Sunday, August 22, 2010

യക്ഷിയും ഞാനും review: പേടിക്കണോ ഈ യക്ഷിയെ?മലയാളസിനിമലോകത്തെ വ്യവസ്ഥാപിത സംഘടനകളെ വെല്ലുവിളിച്ച് പുതുമുഖങ്ങളെ എല്ലാ മേഖലയിലും പരീക്ഷിച്ച വിനയന്റെ 'യക്ഷിയും ഞാനും' പറയുന്നത് പണ്ടേ കേട്ട യക്ഷിക്കഥകളുടെ പുതിയ രൂപം മാത്രമാണ്. മുമ്പ്  ഇതേ സംവിധായകന്‍േറതായി വന്ന യക്ഷി, ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് സാങ്കേതികമായോ കലാപരമായോ പ്രമേയപരമായ ഒരു വിധത്തിലും മുന്നിലല്ല എന്നതാണ് പ്രധാന ന്യൂനത. എങ്കിലും എല്ലാ രംഗത്തും പുതിയ ആളുകളെ പരീക്ഷിക്കാന്‍ കാണിച്ച തന്‍േറടത്തിന് സംവിധായകന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാം.

സഹോദരിയുടെ ശസ്ത്രക്രിയക്ക് പണം തേടി ഗുണ്ടാപ്പണിക്കിറങ്ങിയ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ശ്യാം (ഗൗതംകൃഷ്ണ). ഒരു പ്രത്യേക സാഹചര്യത്തില്‍ മന്ത്രി മേലേടത്ത് മാധവന്റെ (സ്ഫടികം ജോര്‍ജ്) മകന്‍ രഞ്ജിത് (ജൂബിന്‍ ദേവ്) നല്‍കുന്ന ക്വട്ടേഷന്‍ ഏറ്റെടുത്ത് ജോണി എന്ന യുവാവിനെ കൊല്ലാന്‍ ഇയാള്‍ ഇറങ്ങിത്തിരിക്കുന്നു. മന്ത്രിയുടെ മകളായ അശ്വതിയെ (ശിവാനി) പ്രണയിച്ചതാണ് ജോണി ചെയ്ത കുറ്റം. ക്വട്ടേഷന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളില്‍ ശ്യാമിന് ഒളിവില്‍ പോകേണ്ടിവരുന്നു. താമസിക്കാന്‍ മന്ത്രി പുത്രന്‍ ശ്യാമിന് നല്‍കുന്ന സങ്കേതമാകട്ടെ കാട്ടിനുള്ളിലെ ബംഗ്ലാവും. ഇവിടെ പ്രേതബാധയുണ്ടെന്ന് ഭയന്ന് ആരും കടന്നുവരാത്തതിനാല്‍ ഒളിച്ചുപാര്‍ക്കാന്‍ സുരക്ഷിതത്വവും ഉണ്ടാകുമെന്നതായിരുന്നു കാരണം. 

അവിടെനിന്ന് ലഭിക്കുന്ന ഒരു മോതിരം ശ്യാം അണിയുന്നു. പിറ്റേന്ന് അയാള്‍ പുഴയില്‍ കുളിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടി ആതിര (മേഘന)യെ പരിചയപ്പെടുന്നു. അടുത്തുതന്നെ താമസിക്കുന്നവളാണെന്ന് പരിചയപ്പെടുത്തിയ ആതിരയും ശ്യാമുമായി സൗഹൃദത്തിലാവുന്നു. ഇതിനിടെ അടുത്തുതന്നെയുള്ള മേനോന്‍ മുതലാളി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. വീണ്ടും കഥയിലുണ്ടാകുന്ന വഴിത്തിരിവില്‍ പോലീസ് പിടികൂടിയ ശ്യാമിനെ രക്ഷിക്കാന്‍ ആതിര നിമിത്തമാകുന്നു. 

