ്രീ (പ്രിയാമണി) എന്ന പെണ്‍കുട്ടിയോട് ഉള്ളിലൊരു ഇഷ്ടമൊക്കെ തോന്നുന്നുണ്ടെങ്കിലും പറയാന്‍ പേടിയായിരുന്നു. ഇതാണ് പ്രാഞ്ചിയുടെ കഥ...ഇതൊക്കെ പുണ്യാളനോടു വിശദമായി അങ്ങോരു പറയുന്നുമുണ്ട്. 


ഇപ്പോള്‍ ജീവിതത്തില്‍ നിര്‍ണായകമായ ഒരു തിരുമാനത്തിന് അനുവാദം വാങ്ങാനാണ് പ്രാഞ്ചി പുണ്യാളന്റെ മുന്നില്‍ നില്‍ക്കുന്നത്...ആ സംഭവങ്ങളാണ് ക്ലൈമാക്സിലേക്ക് ചിത്രത്തെ നയിക്കുന്നത്. 


തൃശൂര്‍ ഭാഷ പറയുന്ന പ്രാഞ്ചിയായി മമ്മൂട്ടി കസറി. ശരിക്കും പ്രാഞ്ചിയുടെ വണ്‍മാന്‍ഷോയാണ് ചിത്രത്തില്‍. ലാളിത്യമാണ് പ്രാഞ്ചി എന്ന കഥാപാത്രത്തിന്റെ അഴക്. 
ഒപ്പം സഹായിയായി എത്തുന്ന ഇന്നസെന്റിന്റെ മേനോനും രസകരമായ കഥാപാത്രമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും നര്‍മവും നന്നായി പ്രേക്ഷകരിലെത്തുന്നുമുണ്ട്. ഇന്നസെന്റിന് അടുത്തിടെ ലഭിച്ച ശ്രദ്ധേയ വേഷണമാണ് മേനോന്‍. 



സിദ്ധിഖും ഖുഷ്ബുവും യഥാക്രമം ജോസും ഓമനയുമായി പക്വമായ അഭിനയം കാഴ്ചവെച്ചു. പുണ്യാളനായി എത്തിയ ജെസ്സെ ഫോക്സ് അലനും അദ്ദേഹത്തിനു വേണ്ടിയുള്ള രഞ്ജിത്തിന്റെ ഡബ്ബിംഗും നന്നായി. 
പ്രിയാമണിയുടെ പത്മശ്രീയും മോശമായില്ല. എങ്കിലും ആ കഥാപാത്ര രൂപീകരണത്തില്‍ എന്തൊക്കൊയോ പാളിച്ചകള്‍ അനുഭവപ്പെടും. അവസാനഘട്ടത്തില്‍ പ്രാഞ്ചിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന പോളി എന്ന വിദ്യാര്‍ഥിയായി മാസ്റ്റര്‍ ഗണപതിയുമുണ്ട്. ഈ കഥാപാത്രത്തിന് ചിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ടെങ്കിലും അവന്റെ വിഷമങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തൊടും വിധം കാഴ്ചവെക്കപ്പെട്ടിട്ടില്ല.
ചുരുക്കത്തില്‍ പ്രാഞ്ചി എന്ന കഥാപാത്രത്തെ സൂക്ഷ്മമായി തന്നെ രഞ്ജിത്ത് തന്റെ തിരക്കഥയിലും സംവിധാനമികവിലും അവതരിപ്പിച്ചിട്ടുണ്ട്. അതിനിടക്ക് പെട്ട് പ്രാധാന്യം ലഭിക്കേണ്ട ചില കഥാപാത്രങ്ങള്‍ മുങ്ങിപ്പോയി എന്നതാണ് സത്യം. 


ക്ലൈമാക്സില്‍ വെളിപ്പെടുന്ന പോളിയുടെ ജീവിതപ്രശ്നങ്ങള്‍ അവനെക്കുറിച്ച് മനസിലാക്കിയ ഹെഡ് മാസ്റ്ററും പ്രാഞ്ചിയും ഒന്നും ആദ്യം അറിഞ്ഞില്ല/ അറിയാന്‍ ശ്രമിച്ചില്ല എന്നത് ചിത്രത്തിലെ ഏറ്റവും ബാലിശമായ, യുക്തിരഹിതമായ കണ്ണിയായി പോയി. രഞ്ജിത്തിനെപോലൊരു സംവിധായകന്റെ ചിത്രത്തില്‍ ഒരിക്കലും വന്നുകൂടാത്ത അബദ്ധം! 
എങ്കിലും മലയാള സിനിമയിലെ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നടക്കാന്‍, അതും ലളിതവും അസ്വാദ്യവുമായ രീതിയില്‍ ശ്രമിച്ച രഞ്ജിത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. 


Review by Aashish


pranchiyettan and the saint, pranchiyettan review, mammootty, cinemajalakam review, khushboo, priyamani, innocent, director renjith, pranchiyettan gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.