Thursday, September 23, 2010

മലയാള സിനിമയില്‍ ആരോപണ പെരുമഴ


സംഘടനകള്‍ തമ്മിലെ പ്രശ്നങ്ങള്‍ അടങ്ങിയിട്ടില്ലെങ്കിലും തല്‍ക്കാല ശമനമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ മലയാള സിനിമയില്‍ വ്യക്തികള്‍ തമ്മിലെ പരസ്പര ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴ.


സംവിധായകന്‍ വിനയനെതിരെ നിര്‍മാതാവ് റൂബന്‍ ഗോമസിന്റെ ആരോപണം, അതിനുള്ള വിനയന്റെ മറുപടി, മമ്മൂട്ടിക്കെതിരെ നിര്‍മാതാവ് ഹെന്റിയുടെ ആരോപണം, സംവിധായകന്‍ രൂപേഷ് പോള്‍ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ ആരോപണം, അതിന് നിര്‍മാതാക്കളുടെ മറുപടി തുടങ്ങി വിവാദങ്ങള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. 


'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് റൂബന്‍ ഗോമസാണ് സംവിധായകന്‍ വിനയനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തുള്ളത്. വിനയന്‍ തന്നെ കബളിപ്പിച്ചെന്നും ഒന്നരക്കോടിക്കു തീര്‍ത്തു തരാമെന്ന് പറഞ്ഞ ചിത്രത്തിന് മൂന്നുകോടിയോളം ചെലവായെന്നുമാണ് കഴിഞ്ഞദിവസം റൂബന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം താനറിയാതെ വില്‍ക്കാന്‍ വിനയന്‍ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നു. 
എന്നാല്‍ റൂബന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റ് കിട്ടിയതിനാല്‍ അന്നേഹം മലക്കം മറിഞ്ഞതാണെന്നും വിനയന്‍ പറഞ്ഞു. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നവരുടെ പക്ഷത്ത് ചേര്‍ന്ന റൂബന്‍, അവര്‍ പറഞ്ഞ പ്രകാരം വാര്‍ത്താസമ്മേളനം നടത്തിയതാണെന്നും വിനയന്‍ പറയുന്നു. 'യക്ഷിയും ഞാനും' റൈറ്റ്സ് അടക്കം ലാഭമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


'വന്ദേ മാതരം' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഹെന്റി ആണ് മമ്മൂട്ടിക്കെതിരെ ആരോപണമുന്നയിച്ചത്. മമ്മൂട്ടി പ്രകടനം ചിത്രത്തില്‍ മോശമാണെന്ന് നിര്‍മാതാവും തിരക്കഥാകൃത്തുമായ അദ്ദേഹം പറയുന്നു. ഇതുമൂലം ലക്ഷങ്ങള്‍ മുടക്കിയെടുത്ത സീനുകള്‍ ഒഴിവാക്കേണ്ടി വന്നെന്നും ഹെന്റി ഒരു ചാനല്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. 
ഇനി മമ്മൂട്ടിയെപോലെ ഒരു നടനെവെച്ച് ചിത്രമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിയ 'യവനിക' യുടെ നിര്‍മാതാവായിരുന്ന ഹെന്റി 25 വര്‍ഷത്തിന് ശേഷമാണ് മലയാള ചിത്രം നിര്‍മിക്കുന്നത്. 
ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ മമ്മൂട്ടിക്ക് കൃത്യമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ ക്ലൈമാക്സ് ശരിയായില്ലെന്നും ഹെന്റി ആരോപിക്കുന്നു. മമ്മൂട്ടി ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.


 തന്നെ അംജദ് എന്ന നിര്‍മാതാവ് കബളിപ്പിച്ചെന്നാണ് സംവിധായകന്‍ രൂപേഷ് പോള്‍ കഴിഞ്ഞ വാരം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. എന്നാല്‍ രൂപേഷ് സാനപത്തികമായി കബളിപ്പിച്ചെന്ന് അംജദും മറ്റൊരു നിര്‍മാതാവായ വില്‍ഫ്രഡ് ഗോമസും പ്രത്യാരോപണവുമായി എത്തി. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന് രൂപേഷ് വിശദീകരിക്കുന്നു.


 കുറച്ചുനാള്‍ മുന്‍പ് നടന്‍ പൃഥ്വിരാജ് ഒരു ടി.വി അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ 'വര്‍ഗം' എന്ന ചിത്രത്തിന്റെ നിര്‍മാതാവും ആരോപണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. 


മുന്‍ മാസങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന, വിതരണക്കാരുടെ സംഘടന, തിയറ്ററുടമകളുടെ സംഘടന, ഫിലിം ചേമ്പര്‍ തുടങ്ങിയവരാണ് പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ടായിരുന്നത്. 
ഇവരൊക്കെ തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചില്ലെങ്കിലും തല്‍കാലം വെടിനിര്‍ത്തിയ അവസ്ഥയിലാണ്. ഇതിനിടെയാണ് വ്യക്തിപരമായ ആരോപണങ്ങള്‍ മലയാള സിനിമാ രംഗത്തെ കലുഷിതമാക്കുന്നത്.


vinayan, ruban gomez, yakshiyum njanum, vande mataram, mammootty, henry

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.