പിന്നീടാണ് ശ്യാമറിയുന്നത് ആതിര സാധാരണ പെണ്‍കുട്ടിയല്ല, യക്ഷിയാണെന്ന്. അവള്‍ അവനോട് തന്റെ ദുരന്തകഥ പറയുന്നു, തന്റെയും കാമുകനായ അനന്തു (റിക്കി)വിന്റെയും മരണത്തിനുത്തരവാദികള്‍ ആരെന്ന് പറയുന്നു. തുടര്‍ന്നങ്ങോട്ട് യക്ഷിയും ശ്യാമും ഒരുവശത്തും ശത്രുക്കള്‍ മാന്ത്രികരായ നാരായണ്‍ജി (തിലകന്‍)യുടെയും വാല്‍മീകി (മാള അരവിന്ദന്‍)യുടേയും സഹായത്തോടെ മറുവശത്തും നിലയുറപ്പിക്കുന്നതോടെ കഥ സംഭ്രമജനകമാവുകയാണ്...

കഥയുടെ തന്തു പറഞ്ഞപ്പോള്‍ തന്നെ മനസിലായിക്കാണും  പ്രണയവും ഹൊററും അല്‍പം ഹാസ്യവുമാണ് സംവിധായകന്‍ മനസില്‍ കണ്ടതെന്ന്. അതുപറയാന്‍ വല്യ പുതുമയൊന്നും ഇല്ലെങ്കിലും മേല്‍പ്പറഞ്ഞ കഥ തന്നെ ധാരാളവുമായിരുന്നു. എന്നാല്‍ നല്ല തിരക്കഥയുടെ അഭാവവും അലക്ഷ്യമായ സംവിധാനവും ചിത്രത്തിന്റെ ഗതി മാറ്റിയെന്നു തന്നെ പറയേണ്ടിവരും. 

നായിക മേഘനാരാജ് തന്നെയാണ് ഏറ്റവും വലിയ മേന്മയും തുറുപ്പുചീട്ടും. അഭിനയത്തിന്റെ കാര്യത്തിലും ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തിലും നായിക മികച്ചുനിന്നു. കന്നഡക്കാരിയാണെങ്കിലും ഡയലോഗ് പ്രസന്‍േറഷനിലും ചുണ്ടനക്കലിലും പോരായ്മ തോന്നിയതുമില്ല. യക്ഷിയായും കാമുകിയായുമൊക്കെ മേഘന കഥാപാത്രത്തിന് ചേരുന്നവളുമായി.

അനശ്വര സംവിധായകന്‍ രവീന്ദ്രന്റെ മകന്‍ സാജന്‍ മാധവും തന്റെ കഴിവ് ചിത്രത്തില്‍ തെളിയിച്ചു. അടുത്തിടെ പുറത്തുവന്നതില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള ഈണങ്ങള്‍ തന്നെ അദ്ദേഹം യക്ഷിക്കായി ഒരുക്കി. നാലു ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റുകള്‍ തന്നെയാണ്. ഗാനചിത്രീകരണവും വിനയന്‍ മോശമാക്കിയില്ല. ദൃശ്യഭംഗിയും നായികയുടെ ഗ്ലാമറും ഗാനങ്ങളില്‍ കൊണ്ടുവരാന്‍ സംവിധായകനായി.എന്നാല്‍ ഹൊറര്‍, കോമഡി രംഗങ്ങള്‍ നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല. ആദ്യാവസാനം തീയറ്ററിലെ സ്പീക്കറുകള്‍ ശബ്ദം ഉണ്ടാക്കുന്നുണ്ട് എങ്കിലും ആരെങ്കിലും ഒരു സീനിലെങ്കിലും പേടിച്ചോ എന്നറിയില്ല. 

