Friday, September 10, 2010

വേണു നാഗവള്ളിക്ക് കണ്ണീരോടെ വിട


വേണു നാഗവള്ളിക്ക് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമായ വേണു നാഗവള്ളിക്ക് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.

 കരള്‍ സംബന്ധ രോഗത്തിന് ചികില്‍സയിലായിരുന്ന വേണു നാഗവള്ളിയുടെ ആരോഗ്യസ്ഥിതി വ്യാഴാഴ്ച പുലര്‍ച്ചെ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രാവിലെ കവടിയാറിലെ വീട്ടിലെത്തിച്ച ഭൌതികശരീരം ഉച്ച മുതല്‍ വൈകിട്ട് 3.45 വരെ  വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

 അദ്ദേഹത്തിന് അവസാന പ്രണാമം അര്‍പ്പിക്കാന്‍ സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പൊതുജനങ്ങളുമടക്കം നീണ്ട നിര തന്നെ എത്തിയിരുന്നു. അവിടെ നിന്ന് ശാന്തികവാടത്തിലെത്തിച്ച് വൈകിട്ട് നാലോടെ മകന്‍ വിവേക് ചിതക്ക് തീകൊളുത്തി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധിപേര്‍ എത്തി.

മലയാളത്തിലെ നായക സങ്കല്‍പങ്ങള്‍ക്ക് വിഷാദച്ചുവയുള്ള പുത്തന്‍ മുഖം പകര്‍ന്ന് എന്‍പതുകളില്‍ തിളങ്ങിയ അദ്ദേഹം തിരക്കഥാകൃത്തത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 'ഭാര്യ സ്വന്തം സുഹൃത്താ'ണ് അവസാനം സംവിധാനം ചെയ്ത സിനിമ. അവസാനം അഭിനയിച്ചത് 'ഭാഗ്യദേവത'യിലും. 


വേണുനാഗവള്ളിയുടെ പത്നി മീരയെ മോഹന്‍ലാല്‍ ആശ്വസിപ്പിക്കുന്നു
വേണുനാഗവള്ളിയുടെ മൃതദേഹത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നു



വേണുനാഗവള്ളിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടി എത്തിയപ്പോള്‍



1 comments:

Anonymous said...

adaranchalikal

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.