നായകനായി വന്ന ഗൗതം രൂപം കൊണ്ട് ശ്യാമെന്ന കഥാപാത്രത്തിന് ചേരുന്നുണ്ടെങ്കിലും അഭിനയത്തില്‍ ഇനിയുമേറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. മദ്യപിച്ചുള്ള രംഗങ്ങളൊക്കെ അസഹ്യമാണ്. ഉപനായകന്‍ അനന്തുവിനെ അവതരിപ്പിച്ച റിക്കിയും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജൂബിന്‍ രാജന്‍ പി ദേവും ശരാശരി നിലവാരം പുലര്‍ത്തി. ഒന്നുകൂടി ശ്രദ്ധിച്ചാല്‍ നല്ല കഥാപാത്രങ്ങളെ ഇവര്‍ക്ക് മലയാള സിനിമക്ക് സമ്മാനിക്കാനാവും. മറ്റു പുതുമുഖങ്ങളാരും പരാമര്‍ശിക്കപ്പെടാന്‍ പോലും യോഗ്യത നേടുന്നില്ല. കാര്യമായി അഭിനയ സാധ്യതയൊന്നുമില്ലെങ്കിലും തിലകന്‍, ക്യാപ്ടന്‍ രാജു, സ്ഫടികം ജോര്‍ജ്, മാള തുടങ്ങിയ പരിചയ സമ്പന്നരായ നടന്‍മാരുടെ സാന്നിധ്യം പല സമയത്തും ആശ്വാസമാകുന്നുണ്ട്.ചി്രതത്തിലെ ഏറ്റവും വലിയ പോരായ്മ അതിലെ കോമഡി ടീമാണ്.

 യാതൊരു നിലവാരവുമില്ലാത്ത കോമഡി രംഗങ്ങള്‍ കൂടിയായതോടെ അവരുടെ ഉള്ള നിലവാരം കൂടി തകര്‍ന്നുകിട്ടി. ചിലരംഗങ്ങളില്‍ നവാസിന്റെ ക്യാമറാ മികവ് ദൃശ്യമാകുന്നുണ്ടെങ്കിലും ആദ്യന്തം അതുനല്‍കാനാവുന്നില്ല. എഡിറ്റിംഗിലും സ്വരച്ചേര്‍ച്ചയില്ലായ്മയുണ്ട് പലഘട്ടത്തിലും. ഗ്രാഫിക്‌സും ചിലയിടങ്ങളില്‍ നന്നായിട്ടുണ്ട്.

സംവിധായകന്‍ വിനയനോടാണ് ഇനിയുള്ള വാചകങ്ങള്‍. മലയാളസിനിമയിലെ രാജാക്കന്‍മാരെ വെല്ലുവിളിച്ച് ഒരു ചി്രതം ഒറ്റയാനായി പുറത്തിറക്കാന്‍ സാധിച്ചതില്‍ താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷേ, ഇക്കാണിച്ച ചങ്കൂറ്റം ചിത്രത്തിന്റെ മേന്‍മ കുറച്ചെങ്കിലും നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ യക്ഷി സൂപ്പര്‍ മെഗാ ഹിറ്റാകുമെന്ന് തീര്‍ച്ചയായിരുന്നു. കാരണം, എല്ലാത്തരം ചി്രതങ്ങളും പരീക്ഷിച്ച വ്യക്തിയാണ് വിനയന്‍. മഹത്തരമൊന്നുമല്ലെങ്കിലും സാധാരണ പ്രേക്ഷകര്‍ അവയില്‍ പലതും രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. 

അത്തരത്തില്‍ ഈ മേഖലയില്‍ പരിണതപ്രജ്ഞന്‍ ആയ വിനയനില്‍ നിന്ന് തന്റെ പ്രസ്റ്റീജ് ചിത്രത്തില്‍ കൂടുതല്‍ മേന്‍മ പ്രതീക്ഷിച്ചുപോയി പാവം പ്രേക്ഷകര്‍. തീര്‍ച്ചയായും, ചിത്രത്തിന്റെ നിര്‍മാണഘട്ടത്തില്‍ നേരിട്ട എതിര്‍പ്പുകളും പ്രതിസന്ധികളും, എല്ലാരംഗത്തും പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിലെ റിസ്‌കും മറന്നല്ല ഇതുപറയുന്നത്. നല്ലൊരു തിരിച്ചുവരവിനുള്ള, മധുരപ്രതികാരത്തിനുള്ള അവസരമാണ് വിനയന്‍ നഷ്ടപ്പെടുത്തിയത്. 

review by Aashishyakshiyum njanum review, malayalam film review, malayalam film news, cinemajalakam review, vinayan film, meghana, yakshiyum njanum, yakshiyum njanum meghna, cinemajalakam.webs review, aashish review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.